Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിർത്തിയിലെ പ്രകോപനം വച്ചുപൊറുപ്പിക്കില്ല, കനത്ത തിരിച്ചടി ഉറപ്പ്; പാകിസ്ഥാനോട് ഇന്ത്യ

india pak flagmeeting ബിഎസ്എഫിലെയും പാകിസ്ഥാൻ റേഞ്ചേഴ്സിലെയും സീനിയർ സെക്ടർ കമാൻഡർമാരുടെ കൂടിക്കാഴ്ചയിൽ നിന്ന്.

ജമ്മു∙ അതിർത്തിയിലുണ്ടാകുന്ന പാകിസ്ഥാന്റെ ഏതു പ്രകോപനപരമായ നടപടിക്കും കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇന്ത്യ. പാകിസ്ഥാന്റെ അതിർത്തി സംരക്ഷണസേനയായ പാകിസ്ഥാൻ റേഞ്ചേഴ്സിലെയും ഇന്ത്യയുടെ ബോർഡർ സെക്യൂരിറ്റി ഫോഴ്സിലെയും (ബിഎസ്എഫ്) സീനിയർ സെക്ടർ കമാൻഡർമാരുടെ ചർച്ചയിലാണ് മുന്നറിയിപ്പ്.

പാകിസ്ഥാൻ നടത്തുന്ന ആക്രമണത്തിന് തുല്യവും ഒരുപക്ഷേ അതിലും ശക്തിയേറിയതുമായ മറുപടിയായിരിക്കും ഇന്ത്യ നൽകുകയെന്ന് ബിഎസ്എഫ് വ്യക്തമാക്കി. അതിർത്തിയിൽ പാകിസ്ഥാന്റെ പ്രകോപനപരമായ വെടിവയ്പ് തുടരുന്ന സാഹചര്യത്തിൽ കൂടിയായിരുന്നു യോഗം.

അതിർത്തിയിൽ സാഹചര്യങ്ങൾ സംഘർഷാവസ്ഥയിലായിരുന്നതിനാൽ ഏഴു മാസത്തിനു ശേഷമാണ് ഇരുകൂട്ടരും തമ്മിലുള്ള ഒരു ഫ്ലാഗ് മീറ്റിങ് നടക്കുന്നത്. ഇതിനു മുൻപ് മാർച്ച് ഒൻപതിനായിരുന്നു കൂടിക്കാഴ്ച. ഇന്ത്യ–പാക് രാജ്യാന്തര അതിർത്തിയിലെ സുചേത്ഗഢ് മേഖലയിൽ നടന്ന കൂടിക്കാഴ്ച ഒന്നര മണിക്കൂറിലേറെ നീണ്ടു. പാകിസ്ഥാന്റെ അഭ്യർഥന പ്രകാരമായിരുന്നു യോഗമെന്നും ബിഎസ്എഫ് വക്താവ് അറിയിച്ചു.

അതിർത്തിയിൽ സമാധാനവും ശാന്തിയും നിലനിർത്താനുള്ള പരിശ്രമങ്ങൾ തുടരുമെന്ന് ധാരണയായതായും വക്താവ് അറിയിച്ചു. നേരത്തേ നടന്ന കൂടിക്കാഴ്ചകളിലെ തീരുമാനങ്ങൾ നടപ്പാക്കുന്നത് ത്വരിതപ്പെടുത്താനും തീരുമാനമായി.

അതിർത്തിയിൽ ഉണ്ടായ വെടിവയ്പിൽ ബിഎസ്എഫ് കോൺസ്റ്റബിൾമാരായ ബ്രിജേന്ദ്ര ബഹദൂറും കെ.കെ.അപ്പാ റാവും വീരമൃത്യു വരിച്ച സംഭവത്തിലും രൂക്ഷമായ ഭാഷയിലായിരുന്നു പാകിസ്ഥാനുള്ള ഇന്ത്യയുടെ മറുപടി. സെപ്റ്റംബർ നാലിനുണ്ടായ വെടിവയ്പിൽ ഒരു വനിത കൊല്ലപ്പെട്ടതിലും ഇന്ത്യ പ്രതിഷേധമറിയിച്ചു. അതിർത്തിയിലെ വീടുകൾക്കു നേരെ ഷെല്ലാക്രമണം നടത്തുന്നതിനും മുന്നറിയിപ്പു നല്‍കി.

ചെറിയ വിഷയങ്ങളിൽ ഉടനെ പരിഹാരം കാണുന്നതിന് അതിർത്തിയിലെ ഫീൽഡ് കമാൻഡർമാർ തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് 17 ഉദ്യോഗസ്ഥരും പാകിസ്ഥാന്റെ 14 പേരുമാണ് കൂടിക്കാഴ്ചയ്ക്കെത്തിയത്.