Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂൽഭൂഷനു പകരം മറ്റൊരു ഭീകരനെ തരാമെന്ന് ‘ഒരാൾ’ പറഞ്ഞു: പാക്ക് മന്ത്രി

Khawaja-Asif

ന്യൂയോർക്ക്∙ പാക്ക് ജയിലിൽ കഴിയുന്ന ഇന്ത്യക്കാരൻ കുൽഭൂഷൺ ജാദവിനെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ചിലർ തന്നെ സമീപിച്ചിരുന്നതായി പാക്ക് വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. കുൽഭൂഷണിനു പകരമായി 2014ൽ പെഷാവർ സ്കൂളിൽ ആക്രമണം നടത്തിയ ഭീകരനെ കൈമാറാമെന്നായിരുന്നു വാഗ്ദാനം. ഒരു രാജ്യത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് തന്നെ സമീപിച്ചതെന്നു പറഞ്ഞ ആസിഫ്, അതാരാണെന്നു വെളിപ്പെടുത്താൻ തയാറായില്ല.

പക്ഷേ, പെഷാവറിലെ സൈനിക സ്കൂളിൽ ആക്രമണം നടത്തിയ ഭീകരർ നിലവിൽ അഫ്ഗാനിസ്ഥാന്റെ പിടിയിലാണെന്നു ആസിഫ് പറഞ്ഞു. ന്യൂയോർക്കിൽ ഏഷ്യ സൊസൈറ്റിയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനുമായി പാക്കിസ്ഥാൻ നടത്തുന്ന ശ്രമങ്ങളും പരിപാടിയിൽ ചർച്ചയായി. നിലവിലെ സ്ഥിതിക്കു മാറ്റമുണ്ടാകുന്നതുവരെ ഞങ്ങൾ പോരാട്ടം തുടരും. പാക്കിസ്ഥാനും അഫിഗാനിസ്ഥാനും സമാധാനവും സ്ഥിരതയും നൽകാൻ ഒരു രാജ്യത്തിനും സാധിക്കില്ല. അഫ്ഗാനിസ്ഥാനിലെ സ്ഥിതി കൂടുതൽ മോശമായിക്കൊണ്ടിരിക്കുകയാണെന്നും ആസിഫ് പറഞ്ഞു.

മഹാരാഷ്ട്ര സ്വദേശിയായ കുൽഭൂഷൻ ജാദവ് ഇന്ത്യൻ നാവികസേനയിൽനിന്നു കമാൻഡറായി വിരമിച്ചയാളാണ്. തുടർന്ന് ഇറാനിൽ വ്യാപാരം നടത്തുകയായിരുന്ന അദ്ദേഹത്തെ 2016 മാർച്ച് മൂന്നിനാണ് പാക്കിസ്ഥാൻ പിടികൂടുന്നത്. പാക്കിസ്ഥാനിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ടുവെന്നായിരുന്നു ആരോപണം. എന്നാൽ ഇറാൻ അതിർത്തിയിൽനിന്നും കുൽഭൂഷനെ പാക്ക് സൈന്യം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് ഇന്ത്യയുടെ ആരോപണം.

പിന്നീട് ഇക്കഴിഞ്ഞ ഏപ്രിൽ 10ന് ഇന്ത്യയ്ക്കായി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ജാദവിനെ പാക്കിസ്ഥാനിലെ സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ചു. ഇന്ത്യ അപ്പീൽ നൽകിയതിനെ തുടർന്ന് കുൽഭൂഷണിന്റെ വധശിക്ഷ രാജ്യാന്തര കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.