Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുണയുടെ കരം നീട്ടി കുവൈത്തും; 15 ഇന്ത്യക്കാരുടെ വധശിക്ഷ ജീവപര്യന്തമാക്കി

copyright-jail

ന്യൂഡൽഹി ∙ കുവൈത്തിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 15 പേരുടെ ശിക്ഷ ജീവപര്യന്തം തടവായി ഇളവുചെയ്ത് കുവൈത്ത് അമീറിന്റെ ഉത്തരവ്. വിവിധ കുറ്റങ്ങൾക്ക് ജയിലിലായിരുന്ന 119 പേരുടെ തടവുശിക്ഷ ഇളവു ചെയ്യാനും ഉത്തരവിട്ടിട്ടുണ്ട്. ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. കുവൈത്ത് അമീറിന്റെ ദയാപൂർവമായ നടപടിയിൽ മന്ത്രി നന്ദി രേഖപ്പെടുത്തി. ജയിലിൽ നിന്ന് വിട്ടയക്കപ്പെടുന്നവർക്ക് ആവശ്യമായ സഹായങ്ങൾ അവിടുത്തെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം ഉറപ്പുവരുത്തുമെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.

ചെറിയ കേസുകളിൽപ്പെട്ടു ഷാർജയിലെ ജയിലുകളിൽ മൂന്നു വർഷത്തിലേറെയായി ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാരെ മോചിപ്പിക്കാൻ ഷാർജ ഭരണാധികാരിയും തീരുമാനിച്ചിരുന്നു. 149 പേർക്കാണ് ഇത്തരത്തിൽ അപ്രതീക്ഷിത മോചനം ലഭിച്ചത്. ഇതിനു പിന്നാലെയാണ് കുവൈത്ത് ഭരണകൂടവും സമാന ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നത്.

ചെക്ക് കേസുകളിലും സിവിൽ കേസുകളിലും കുടുങ്ങി മൂന്നു വർഷത്തിലേറെയായി ജയിൽവാസം അനുഭവിക്കുന്നവരെ മോചിപ്പിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർഥന കണക്കിലെടുത്താണ് ഷാർജയിലെ ജയിലുകളിലുള്ള ഇന്ത്യക്കാരെ മോചിപ്പിക്കാൻ കേരള സന്ദർശനത്തിനെത്തിയ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി തീരുമാനിച്ചത്. മലയാളികളെ മോചിപ്പിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ അഭ്യർഥനയെങ്കിലും ഇന്ത്യക്കാരെ മുഴുവനായി വിട്ടയക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകുകയായിരുന്നു. യുഎഇയിൽ തിരിച്ചെത്തിയ ഉടനെ അദ്ദേഹം വാക്കു പാലിക്കുകയും ചെയ്തു.

ഇതിനു പിന്നാലെ, യുഎഇയിലെ മറ്റ് എമിറേറ്റുകളിലെയും ഗൾഫ് രാജ്യങ്ങളിലെയും ഇന്ത്യക്കാരെ മോചിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു. കത്തിലെ ആവശ്യം ഇങ്ങനെ:

സിവില്‍ കേസുകളില്‍ ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ധാരാളം നിവേദനങ്ങള്‍ സംസ്ഥാന സര്‍ക്കാരിനും വിദേശ മന്ത്രാലയത്തിനും ലഭിക്കുന്നുണ്ട്. ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ഖാസിമി കേരളം സന്ദർശിച്ചപ്പോൾ ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കണമെന്ന് അഭ്യർഥിച്ചിരുന്നു. ഈ അഭ്യര്‍ഥന മാനിച്ച് 149 ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ഷാര്‍ജ ഭരണാധികാരി ഉടന്‍ തന്നെ ഉത്തരവിടുകയുണ്ടായി.

ഈ സാഹചര്യം കണക്കിലെടുത്ത് യുഎഇയിലെ മറ്റ് എമിറേറ്റുകളുമായി ഇന്ത്യൻ സർക്കാർ ബന്ധപ്പെടുകയാണെങ്കില്‍ ഒരുപാട് ഇന്ത്യക്കാര്‍ക്കു മോചനം ലഭിച്ചേക്കും. യുഎഇയിലെയും മറ്റു ഗള്‍ഫ് രാജ്യങ്ങളിലെയും നയതന്ത്ര കാര്യാലയങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ആവശ്യമായ നിര്‍ദേശം നല്‍കണമെന്നും മുഖ്യമന്ത്രി കത്തിൽ അഭ്യർഥിച്ചു.

related stories