Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യൂബയിലെ ‘നിഗൂഢ’ ആക്രമണം; എംബസി ഉദ്യോഗസ്ഥരെ യുഎസ് പിൻവലിക്കുന്നു

us embassy

വാഷിങ്ടൻ∙ അരനൂറ്റാണ്ടിലേറെക്കാലത്തിനു ശേഷം പുനഃസ്ഥാപിച്ച യുഎസ്–ക്യൂബ നയതന്ത്ര ബന്ധം വീണ്ടും ഉലയുന്നു. ക്യൂബയിലെ യുഎസ് എംബസി ഉദ്യോഗസ്ഥർക്കു നേരെയുണ്ടായ ‘നിഗൂഢ ശബ്ദവീചി’ ആക്രമണത്തെത്തുടർന്ന് ഇരുപതിലേറെപ്പേരുടെ ആരോഗ്യനില വഷളായതിനു പിന്നാലെയാണ് നടപടി. എംബസികളിലെ 60 ശതമാനം വരുന്ന സ്റ്റാഫംഗങ്ങളെയും പിൻവലിക്കാനാണു തീരുമാനം.

എംബസിയിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഉദ്യോഗസ്ഥരൊഴികെ ബാക്കിയെല്ലാവരും കുടുംബാഗങ്ങൾ സഹിതം തിരിച്ചു പോരണമെന്ന് നിർദേശം നൽകിയതായും വാർത്താ ഏജൻസി എപി റിപ്പോര്‍ട്ട് ചെയ്തു. ക്യൂബയിലെ വീസാസംബന്ധിയായ നടപടിക്രമങ്ങളെല്ലാം അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചതായും റിപ്പോർട്ടുണ്ട്.

നയതന്ത്രജ്ഞർക്കും മറ്റ് മുതിർന്ന ഉദ്യോഗസ്ഥർക്കും നേരെയുണ്ടായ നിഗൂഢ ആക്രമണത്തെത്തുടർന്നാണ് നടപടിയെന്നും എംബസി വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി നടപടിയെടുക്കുന്നതു വരെ ഇത് തുടരുമെന്നും യുഎസ് വ്യക്തമാക്കി.

അതേസമയം  2016 അവസാനം മുതൽ ഉദ്യോഗസ്ഥർക്കു നേരെയുണ്ടായിട്ടുള്ള ശബ്ദവീചി ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചതാരാണെന്നതിന്റെ ഉത്തരം ഇപ്പോഴും അവ്യക്തമാണ്. സംഭവത്തെത്തുടർന്ന് ഹവാനയിലെ യുഎസ് എംബസി അടച്ചുപൂട്ടുന്ന കാര്യം പരിശോധിച്ചു വരികയാണെന്ന് കഴിഞ്ഞയാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും വ്യക്തമാക്കി.

ക്യൂബൻ സന്ദർശനം വേണ്ട

ക്യൂബയിലേക്ക് സന്ദർശനം നടത്തരുതെന്ന് ജനങ്ങളോടും യുഎസ് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ചില ആക്രമണങ്ങൾ ഹോട്ടലുകൾ കേന്ദ്രീകരിച്ചു സംഭവിച്ചതാണ് ഇതിനു കാരണം. എന്നാൽ എംബസി ഉദ്യോഗസ്ഥർക്കു നേരെ ഉണ്ടായ ആക്രമണങ്ങളിൽ പങ്കില്ലെന്ന നിലപാടിലാണ് ക്യൂബ.

എംബസി ഉദ്യോഗസ്ഥരെ അജ്ഞാത ഉപകരണം കൊണ്ട് മാസങ്ങളോളം ആക്രമിച്ചിട്ടുണ്ടാവാമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പറയുന്നത്. ഇതിനോടകം 19 പേർക്ക് ഇതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ചിലരുടെ തലച്ചോറിനു നേരിയ ക്ഷതമേറ്റതായി പരിശോധനയിൽ സ്ഥിരീകരിച്ചു. കേൾവിക്കുറവും പൂർണ ബധിരതയും കടുത്ത തലവേദനയും തലച്ചോറിലെ നീർക്കെട്ടും ഏതാനും പേരിൽ കണ്ടെത്തി.

ആരാണ് അക്രമി?

നിഗൂഢ ശബ്ദോപകരണം ഉപയോഗിച്ചുള്ള ആക്രമണം കഴിഞ്ഞവർഷം അവസാനം മുതൽ ഈ വർഷം ഏപ്രിൽ വരെ നീണ്ടെന്നായിരുന്നു ആദ്യവിലയിരുത്തൽ. എന്നാൽ, കഴിഞ്ഞ മാസം വീണ്ടും ഒരാക്രമണം കൂടി ഉണ്ടായതായാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

ഉദ്യോഗസ്ഥരുടെ താമസസ്ഥലങ്ങളിലാണ് ആക്രമണമുണ്ടായതെന്നു കരുതുന്നു. എന്നാൽ, സംശയാസ്പദമായ ഉപകരണങ്ങളൊന്നും എവിടെയും കണ്ടെത്തിയിട്ടില്ല.

കാനഡക്കാരായ രണ്ടു പേരും സമാന ആക്രമണത്തിനിരയായതായി അവിടത്തെ സർക്കാർ വെളിപ്പെടുത്തി. തുടർന്ന് എഫ്ബിഐയ്ക്കൊപ്പം കനേഡിയൻ പൊലീസും അന്വേഷണത്തിൽ പങ്കാളിയായി. സമാന്തരമായി ക്യൂബയുടെ അന്വേഷണവും നടക്കുന്നുണ്ട്.

നയതന്ത്രബന്ധം വേണ്ടെന്നുവച്ച് അര നൂറ്റാണ്ടോളം വിരുദ്ധ ധ്രുവങ്ങളിൽ കഴിഞ്ഞ യുഎസിനെയും ക്യൂബയെയും വീണ്ടുമടുപ്പിച്ചതു മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ സൗഹൃദഹസ്തമാണ്. 2015ൽ ഇരു രാജ്യങ്ങളും ബന്ധം പുനഃസ്ഥാപിച്ചു. എന്നാൽ, ഡോണൾഡ് ട്രംപ് പ്രസിഡന്റായശേഷം ബന്ധം മോശമായി. ഇതിനിടെയാണു ശബ്ദവീചി ആക്രമണം.