Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുർമീതിന്റെ ആശ്രമത്തിൽ മോഷണം; ഉടുപ്പും കിടക്കയും ചെരുപ്പും വരെ അടിച്ചുമാറ്റി

gurmeet-ram-rahim-singh

ചണ്ഡിഗഡ് ∙ മാനഭംഗക്കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിലുള്ള ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹി സിങ്ങിന്റെ ഝാജറിലെ ആശ്രമത്തിൽ മോഷണം. കംപ്യൂട്ടറുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് സാധനങ്ങളും വസ്ത്രങ്ങളും മോഷ്ടിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 25ന് ഗുർമീത് ജയിലിലായപ്പോള്‍ അനുയായികൾ ഒഴിഞ്ഞുപോയ ആശ്രമത്തിലാണു മോഷണം നടന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ ആശ്രമത്തിൽ കാവൽക്കാരനായി ഉണ്ടായിരുന്നയാള്‍ ശമ്പളം മുടങ്ങിയതോടെ ജോലിക്കു സ്ഥിരമായി വരാറില്ലായിരുന്നുവെന്നു പൊലീസ് വ്യക്തമാക്കി. ദിവസവും രാവിലെയും വൈകിട്ടും ഇവിടെ വന്നു ചുറ്റിനടന്നശേഷം മടങ്ങാറായിരുന്നു പതിവ്. ഇതനുസരിച്ച് ഇന്നു രാവിലെ ആശ്രമത്തിൽ എത്തിയപ്പോഴാണു വാതിലുകളും ജനലുകളുമെല്ലാം തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്നു പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ആശ്രമത്തിലെത്തുന്ന വിവിഐപികൾക്ക് പ്രത്യേകം തയാറാക്കിയിരുന്ന മുറികളിലായിരുന്നു മോഷണം. ഇൻവർട്ടർ, അതിന്റെ രണ്ടു ബാറ്ററികൾ, കംപ്യൂട്ടർ മോണിറ്റർ, നാലു സിസിടിവി ക്യാമറകൾ, ആംപ്ലിഫയർ, കിടക്കകൾ, വസ്ത്രം, ചെരുപ്പുകൾ തുടങ്ങിയവയാണു പ്രധാനമായും കവർന്നത്. ആശ്രമത്തിലെ അനുയായികൾക്കു പ്രാർഥിക്കാനായാണ് ഗുർമീതിന്റെ വസ്ത്രങ്ങളും പാദരക്ഷകളും സൂക്ഷിച്ചിരുന്നത്.

ഗുർമീത് ജയിലിലായതോടെ ദേരാ സച്ചാ സൗദയുടെ സിർസയിലെ ആസ്ഥാനമുൾപ്പെടെ ഹരിയാനയിലും പഞ്ചാബിലുമുള്ള ആശ്രമങ്ങൾ പൊലീസ് പൂട്ടി സീൽ ചെയ്തിരുന്നു. എന്നാൽ, ഝാജറിലെ ആശ്രമം അടച്ചുപൂട്ടിയിരുന്നില്ല. അതേസമയം, പ്രാദേശിക ഭരണകൂടം ഇവിടെ പരിശോധന നടത്തുകയും ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ആശ്രമം വിട്ടുപോയ അനുയായികളെ ഇവിടെ തങ്ങാനോ പരിപാടികൾ സംഘടിപ്പിക്കാനോ അനുവദിച്ചിരുന്നുമില്ല.