Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കാണാൻ തയാറാകാത്ത’ മോദിക്കു മുന്നിലേക്ക് ഒടുവിൽ യശ്വന്ത് സിൻഹ

yashwant-sinha-and-modi

ന്യൂഡൽഹി∙ ഒരു വർഷത്തിലേറെയായി  ശ്രമിച്ചിട്ടും കാണാൻ
സമ്മതിക്കാതിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നിലേക്ക് ഒടുവിൽ യശ്വന്ത് സിൻഹയെത്തുന്നു. ഒക്ടോബർ 14ന് ബിഹാറിൽ പാറ്റ്ന സർവകലാശാലയുടെ ശതാബ്ദി ആഘോഷച്ചടങ്ങിലാണ് കൂടിക്കാഴ്ചയ്ക്ക്  അപ്രതീക്ഷിത ‘വേദി’യൊരുങ്ങുന്നത്. ഇവിടെ  പ്രധാനമന്ത്രി മുഖ്യാതിഥിയായെത്തുന്നുണ്ട്.

അതിഥികൾക്കൊപ്പം, സർവകലാശാലയിലെ മുൻ വിദ്യാർഥിയും അധ്യാപകനുമായ യശ്വന്ത് സിന്‍ഹയെയും ക്ഷണിച്ചിട്ടുണ്ടെന്ന് വൈസ് ചാൻസലർ റാസ് ബിഹാറി സിങ് അറിയിച്ചു. എന്നാൽ ചടങ്ങിൽ സിൻഹ പങ്കെടുക്കുമോയെന്നത് വ്യക്തമല്ല. പങ്കെടുത്താൽ തന്നെ സുരക്ഷാകാരണങ്ങളാൽ സിൻഹയ്ക്ക് പ്രധാനമന്ത്രിക്കു സമീപം ഇരിപ്പിടം നൽകാൻ നിർവാഹമില്ലെന്നും വിസി പറഞ്ഞു. സുരക്ഷാകാരണങ്ങളാൽ സീറ്റുകളുടെ ക്രമീകരണം പൂർത്തിയാക്കിയതിനാലാണ് ഇത്.

അതേസമയം സർവകലാശാലയിലെ ആദ്യകാല ബാച്ചുകളിലെ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങിൽ സിൻഹയുടെ സാന്നിധ്യമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിസി പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ നോട്ട് അസാധുവാക്കല്‍ സാമ്പത്തിക ദുരന്തമാണെന്നു തെളിഞ്ഞുവെന്നു ദേശീയ മാധ്യമത്തിലെഴുതിയ യശ്വന്ത് സിൻഹ, ഇന്ത്യയുടെ സാമ്പത്തികനില തകർന്നതിൽ പാർട്ടിയിലെതന്നെ പലർക്കും അതൃപ്തിയുണെന്നും തുറന്നുപറഞ്ഞത് വൻവിവാദമായിരുന്നു. ധനമന്ത്രി അരുൺ ജയറ്റ്ലിയെ പേരെടുത്തു വിമർശിച്ചുകൊണ്ടു ദേശീയ മാധ്യമത്തിൽ ലേഖനമെഴുതുകയും ചെയ്തു.

ഇപ്പോൾ തുറന്നുപറഞ്ഞില്ലെങ്കിൽ രാജ്യത്തോടു തനിക്കുള്ള കടമ നിറവേറ്റുന്നതിൽ പരാജയപ്പെടുമെന്ന ന്യായീകരണത്തോടെയാണു വിവാദ ലേഖനം തുടങ്ങിയത്. സുപ്രധാന വിഷയങ്ങളിലെ അഭിപ്രായം അറിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം തയാറാകാത്തതിനെത്തുടർന്നാണ് ലേഖനം എഴുതേണ്ടി വന്നതെന്നായിരുന്നു സിൻഹയുടെ ന്യായീകരണം.

ഒരു വർഷം മുൻപുതന്നെ കൂടിക്കാഴ്ചയ്ക്കു ശ്രമിച്ചു. എന്നാൽ അതിന് അദ്ദേഹം തയാറായില്ല. മോദിയുടെ വീടിനുമുന്നിൽ ഇനി കുത്തിയിരിപ്പു സമരം നടത്തേണ്ടിവരുമോയെന്നും അദ്ദേഹം ചോദിച്ചു.

സമ്പദ്ഘടനയില്‍ മാന്ദ്യമല്ല മരവിപ്പാണ്. ശരിയായ രീതിയിൽ കണക്കാക്കിയാൽ വളർച്ചാ നിരക്ക് ഇനിയും കുറയുമെന്നും സിന്‍ഹ തുറന്നടിച്ചു. പാർട്ടിയിലോ സർക്കാരിലോ ആരും ‍‍ഞങ്ങളെ കേൾക്കാൻ തയാറാകുന്നില്ല. സാമ്പത്തിക അസ്ഥിരതയ്ക്കു യുപിഎ സർക്കാരിനെ കുറ്റപ്പെടുത്താൻ കഴിയില്ല. 40 മാസത്തെ ഭരണത്തിനുശേഷവും അതു ശരിയാക്കാൻ എൻഡിഎയ്ക്കു സാധിച്ചിട്ടില്ല.

സാമ്പത്തിക മാന്ദ്യത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം എൻഡിഎയ്ക്കു തന്നെയാണെന്നും സിൻഹ ദേശീയ മാധ്യമത്തോടു പറഞ്ഞു.

related stories