Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പണികൾ’ ഇനി ഫയലിൽ വേണ്ട; അടിയന്തര നടപടികളുമായി പിയുഷ് ഗോയൽ

Piyush-Goyal മുംബൈയിൽ അപകടത്തിൽ പരുക്കേറ്റവരെ സന്ദർശിക്കാനെത്തിയ റെയിൽവേ മന്ത്രി പിയുഷ് ഗോയൽ.

മുംബൈ∙ റെയിൽവേ മന്ത്രാലയത്തെ ഏറെ നാളായി വലയ്ക്കുന്ന ട്രെയിൻ അപകടങ്ങൾ ഇടതടവില്ലാതെ തുടരുന്നതിനിടെ, മുംബൈ എൽഫിൻസ്റ്റൺ സ്റ്റേഷനിൽ കാൽനടപ്പാലത്തിലും അപകടമുണ്ടായതിന്റെ പശ്ചാത്തലത്തിൽ അടിയന്തര നടപടികളുമായി റെയിൽവേ മന്ത്രി പിയുഷ് ഗോയലിന്റെ ഇടപെടൽ. അടിയന്തരമായി നടപ്പാക്കേണ്ട നടപടികൾ ഉൾപ്പെടുത്തി റെയിൽവേ മന്ത്രി ഉദ്യോഗസ്ഥർക്കു പ്രത്യേക ഉത്തരവു നൽകി.

രാജ്യത്തെ എല്ലാ സബർബൻ സ്റ്റേഷനുകളും സന്ദർശിച്ചു സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനു പ്രത്യേക വിവിധോദ്ദേശ സംഘങ്ങൾക്കും രൂപം നൽകാൻ മന്ത്രി ഉത്തരവിട്ടു. മുംബൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പിയുഷ് ഗോയലിന്റെ രാജി ആവശ്യപ്പെട്ട് എൻഡിഎയിൽ ഘടകകക്ഷി കൂടിയായ ശിവസേന രംഗത്തെത്തിയിരുന്നു. മനുഷ്യനിർമിത ദുരന്തമെന്നു വിശേഷിപ്പിച്ചു പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി. ഇതിനു പിന്നാലെയാണു മന്ത്രിയുടെ അടിയന്തര ഇടപെടൽ. അപകടത്തിൽ 22 പേർ മരിക്കുകയും 30ൽ അധികം പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.

വലിയ പാലം പ്രഖ്യാപിച്ചു, പക്ഷേ ഫയലിൽ ഒതുങ്ങി

റെയിൽവേ മന്ത്രാലയത്തിൽ ചുവപ്പുനാടയിൽ കെട്ടിക്കിടക്കുന്ന ഫയലുകൾക്ക് അടിയന്തരമായി തീർപ്പുണ്ടാക്കാനും മന്ത്രി നിർദ്ദേശിച്ചു. മുംബൈയിൽ സംഭവിച്ചതുപോലുള്ള അപകടങ്ങൾക്കു സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്താനും നിർദ്ദേശമുണ്ട്. കാൽനടപ്പാലങ്ങളുടെ കെട്ടുറപ്പിനൊപ്പം, തിരക്കുള്ള സമയങ്ങളിൽ വേണ്ടത്ര ആളുകളെ ഉൾക്കൊള്ളാനുള്ള ശേഷിയും ഇത്തരം പാലങ്ങൾക്കുണ്ടോ എന്നു പരിശോധിക്കണം. തിരക്കു കൂടിയ സ്റ്റേഷനുകളിൽ കൂടുതൽ കാൽനടപ്പാലങ്ങൾ നിർമിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഇത്തരം സ്ഥലങ്ങളിൽ സിസിടിവികൾ സ്ഥാപിച്ചു തിരക്കു നിരീക്ഷിച്ച് വേണ്ട നടപടികൾ സ്വീകരിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

മറ്റു വകുപ്പുകളുമായി സഹകരിച്ചു തീർപ്പാക്കേണ്ട നടപടികൾ ഒരാഴ്ചക്കുള്ളിൽ തീരുമാനമാക്കണം. സർക്കാർ വകുപ്പുകൾ തമ്മിലുള്ള തർക്കം വികസന പ്രവർത്തനങ്ങളെ ബാധിക്കരുതെന്നാണു നിർദ്ദേശം. അപകടമുണ്ടായ കാൽനടപ്പാലത്തിന്റെ സ്ഥാനത്ത് അതിന്റെ എട്ടിരട്ടി വലുപ്പമുള്ള പാലം നിർമിക്കുമെന്ന് 2016ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപനമുണ്ടായിരുന്നു. ശിവസേനയുടെ പ്രത്യേക ആവശ്യപ്രകാരമായിരുന്നു ഇത്. എന്നാൽ, തുടർന്നിങ്ങോട്ടു നടപടികൾ ഇഴഞ്ഞുനീങ്ങിയതോടെ പാലം പണി ഫയലിൽ മാത്രമായി ഒതുങ്ങി.

ഇതിനു പിന്നാലെ വലുപ്പക്കുറവിന്റെ പേരിൽ ഇവിടെ അപകടമുണ്ടായതാണു ശിവസേനയെ ചൊടിപ്പിച്ചത്. ബുള്ളറ്റ് ട്രെയിനുകൾ കൊണ്ടുവരുന്നതിനു പകരം യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യപ്പെട്ടു ബിജെപിയെയും പ്രധാനമന്ത്രി മോദിയെയും അവർ ‘കുത്തുകയും’ ചെയ്തു. അടുത്തിടെ, ജപ്പാന്റെ സഹകരണത്തോടെ പ്രധാനമന്ത്രി ഉദ്ഘാടനം െചയ്ത അഹമ്മദാബാദ് – മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പശ്ചാത്തലത്തിലായിരുന്നു ഈ ‘കുത്ത്’. എന്തായാലും സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ടതോടെയാണു ചുവപ്പുനാട പ്രശ്നം പരിഹരിച്ച് ഇഴഞ്ഞുനീങ്ങുന്ന പദ്ധതികൾ തീർപ്പാക്കാനുള്ള മന്ത്രിയുടെ നിർദ്ദേശമെത്തിയത്.

മുംബൈയിൽ മന്ത്രിയുടെ തിരക്കിട്ട കൂടിക്കാഴ്ചകൾ

നേരത്തെ നിശ്ചയിച്ചിരുന്ന ചില പരിപാടികൾക്കായി മുംബൈയിലെത്തിയ മന്ത്രി അപകടത്തിന്റെ പശ്ചാത്തലത്തിൽ പരുക്കേറ്റവരെ സന്ദർശിക്കുകയും നഷ്ടപരിഹാരം ഉറപ്പു നൽകുകയും ചെയ്തിരുന്നു. റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തുകയും ചെയ്തു. അപകടത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ തന്നെ തങ്ങുന്ന അദ്ദേഹം, ഡൽഹിയിൽനിന്നുള്ള ഉയർന്ന ഉദ്യോഗസ്ഥരുമായി ഇന്നു കൂടിക്കാഴ്ച നടത്തും.

അപകടമുണ്ടായ എൽഫിൻസ്റ്റൺ സ്റ്റേഷൻ ഉൾപ്പെടുന്ന വെസ്റ്റേൺ റെയിൽവേ, കാൽനടപ്പാലങ്ങൾ ഉൾപ്പെടെയുള്ളയുടെ കെട്ടുറപ്പും സുരക്ഷയും വർഷത്തിൽ രണ്ടു തവണ പരിശോധിച്ച് ഉറപ്പാക്കാറുള്ളതാണ്. അപകടത്തിനിടയാക്കിയ കാൽനടപ്പാലവും ഇത്തരത്തിൽ സുരക്ഷിതമാണെന്നു പരിശോധന നടത്തിയ സംഘം റിപ്പോർട്ട് നൽകിയിരുന്നതാണ്. എന്നാൽ, പാലം തകർന്നു മാത്രമല്ല അപകടമുണ്ടാകുക എന്നു ബോധ്യമായ സാഹചര്യത്തിലാണ് ഓരോ സ്റ്റേഷനിലെയും തിരക്കിന്റെ അടിസ്ഥാനത്തിൽ വേണ്ടത്ര ആളുകളെ ഉൾക്കൊള്ളാനുള്ള വലുപ്പം ഇവയ്ക്കുണ്ടോ എന്നു പരിശോധിക്കുന്നത്.

നാലോളം ട്രെയിനുകൾ ഒരേ സമയത്ത് എത്തിയതാണു സ്റ്റേഷനിൽ പതിവിലേറെ തിരക്കിന് ഇടയാക്കിയതെന്നാണു ദൃക്സാക്ഷികൾ നൽകുന്ന സൂചന. അതിനിടെ, അപ്രതീക്ഷിതമായി മഴ കൂടിയെത്തിയതോടെ സമീപത്തുനിന്നുള്ള ആളുകളെല്ലാം കാൽനടപ്പാലത്തിലേക്കു ഓടിക്കയറുകയായിരുന്നു. ഇതാണ് അപ്രതീക്ഷിത തിക്കിനും തിരക്കിനും ഇടയാക്കിയത്. ഇടയ്ക്കു സമീപത്തുണ്ടായ ഷോർട് സർക്യൂട്ടിന്റെ ശബ്ദം, പാലം തകരുകയാണെന്ന തോന്നലുയർത്തിയതോടെ ആളുകൾ പാലത്തിൽനിന്നു രക്ഷപ്പെടാൻ തിരക്കുകൂട്ടിയതാണ് അപകടത്തിനു കാരണമെന്നും റിപ്പോർട്ടുണ്ട്.

പ്രഭുവിന്റെ വഴിയേ ഗോയലും?

റെയിൽവേ മന്ത്രാലയത്തെ ഭേദപ്പെട്ട രീതിയിൽ നയിച്ചിരുന്ന സുരേഷ് പ്രഭുവിന് ഇക്കഴിഞ്ഞ മന്ത്രിസഭാ പുനഃസംഘടനയിൽ വകുപ്പു നഷ്ടമാക്കിയതു തുടർച്ചയായുണ്ടായ ട്രെയിൻ അപകടങ്ങളാണ്. റെയിൽവേ മന്ത്രാലയം സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ വീഴ്ച വരുത്തുന്നുവെന്ന തോന്നൽ രാജ്യമെങ്ങും ശക്തമായതോടെയാണു പ്രധാനമന്ത്രി മോദിയുടെ അടുപ്പക്കാരനായിരുന്നിട്ടും സുരേഷ് പ്രഭുവിനു വകുപ്പു നഷ്ടമായത്.

ഇതിനു പിന്നാലെ കാബിനറ്റ് പദവിയിലേക്കു സ്ഥാനക്കയറ്റം കിട്ടിയെത്തിയ പിയുഷ് ഗോയലിന് ഏറെ നിർണായകമായ ഈ വകുപ്പിന്റെ ചുമതല നൽകുകയും ചെയ്തു. ഇതിനു മുന്നോടിയായി, എയർ ഇന്ത്യയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയ ചെയർമാൻ അശ്വനി ലൊഹാനിയെ റെയിൽവേ ബോർഡ് ഡയറക്ടറായി നിയമിക്കുകയും ചെയ്തു. അപകടങ്ങളിൽ കുറവില്ലാതായതോടെ എന്തുവിലകൊടുത്തും പരിഹാരം കാണാനുള്ള ശ്രമത്തിലാണു മന്ത്രിയും സംഘവും.

related stories