Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചോരയിൽ കുളിച്ച് കാറ്റലോണിയൻ ഹിതപരിശോധന; 460 പേർക്കു പരുക്ക്

catalonia protest കാറ്റലോണിയയിൽ ഹിതപരിശോധനയ്ക്കിടെ നടന്ന പൊലീസ് അക്രമത്തിൽ പരുക്കേറ്റവർ.

മഡ്രിഡ്∙ സ്പെയിനിന്റെ വടക്കുകിഴക്കൻ പ്രദേശമായ കാറ്റലോണിയയിൽ മേഖലാ സർക്കാർ പ്രഖ്യാപിച്ച ഹിതപരിശോധനയ്ക്കിടെ പൊലീസ് അക്രമത്തിൽ 460 പേർക്കു പരുക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.

സ്‌പെയിൻ ഭരണകൂടത്തിന്റെ വിലക്ക് അവഗണിച്ചാണ് കാറ്റലോണിയയിൽ സ്വാതന്ത്ര്യ ഹിതപരിശോധന നടത്തിയത്. പോളിങ് സ്റ്റേഷനുകളിലേക്ക് തള്ളിക്കയറിയ പൊലീസ് വോട്ടെടുപ്പ് തടസ്സപ്പെടുത്തി ജനങ്ങളെ അടിച്ചോടിക്കുകയായിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും വയോജനങ്ങൾക്കും നേരെ പൊലീസ് ക്രൂരമായ ആക്രമണം അഴിച്ചുവിടുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പ്രതിഷേധിച്ചവർക്കു നേരെ പൊലീസ് റബർ ബുള്ളറ്റ് പ്രയോഗവും നടത്തി. ബാർസിലോനയിൽ നിന്നാണ് റബർ ബുള്ളറ്റ് പ്രയോഗമുണ്ടായതായുള്ള റിപ്പോർട്ടുകൾ. ബാലറ്റ് പെട്ടികൾ പിടിച്ചെടുക്കുന്നതിനിടെയായിരുന്നു അക്രമം. കലാപം തടയുന്നതിനുള്ള പരിശീലനം ലഭിച്ച പൊലീസിനെയാണ് ബാര്‍സിലോനയിൽ ഉൾപ്പെടെ പോളിങ് സ്റ്റേഷനുകളിൽ നിയോഗിച്ചിരുന്നത്.

ഹിരോണ പ്രവിശ്യയിലെ പോളിങ് സ്റ്റേഷനുകളിലൊന്നില്‍ കാറ്റലോണിയൻ വിഘടനവാദി നേതാവ് കാൾസ് പഗ്ഡമൻഡ് വോട്ടു ചെയ്യാനെത്തുന്നതിനു തൊട്ടുമുൻപായിരുന്നു പൊലീസ് ഇരച്ചു കയറിയത്. ജനങ്ങളുടെ മുദ്രാവാക്യം വിളിക്കും കാറ്റലോണിയൻ ദേശീയഗാനാലാപനത്തിനുമിടയിൽ പൊലീസ് ചില്ലുവാതിൽ തല്ലിത്തകർത്ത് അകത്തുകയറുകയായിരുന്നു.

‘സമാധാനത്തിന്റെ വക്താക്കളാണു ഞങ്ങൾ’ എന്ന മുദ്രാവാക്യവുമായി വന്ന ജനക്കൂട്ടത്തിനു നേരെയാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. അക്രമം പ്രതീക്ഷിച്ചതിനാൽ ആംബുലൻസുകളും അടിയന്തര ശുശ്രൂഷാസംവിധാനങ്ങളും തയാറാക്കിയിരുന്നു. അതിനിടെ പഗ്ഡമൻഡ് മറ്റൊരു പോളിങ് സ്റ്റേഷനിലെത്തി വോട്ടു ചെയ്തു.

അടിച്ചമർത്താൻ ഉറച്ച്

ഹിതപരിശോധന ഭരണഘടനാ വിരുദ്ധമാണെന്നു കാണിച്ച് അടിച്ചമർത്താൻ ആയിരക്കണക്കിനു പൊലീസിനെയാണ് സ്പെയിൻ സർക്കാർ നിയോഗിച്ചിരുന്നത്. രാവിലെ ഒൻപതോടെ 2300ഓളം പോളിങ് സ്റ്റേഷനുകളിൽ വോട്ടിങ് ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ പോളിങ് കേന്ദ്രങ്ങളായ സ്കൂളുകളിലേറെയും വെള്ളിയാഴ്ച തന്നെ പൊലീസ് അടച്ചുപൂട്ടി. അതേസമയം വെള്ളിയാഴ്ച രാത്രിയോടെ കുടുംബസമേതമെത്തിയ വോട്ടർമാർ ചില സ്ഥലങ്ങളിൽ സ്കൂളുകൾ കയ്യേറി താമസമാരംഭിച്ചു. 2315 സ്കൂളുകളിൽ 1300 സ്കൂളുകളും അടച്ചുപൂട്ടിയതായും 163 സ്കൂളുകൾ ജനങ്ങൾ കയ്യേറിയതായും അധികൃതർ അറിയിച്ചു.

സ്വാതന്ത്ര്യത്തിനു തിടുക്കം

അനുകൂല ജനവിധിയുണ്ടായാൽ 48 മണിക്കൂറിനകം സ്വാതന്ത്ര്യം പ്രഖ്യാപിക്കാനാണു മേഖലാ സർക്കാരിന്റെ തീരുമാനം. കഴിഞ്ഞ മാസം ആറിനാണു കാറ്റലോണിയ പാർലമെന്റ് ഹിതപരിശോധനയ്ക്ക് അംഗീകാരം നൽകിയത്. പിറ്റേന്നു ഹിതപരിശോധന വിലക്കി രാജ്യത്തെ ഭരണഘടനാ കോടതി ഉത്തരവിട്ടു. സ്പെയിനിലെ ഏറ്റവും സമ്പന്നമായ മേഖലയായ കാറ്റലോണിയ സ്വതന്ത്ര ഭരണപ്രദേശമാണ്. സ്വന്തം ഭാഷയും സംസ്കാരവുമുണ്ട്.

കാറ്റലോണിയ

∙ വിസ്‌തീർണം: 32,114 ച. കി.മീറ്റർ (ഏകദേശം കേരളത്തിന്റെ വലുപ്പം)

∙ ജനസംഖ്യ: 75.85 ലക്ഷം

∙ ജിഡിപി: 20928 കോടി യൂറോ

∙ സ്പെയിനിന് ഒരു ലക്ഷം കോടി യൂറോയുടെ വരുമാനമാണ് കാറ്റലോണിയ പ്രതിവർഷം നൽകുന്നത്.