Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കടലാസ്’ വീണ്ടും തിരഞ്ഞെടുപ്പു കളത്തിൽ; വിവിപാറ്റിന് ഔദ്യോഗിക അംഗീകാരം

voting-machine-and-vvpat-1

ന്യൂഡൽഹി∙ വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തവർക്കുള്ള ഉത്തരവുമായി തിരഞ്ഞെടുപ്പു കമ്മിഷൻ. വോട്ടെടുപ്പിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്തി, വരാനിരിക്കുന്ന എല്ലാ ലോക്സഭ– നിയമസഭ തിരഞ്ഞെടുപ്പുകളിലും വോട്ട് രസീത്(വിവിപാറ്റ്) ഉപയോഗിക്കുമെന്ന് കമ്മിഷൻ ഔദ്യോഗികമായി വ്യക്തമാക്കി. ഇത് സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർമാർക്കും കത്തയച്ചു.

എന്താണ് വിവിപാറ്റ്?

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തോടൊപ്പം ഘടിപ്പിക്കാവുന്ന പ്രത്യേക പ്രിന്ററാണ് വോട്ടര്‍ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ എന്നറിയപ്പെടുന്ന വിവിപാറ്റ്. ഒരു വോട്ടർ വോട്ടു ചെയ്യുമ്പോൾ വിവിപാറ്റിലും അത് ഒരു കടലാസു സ്ലിപ്പിൽ അച്ചടിച്ചു വരും. വോട്ടർക്ക് ഇതു പരിശോധിച്ച്, തന്റെ വോട്ട് ശരിയായിത്തന്നെയാണോ രേഖപ്പെടുത്തിയത് എന്ന് ഉറപ്പുവരുത്താം. ഇതിന് ഏഴു സെക്കൻഡ് നൽകും.

തുടർന്ന് ഈ സ്ലിപ്പ് മുറിഞ്ഞു വിപിപാറ്റ് മെഷീനോടു ചേർന്ന പെട്ടിയിലേക്കു വീഴും. സ്ലിപ് വീട്ടിലേക്കു കൊണ്ടു പോകാനാകില്ലെന്നു ചുരുക്കം. സ്ലിപ് വീഴുന്ന പെട്ടി തുറക്കാൻ പോളിങ് ഉദ്യോഗസ്ഥർക്കു മാത്രമേ കഴിയൂ. വോട്ടെടുപ്പു സംബന്ധിച്ച് എന്തെങ്കിലും തർക്കം ഉയരുകയാണെങ്കിൽ വിവിപാറ്റിലെ സ്ലിപ്പുകൾ എണ്ണാനും കഴിയും.

വരാനിരിക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും വിവിപാറ്റ് ഉപയോഗിക്കുമെന്ന് ഇക്കഴിഞ്ഞ മാർച്ചിൽ വിവിധ രാഷ്ട്രീയ പാർട്ടികളുമൊത്തുള്ള യോഗത്തിൽ തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചിരുന്നു. എന്നാൽ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇപ്പോഴാണു വരുന്നത്.

വരുന്നത് വലിയ വെല്ലുവിളി

പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗപ്പെടുത്താൻ 2015ൽ 67,000 വിവിപാറ്റ് യന്ത്രങ്ങൾ കമ്മിഷൻ വാങ്ങിയിരുന്നു. ഇതിൽ 33,500 എണ്ണം വിതരണം ചെയ്തു. ഈ വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത്, ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പുകൾക്കായി 30,000 പുതിയ വിവിപാറ്റ് യന്ത്രങ്ങളും ഓർഡർ ചെയ്തിട്ടുണ്ട്.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പായിരിക്കും കമ്മിഷനു മുന്നിലുള്ള അടുത്ത വലിയ വെല്ലുവിളി. 16.15 ലക്ഷം വിവിപാറ്റ് യന്ത്രങ്ങളാണ് എല്ലാ പോളിങ് സ്റ്റേഷനുകൾക്കും വേണ്ടി ഒരുക്കേണ്ടി വരിക.

തർക്കങ്ങൾക്ക് താത്കാലിക അന്ത്യം

സുതാര്യത ഉറപ്പുവരുത്താൻ പേപ്പർ ബാലറ്റ് സംവിധാനം തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് 16 രാഷ്ട്രീയ പാർട്ടികൾ നേരത്തേ കമ്മിഷന് നിവേദനം നൽകിയിരുന്നു. വോട്ടിങ് യന്ത്രത്തിൽ കൃത്രിമം കാണിക്കുന്നുവെന്നാരോപിച്ച് കോൺഗ്രസും ബിഎസ്പിയും എഎപിയും കമ്മിഷനെതിരെ പരസ്യമായിത്തന്നെ രംഗത്തു വന്നു.

യന്ത്രത്തിന്റെ വിശ്വാസ്യത സംബന്ധിച്ചു തർക്കം മുറുകിയതോടെ ഇതിനെ പ്രതിരോധിച്ച് കമ്മിഷനും രംഗത്തെത്തി. യന്ത്രത്തിൽ കൃത്രിമം കാണിക്കാനാകുമെന്ന് തെളിയിക്കാൻ വിവിധ രാഷ്ട്രീയ പാര്‍ട്ടികളെയും കമ്മിഷൻ വെല്ലുവിളിച്ചു. എന്നാൽ വെല്ലുവിളി ഏറ്റെടുത്ത് വിജയിപ്പിക്കാൻ ആർക്കും സാധിച്ചില്ല.