Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാർ കാർഡ് സ്കൂളിലും ‘വിഷയം’; അധ്യാപകന്റെ അടിയേറ്റ് വിദ്യാർഥി ആശുപത്രിയിൽ

INDIA BUDGET

മുംബൈ ∙ ആധാർ കാർഡ് കൈവശമുള്ളവരുടെ കണക്കെടുക്കുന്നതിനിടെ വിദ്യാർഥിക്ക് അധ്യാപകന്റെ ക്രൂരമര്‍ദനം. കയ്യിലും മുഖത്തും ചൂരലു കൊണ്ടുള്ള അടിയേറ്റ സുഹൈൽ അൻസാരി എന്ന പതിനാറുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈ ഘാട്ട്കോപറിലുള്ള ഓക്സ്ഫഡ് ഇംഗ്ലിഷ് ഹൈസ്കൂളിലെ അധ്യാപകനായ ശ്യാം ബഹാദൂറാണ് ആധാറിന്റെ പേരില്‍ ഒൻപതാം ക്ലാസ് വിദ്യാർഥിയെ മർദിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂളിൽ നിന്ന് അന്വേഷണവിധേയമായി സസ്പെൻഡും ചെയ്തിട്ടുണ്ട്.

വിദ്യാർഥികളുടെ ആധാർ വിവരങ്ങൾ നൽകണമെന്ന് വിദ്യാഭ്യാസ വകുപ്പ് സ്കൂളിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ കണക്കെടുപ്പിനിടെയായിരുന്നു ബഹാദൂർ വിദ്യാർഥിയോട് ദേഷ്യപ്പെട്ടത്. ആദ്യം കയ്യിലും പിന്നീട് മുഖത്തും ചൂരലു കൊണ്ടടിക്കുകയായിരുന്നു. സുഹൈലിന് മൂന്നു മാസം മുൻപ് തലയ്ക്കടിയേറ്റതിനെത്തുടർന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനിടെയാണ് അധ്യാപകൻ ചൂരലു കൊണ്ട് വീണ്ടും തല്ലിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.

വിവരമറിഞ്ഞ് വിദ്യാർഥിയുടെ മാതാപിതാക്കൾ സ്കൂളിലെത്തിയെങ്കിലും മർദിച്ച കാര്യം അധ്യാപകൻ ആദ്യം നിഷേധിച്ചു. എന്നാൽ, ക്ലാസ്മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ സത്യാവസ്ഥ പുറത്തുവന്നു. ഇതിൽ ഇയാൾ സുഹൈലിനെ ചൂരലു കൊണ്ട് മർദിക്കുന്നത് വ്യക്തമാണ്. തുടർന്ന് അധ്യാപകനെതിരെ വിദ്യാർഥിയുടെ മാതാപിതാക്കൾ ഘാട്ട്കോപർ പൊലീസ് സ്റ്റേഷനിൽ പരാതി റജിസ്റ്റർ ചെയ്യുകയായിരുന്നു.

ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഉൾപ്പെടെ അധ്യാപകനെതിരെ കേസെടുത്തിട്ടുണ്ട്. ക്ലാസിൽ വികൃതി കാണിച്ചതിനാണ് സുഹൈലിനെ തല്ലിയതെന്നാണ് സ്കൂളിന്റെ വാദം. സംഭവത്തെത്തുടർന്ന് അടിയന്തരയോഗം വിളിച്ചു ചേർത്ത സ്കൂൾ മാനേജ്മെന്റ്, വിദ്യാർഥികളെ അധ്യാപകർ ക്രൂരമായി സമീപിക്കരുതെന്ന മുന്നറിയിപ്പും നൽകി.