Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രഭു ഇടഞ്ഞു; ശിവാജി ഗണേശൻ അനുസ്മരണത്തിൽ പങ്കെടുക്കാൻ പനീർസെൽവം

Prabhu-Panneerselvam

ചെന്നൈ∙ നടൻ ശിവാജി ഗണേശന്റെ സ്മാരകം ചെന്നൈയിൽ ഉദ്ഘാടനം െചയ്യുന്ന ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഉപമുഖ്യമന്ത്രി ഒ.പനീർസെൽവവും പങ്കെടുക്കാത്തതിൽ പ്രതിഷേധവുമായി ഗണേശന്റെ മകനും നടനുമായ പ്രഭു രംഗത്ത്. പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന ഇരുവരുടെയും തീരുമാനം തന്നെ സംബന്ധിച്ച് അപമാനകരമാണെന്ന് ചൂണ്ടിക്കാട്ടി പ്രഭു സംസ്ഥാന വാർത്താവിതരണ പ്രക്ഷേപണ മന്ത്രിക്കു കത്തയച്ചു.

സംഭവം കൈവിട്ടുപോയതോടെ പ്രഭുവുമായി ഫോണിൽ ബന്ധപ്പെട്ട മുഖ്യമന്ത്രി എടപ്പാടി പളനിസാമി, പരിപാടിയിൽ സർക്കാരിനെ പ്രതിനിധീകരിച്ച് ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം പങ്കെടുക്കുമെന്ന് ഉറപ്പുനൽകി. അദ്ദേഹമായിരിക്കും സ്മാരകത്തിന്റെ ഉദ്ഘാടനവും നിർവഹിക്കുക. തിരക്കുമൂലം പരിപാടിയിൽ പങ്കെടുക്കാൻ തനിക്കു സാധിക്കാത്തതിലുള്ള വിഷമവും അദ്ദേഹം നടനെ അറിയിച്ചു.

ഈ വരുന്ന ഒക്ടോബർ ഒന്നിനാണ് ചെന്നൈയിൽ ശിവാജി ഗണേശൻ സ്മാരകത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. വാർത്താവിതരണ പ്രക്ഷേപണ മന്ത്രി കെ.രാജുവാണ് ഇത് ഉദ്ഘാടനം ചെയ്യാനിരുന്നത്. ഫിഷറീസ് വകുപ്പുമന്ത്രി ഡി.ജയകുമാർ പരിപാടിയിൽ അധ്യക്ഷത വഹിക്കുമെന്നുമായിരുന്നു അറിയിപ്പ്.

മുൻപ് ഏറ്റെടുത്ത ചില പരിപാടികളിൽ പങ്കെടുക്കേണ്ടതുള്ളതിനാൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പരിപാടിക്കെത്തില്ലെന്നും സംഘാടകരെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും അസാന്നിധ്യത്തിനെതിരെ പ്രതിഷേധവുമായി പ്രഭുവും കുടുംബാംഗങ്ങളും രംഗത്തെത്തിയത്. ഇതോടെ മുഖ്യമന്ത്രിയും വിശദീകരണവുമായെത്തി.

നേരത്തെ, ചെന്നൈ കാമരാജർ ശാലയിൽ സ്ഥാപിച്ചിരുന്ന ശിവാജി ഗണേശന്റെ പ്രതിമ മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അവിടെ നിന്ന് നീക്കിയിരുന്നു. 2016 ഓഗസ്റ്റ് നാലിനായിരുന്നു ഇത്. ഈ പശ്ചാത്തലത്തിലാണ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് 2.80 കോടി രൂപ ചെലവഴിച്ച് പുതിയ സ്മാരകം നിർമ്മിച്ചത്. 28,300 ചതുരശ്ര അടി വലുപ്പമുള്ളതാണ് പുതിയ സ്മാരകം.

related stories