Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുരസ്കാരങ്ങൾ തിരികെ നൽകില്ല; പ്രധാനമന്ത്രിക്കെതിരെ പരാമര്‍ശം തിരുത്തി പ്രകാശ് രാജ്

prakash raj

ബെംഗളൂരു∙ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധം ‘ആഘോഷിക്കുന്നവർക്ക്’ എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിൽ പ്രതിഷേധിച്ച് ദേശീയ പുരസ്കാരങ്ങൾ തിരിച്ചു നൽകുമെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് നടൻ പ്രകാശ് രാജ്. ഗൗരി കൊല്ലപ്പെട്ടതിൽ മോദി മൗനം പാലിക്കുകയാണെന്നും ഇതു തുടർന്നാൽ തനിക്ക് അഭിനയത്തിന് കിട്ടിയ ദേശീയ പുരസ്കാരങ്ങൾ‌ മടക്കി നൽകുമെന്നും പ്രകാശ് രാജ് പറഞ്ഞതായിട്ടായിരുന്നു റിപ്പോർട്ട്. എന്നാൽ പരാമർശം വിവാദമായതിനെത്തുടർന്ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് അദ്ദേഹം തിരുത്തുമായെത്തിയത്.

‘അവാർഡുകള്‍ തിരിച്ചു നൽകുമെന്ന് ഞാൻ പറഞ്ഞിട്ടില്ല. അത് തന്റെ കഴിവിനു ലഭിച്ച ബഹുമതിയാണ്, അതിനെ അംഗീകരിക്കുന്നു. ഗൗരി ലങ്കേഷിന്റെ ആ മരണത്തെ ‘ആഘോഷ’മാക്കിയവർക്കുള്ള മറുപടിയാണ് പ്രസംഗത്തിലൂടെ നൽകിയത്. സമൂഹമാധ്യമങ്ങളിൽ ഗൗരിയുടെ മരണം ആഘോഷിച്ചവരിൽ പലരും പ്രധാനമന്ത്രിയെ പിന്തുടരുന്നവരാണ്. പക്ഷേ അദ്ദേഹം ഇവർക്കെതിരെ ഒരക്ഷരം മിണ്ടുന്നില്ല, യാതൊരു നിലപാടും വ്യക്തമാക്കുന്നുമില്ല.

ഈ രാജ്യത്തെ പൗരൻ എന്ന നിലയിൽ നമ്മുടെ പ്രധാനമന്ത്രിയുടെ നിശബ്ദത എന്നെ അസ്വസ്ഥനാക്കുന്നു, വേദനിപ്പിക്കുന്നു, ഭയപ്പെടുത്തുന്നു. ഞാനൊരു പാർട്ടിയിലും അംഗമല്ല. ഒരു പാർട്ടിക്കും എതിരുമല്ല. പക്ഷേ പ്രധാനമന്ത്രിയുടെ നിശബ്ദത പേടിപ്പെടുത്തുന്നുവെന്നാണു പറഞ്ഞത്. രാജ്യത്തെ പൗരനെന്ന നിലയിൽ അതിനുള്ള അവകാശം എനിക്കുണ്ട്.’ പ്രകാശ് രാജ് വ്യക്തമാക്കി. തന്റെ പരാമർശങ്ങളെപ്പറ്റി വെറുതെ കോലാഹലങ്ങളുണ്ടാക്കി ചർച്ച തുടരുന്നതിൽ താത്പര്യമില്ലെന്നും അദ്ദേഹം പറ‍ഞ്ഞു.

ഡിവൈഎഫ്‌ഐയുടെ 11–ാം സംസ്ഥാന സമ്മേളനം ബെംഗളൂരൂവില്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പ്രകാശ് രാജിന്റെ വിവാദ പ്രസംഗം. 'ഗൗരി ലങ്കേഷിനെ കൊന്നവരെ പിടിക്കുകയോ പിടിക്കാതിരിക്കുകയോ ചെയ്യാം. എന്നാല്‍, അതിനേക്കാൾ അസ്വസ്ഥത സൃഷ്ടിക്കുന്നത് ആ മരണം സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കുന്നതു കാണുമ്പോഴാണ്. ആഘോഷിക്കുന്നവരെ നമുക്കറിയാം. ഇവരിൽ ചിലർ നമ്മുടെ പ്രധാനമന്ത്രിയെ പിന്തുടരുന്നവരാണ്. എന്നാൽ ഇതിനോടെല്ലാം പ്രധാനമന്ത്രി ഇപ്പോഴും കണ്ണടയ്ക്കുകയാണ്.

ഉത്തർ പ്രദേശിൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാണോ ക്ഷേത്രത്തിലെ പൂജാരിയാണോ എന്ന് തിരിച്ചറിയാനാവുന്നില്ല. നമ്മുടെ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണ് എന്നാലോചിക്കുമ്പോൾ ഞാൻ ആശങ്കാകുലനാകുന്നു. നിങ്ങൾക്കറിയാമോ, എനിക്ക് അഞ്ച് ദേശീയ പുരസ്കാരങ്ങൾ കിട്ടിയിട്ടുണ്ട്. എന്നാൽ, തന്നേക്കാള്‍ വലിയ നടനാണെന്നു തെളിയിക്കാനാണു മോദി ശ്രമിക്കുന്നത്. രാജ്യത്തിന്റെ ഭാവിക്ക് ഈ അസഹിഷ്ണുത ഗുണം ചെയ്യില്ല.

ഞാനൊരു അറിയപ്പെടുന്ന നടനാണ്. നിങ്ങളുടേത് (മോദി) അഭിനയമാണെന്നു തിരിച്ചറിയാൻ എനിക്കു പറ്റില്ലെന്നാണോ കരുതുന്നത്? എന്താണ് സത്യം, എന്താണ് അഭിനയം എന്നു മനസ്സിലാക്കാൻ എനിക്കു സാധിക്കുമെന്ന പരിഗണന കാണിക്കണം. മൗനം തുടരുകയാണെങ്കിൽ അവാർ‍ഡുകൾ തിരികെ നൽകുന്നതിനെ കുറിച്ച് ഞാനാലോചിക്കുകയാണ്.– പ്രകാശ് രാജ് തുറന്നടിച്ചു.

ഗൗരിയുടെ പിതാവ് ലങ്കേഷ് തനിക്ക് ഗുരുതുല്യനായിരുന്നുവെന്നും ഗൗരിയെ 35 വര്‍ഷമായി അടുത്തറിയാമായിരുന്നുവെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ഗൗരിയുടെ സംസ്കാര ചടങ്ങിൽ മുഴുവൻ സമയവും അദ്ദേഹം പങ്കെടുത്തിരുന്നു.

related stories