Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവഹൃദയങ്ങളെ ത്രസിപ്പിച്ച ‘പ്ലേബോയ്’സ്ഥാപകൻ ഹ്യൂഗ് ഹെഫ്‌നർ ഇനി ഓർമ

hugh-hefner ഹ്യൂ ഹെഫ്നർ

ലൊസാഞ്ചലസ്∙ ലോക പ്രശസ്‌ത അഡൽറ്റ് മാഗസിൻ ‘പ്ലേബോയ്’ ഉടമ ഹ്യൂഗ് ഹെഫ്നർ(91) അന്തരിച്ചു. അറുപതുകളിൽ തന്റെ മാഗസിനിലൂടെ ‘ഇക്കിളിവായന’യിൽ ചരിത്രം സൃഷ്ടിച്ച ഹെഫ്നർ ‘പ്ലേബോയ് മാൻഷൻ’ എന്ന സ്വന്തം വസതിയിലാണ് അന്തരിച്ചതെന്ന് പ്ലേബോയ് എന്റർപ്രൈസസ് അറിയിച്ചു.

Hugh Hefner ഹ്യൂഗ് ഹെഫ്നർ കാമുകിക്ക് ഒപ്പം.

പ്രായപൂർത്തിയായവർക്ക് ‘ഗുണമേന്മ’ഏറെയുള്ള പ്രസിദ്ധീകരണം പുറത്തിറക്കി പ്രശസ്തിയിലേക്കു കുതിച്ച ഹെഫ്നർ ലോകപ്രശസ്‌ത ‘ബാച്ചിലർ’മാരിലൊരാൾ കൂടിയായിരുന്നു. ഒരേ സമയം ഏഴോളം സ്‌ത്രീകളുമായി ‘ഡേറ്റിങ്’ നടത്തി ലോകമെങ്ങുമുള്ള പുരുഷന്മാരുടെ ആരാധനയും അസൂയയും ഏറ്റുവാങ്ങേണ്ടിവന്ന ബാച്ചിലർ! തൊണ്ണൂറാം വയസ്സിലും യുവതികളായ മോഡലുകൾക്കൊപ്പം ജീവിതം ആസ്വദിച്ച് ‘പ്ലേബോയ്’ ആയി തന്നെയാണ് ഹെഫ്നറുടെ വിടവാങ്ങൽ.

Hugh Hefner

ഹോളിവുഡ് നടിമാരടക്കമുള്ള സുന്ദരികളുടെ ചുടുചൂടൻ ചിത്രങ്ങൾ, കവർ ഗേൾ ആകാൻ ക്യൂ നിൽക്കുന്ന യുവമോഡലുകൾ, അല്‌പം ‘സ്‌പൈസ് ആഗ്രഹിക്കുന്ന ആണുങ്ങൾക്ക് ആനന്ദിക്കാൻ ഇതിൽപരം എന്തുവേണം. ‘മറ യില്ലാത്ത ചിത്രങ്ങളും എഴുത്തുമായിറങ്ങിയ പ്ലേബോയ് അമേരിക്കയിലെ ഏറ്റവും പ്രശസ്‌തമായ മെൻസ് മാഗസിനായത് അങ്ങനെയാണ്. 1953ൽ ആദ്യലക്കത്തിന്റെ കവർ ഗേൾ ഹോളിവുഡിന്റെ എക്കാലത്തെയും രോമാഞ്ചമായിരുന്ന സാക്ഷാൽ മർലിൻ മൺറോ. 1963 ൽ അശ്ലീലചിത്ര വിതരണം സംബന്ധിച്ച നിയമക്കുരുക്കിൽ ഹെഫ്നർ അകപ്പെട്ടെങ്കിലും നിയമവഴിയിൽ മികവുകാട്ടി കുറ്റവിമുക്തനായി. ലോകത്തിലെ ഒന്നാംകിട ബ്രാൻഡുകളിലൊന്നാക്കി ‘പ്ലേബോയി’യെ മാറ്റിമറിച്ചാണ് ഹെഫ്നറുടെ മടക്കം.

Hugh Hefner and Crystal Harris ഹ്യൂഗ് ഹെഫ്നറും മൂന്നാം ഭാര്യ ക്രിസ്റ്റൽ ഹാരിസും.

പ്ലേബോയ് ചിത്രങ്ങളേക്കാൾ ‘സ്‌പൈസി യായിരുന്നു അമരക്കാരന്റെ ജീവിതം. കണക്കില്ലാത്ത കാശ്. ആകെ ഭാര്യമാർ മൂന്ന്. മൂന്നിലും കൂടി മക്കൾ നാല്. ആദ്യവിവാഹം 1949ൽ. ആദ്യഭാര്യ മിൽഡ്രസ് വില്യംസുമായി 1959 ൽ വിവാഹമോചനം. പ്ലേബോയ് മോഡലായിരുന്ന കിംബർലി കൊനാർഡിനെ 1990 ൽ രണ്ടാം ഭാര്യയാക്കി. ഏറെക്കാലം വേർപിരിഞ്ഞു ജീവിച്ച ശേഷം 2010 ൽ ഇവരുമായുള്ള ബന്ധം വേർപെടുത്തി. പ്ലേബോയ് മാസികയുടെ 2009 ലെ ‘മിസ് ഡിസംബർ’ ആയിരുന്ന, തന്നെക്കാൾ 60 വയസ് പ്രായം കുറഞ്ഞ ക്രിസ്റ്റൽ ഹാരിസിനെ പിന്നീട് വിവാഹം ചെയ്യാനൊരുങ്ങിയെങ്കിലും ഹാരിസ് വിവാഹത്തിൽ നിന്ന് പിൻമാറി. തൊട്ടുപിന്നാലെ പ്ലേബോയ് മാസികയുടെ കവർചിത്രമായി ഹാരിസിനെ അവതരിപ്പിച്ചാണ് ഹെഫ്നർ ഇതാഘോഷിച്ചത്. ‘റൺഎവേ ബ്രൈഡ്’ എന്ന പോസ്റ്റർ കൊണ്ട് നഗ്നത മറച്ച നിലയിൽ ഹാരിസിനെ മാസികയുടെ കവർ ചിത്രമാക്കി, കാമുകിയുടെ ഒളിച്ചോട്ടം പോലും ഹെഫ്നർ വിറ്റു കാശാക്കിയെന്നു സാരം. 2012 ൽ ഹാരിസ് തന്നെ ഹെഫ്നറുടെ മൂന്നാം ഭാര്യയായി.

Hugh Hefner

ഇന്റർനെറ്റ് വന്നതോടെ അശ്ലീല സാഹിത്യത്തിനും പടങ്ങൾക്കും നെറ്റ് മതിയെന്നായി. വാട്സാപ്പും യൂട്യൂബും മറ്റു പലതും ഉള്ളപ്പോൾ പ്ലേബോയ്ക്ക് ‘കാഴ്ചക്കാർ’ കുറഞ്ഞു. 72 ലക്ഷം കോപ്പികളായിരുന്ന 1972ലെ പ്രചാരം പത്തു ലക്ഷത്തിലും താഴെയായി. ക്ളിപ് യുഗം വന്നതോടെ പ്ലേബോയിൽ നഗ്ന പടങ്ങളുടെ പ്രസിദ്ധീകരണം നിർത്തി പകരം മോഡലുകളുടെ മനോഹര പടങ്ങൾ മാത്രമാക്കി പിടിച്ചുനിൽക്കാൻ ഹെഫ്നർ ശ്രമിച്ചു. ഓൺലൈൻ വരിക്കാർ അതോടെ കൂടുകയും ചെയ്തു.

Hugh Hefner

ഇന്റർനെറ്റ് കാലത്തും പ്രസക്‌തി കുറഞ്ഞിട്ടില്ലെന്നു വ്യക്‌തമാക്കി ആപ്പിളിന്റെ കുഞ്ഞൻ കംപ്യൂട്ടർ ഐപാഡിലൂടെ യുവതലമുറയ്‌ക്കു മുന്നിലേക്ക് 2011 ൽ കടന്നെത്തി. അൻപത്തേഴു വർഷത്തെ മുഴുവൻ ലക്കങ്ങളും ഐപാഡിലെ ‘ഐപ്ലേബോയ്’ എന്ന വെബ് സേവനത്തിലൂടെ നൽകി. ഏതാണ്ട് 700 ലക്കങ്ങളിലായുള്ള 1,30,000 പേജുകൾ. ചിത്രങ്ങളും ലേഖനങ്ങളുമെല്ലാമെല്ലാം. മാസം എട്ടു ഡോളറും വർഷം 60 ഡോളറുമായിരുന്നു ഐപാഡിൽ പ്ലേ ബോയ് കാണാനുള്ള വരിസംഖ്യ.

Hugh Hefner

1926 എപ്രിൽ ഒൻപതിന് ഷിക്കാഗോയിൽ ജനിച്ച ഹെഫ്നർ 1944–46 കാലയളവിൽ യുഎസ് ആർമിയുടെ സൈനികപത്രത്തിൽ റിപ്പോർട്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1949 ൽ മനഃശാസ്ത്രത്തിൽ ബിഎ നേടിയ അദ്ദേഹം 1953 ൽ പുരുഷന്മാർക്ക് മികവുറ്റ ഒരു പ്രസിദ്ധീകരണം അവതരിപ്പിക്കുന്നു എന്ന അവകാശവാദവുമായാണ് ‘പ്ലേബോയ്’ക്കു തുടക്കമിട്ടത്. സ്വന്തമായുണ്ടായിരുന്ന 600 ഡോളറിനൊപ്പം അമ്മയിൽനിന്ന് കടംവാങ്ങിയ ആയിരം ഡോളറുമായിട്ടായിരുന്നു ‘പ്ലേബോയ്’ക്ക് തുടക്കമിട്ടത്. ‌

Hugh Hefner

1953 ൽ മർലിൻ മൻറോയുടെ സെന്റർഫോൾഡുമായി തുടക്കം കുറിച്ച് യുവാക്കളുടെ ഹൃദയങ്ങളിൽ ദശാബ്ദങ്ങളോളം ചൂടുപടർത്തിയായിരുന്നു ജൈത്രയാത്ര. ഇന്റർനെറ്റിൽ നഗ്നത വ്യാപിക്കുന്നത് ചൂണ്ടിക്കാട്ടി ഇനി സ്ത്രീകളുടെ നഗ്നചിത്രം ‘പ്ലേബോയ്’ പ്രസിദ്ധീകരിക്കില്ലെന്ന പ്രഖ്യാപനത്തോടെ 2015 ൽ ഹെഫ്നർ ശ്രദ്ധ നേടുകയും ചെയ്തു. ട്വിറ്ററിലെ പ്ലേബോയ് ഹാൻഡിലിൽ #RIPHef എന്ന ഹാഷ്‌ടാഗിലാണ് നിര്യാണവാർത്ത നൽകിയത്. ടെലിവിഷന്‍, റസ്റ്ററന്‍റ് എന്നിവയ്ക്കു പുറമെ ഹെഫ്നർ പ്ലേബോയ് ബ്രാന്‍ഡില്‍ വിവിധ ഉല്‍പന്നങ്ങളും ഇറക്കിയിരുന്നു.