Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള സർക്കാർ ദേശവിരുദ്ധ ശക്തികള്‍ക്കൊപ്പം; രോഹിൻഗ്യകൾ ബാധ്യതയാകും: മോഹൻ ഭാഗവത്

Mohan Bhagwat ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് (ഫയൽ ചിത്രം)

ന്യൂഡൽഹി∙ കേരളം, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ സർക്കാരുകൾ ദേശവിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് രംഗത്ത്. ഈ സംസ്ഥാനങ്ങളിൽ അക്രമം വളർത്തുന്ന ജിഹാദി ശക്തികളെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇരു സർക്കാരുകളുടേതുമെന്നു മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടി. ആർഎസ്എസ് സ്ഥാപിതമായതിന്റെ വാർഷിക ദിനത്തിൽ അണികളെ അഭിസംബോധന ചെയ്യുമ്പോഴാണു കേരളം, ബംഗാൾ സർക്കാരുകൾക്കെതിരെ ഭാഗവത് ആഞ്ഞടിച്ചത്.

ഇന്ത്യൻ ദേശീയതയെയും അതു സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെയും കുറിച്ചായിരുന്നു ഭാഗവതിന്റെ പ്രസംഗത്തിൽ ഏറിയ പങ്കും. ജിഹാദി ഘടകങ്ങൾ കേരളത്തിലും ബംഗാളിലും അക്രമം അഴിച്ചുവിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനെതിരെ ജനങ്ങൾ രംഗത്തിറങ്ങുമ്പോൾ, ജിഹാദികളെ പിന്തുണയ്ക്കാനാണു സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നത്. ഇതിലൂടെ ദൗത്യനിർവഹണത്തിൽനിന്ന് ഈ സർക്കാരുകൾ പിന്നാക്കം പോകുകയാണെന്നും ഭാഗവത് ചൂണ്ടിക്കാട്ടി.

ചൈനമായുള്ള ദോക് ലാം സംഘര്‍ഷം പരിഹരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ടതായും ആർഎസ്എസ് മേധാവി അഭിപ്രായപ്പെട്ടു. സാമ്പത്തിക വളര്‍ച്ചയിലേക്കു രാജ്യം അതിവേഗം നീങ്ങുകയാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ഗോസംരക്ഷണത്തിന്റെ അക്രവുമായി ബന്ധപ്പെട്ട് മാത്രം വിലയിരുത്തുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

രോഹിൻഗ്യകൾ ഇന്ത്യയ്ക്കു തലവേദനയാകും

ഇന്ത്യയിൽ അഭയാർഥികളായെത്തിയിരിക്കുന്ന രോഹിൻഗ്യ മുസ്‍ലിംകൾ രാജ്യസുരക്ഷയ്ക്കു വലിയ ഭീഷണിയാണെന്നും മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു. അവർക്ക് ഇന്ത്യ അഭയം നല്‍കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും അഖണ്ഡതയുമായി ബന്ധപ്പെട്ടു യാതൊരുവിധ അലംഭാവവും പാടില്ലെന്നും ഭാഗവത് പറഞ്ഞു.

ഭീകരരുമായുള്ള ബന്ധത്തിന്റെ പേരിലാണു രോഹിൻഗ്യകളെ മ്യാൻമറിൽനിന്നു പുറത്താക്കുന്നത്. ഇവരെ മാനുഷിക പരിഗണനയുടെ പേരിൽ ഇന്ത്യയിൽ തങ്ങാൻ അനുവദിക്കുന്നതു വലിയ സുരക്ഷാ ഭീഷണിയാണു സൃഷ്ടിക്കുക. മാനുഷിക പരിഗണനയ്ക്കായി വാദിക്കുമ്പോൾ, നമ്മുടെ മനുഷ്യത്വം അപകടത്തിലാക്കുകയാണെന്നു മറക്കരുതെന്നും ഭാഗവത് പറഞ്ഞു.

പല രീതിയിലും രോഹിൻഗ്യകൾ ഇന്ത്യയ്ക്കു തലവേദനയാകുമെന്നും ആർഎസ്എസ് മേധാവി മുന്നറിയിപ്പു നൽകി. ബംഗ്ലദേശിൽനിന്നുള്ള അനധികൃത കുടിയേറ്റം പോലും സമ്പൂർണമായി തടയാൻ സാധിക്കുന്നതിനു മുൻപാണ് മ്യാൻമറിൽനിന്നുള്ള രോഹിൻഗ്യകളുടെ വരവ്. അവരെ ഇവിടെ തങ്ങാൻ അനുവദിക്കുന്നതു നമ്മുടെ തൊഴിൽ സാധ്യതകളെ ബാധിക്കുമെന്നു മാത്രമല്ല, രാജ്യത്തിന്റെ സുരക്ഷയും അപകടത്തിലാക്കും. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കും അവരൊരു ഭാരമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുസ്‍ലിംകളും ഗോസംരക്ഷകർ

അതേസമയം, ഗോസംരക്ഷണത്തിനായി ജീവിതം സമർപ്പിച്ച ഒട്ടേറെ മുംസ്‍ലിംകളുമുള്ള രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പശുവളർത്തൽ മതപരമായ വിഷയം മാത്രമല്ല. പശുക്കളെ വളർത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന മുസ്‍ലിംകളെ എനിക്കറിയാം. ബജ്റങ് ദൾ പ്രവർത്തകരെപ്പോലെ ഗോസംരക്ഷണത്തിനായി ജീവിതം സമർപ്പിച്ചവരാണ് അവർ.

ചെറുകിട കർഷകരുടെ ഉപജീവന മാർഗങ്ങളിൽ പശുവളർത്തൽ മുഖ്യമാണെന്നും ഭാഗവത് പറഞ്ഞു. പശു സംരക്ഷണവും പശുവളർത്തലും ഭരണഘടനാപരമായും പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

related stories