Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിമ്മിന്റെ സഹോദരനെ വിഷം കുത്തിവച്ച് കൊന്നതിൽ പങ്കില്ലെന്ന് യുവതികൾ

kim-jong-nam

ക്വാലലംപൂർ ∙ ഉത്തര കൊറിയയുടെ ഏകാധിപതി കിം ജോങ് ഉന്നിന്റെ അർധ സഹോദരൻ കിം ജോങ് നാം (45) മലേഷ്യയിൽ വധിക്കപ്പെട്ട സംഭവത്തിൽ ബന്ധമില്ലെന്നു പ്രതികളായ വനിതകൾ. മലേഷ്യൻ കോടതിയിൽ വിചാരണയ്ക്കിടെയാണു കുറ്റകൃത്യത്തിൽ പങ്കില്ലെന്നു വനിതകൾ വാദിച്ചത്.

ക്വാലലംപൂർ വിമാനത്താവളത്തിൽ ഉത്തര കൊറിയയുടെ ചാരസംഘടനയിലെ രണ്ടു യുവതികൾ വിഷസൂചികൾ ഉപയോഗിച്ചു കിം ജോങ് നാമിനെ കൊലപ്പെടുത്തി എന്നാണു കേസ്. ഫെബ്രുവരി ആദ്യവാരമായിരുന്നു സംഭവം. എന്നാൽ കുറ്റക്കാരല്ലെന്നു ഇന്തൊനീഷ്യൻ സ്വദേശി സിതി ആയിഷ (25), വിയറ്റ്നാം സ്വദേശി ഡോൺ തൈ ഹുവോങ് (29) എന്നിവർ കോടതിയിൽ വാദിച്ചു. എന്നാൽ, ഇരുവരും ഉത്തര കൊറിയയുടെ പരിശീലനം കിട്ടിയ ഏജന്റുമാരാണെന്നും ആ രാജ്യമാണ് വധത്തിനു പിന്നിലെന്നും മലേഷ്യ ആവർത്തിച്ചു.

കിം ജോങ് നാമിന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് ഉത്തര കൊറിയ ആവർത്തിക്കുന്നതിനിടെയാണ് വനിതകളുടെ വാദമെന്നതു ശ്രദ്ധേയമാണ്. അതീവ സുരക്ഷയിൽ ബുള്ളറ്റ് പ്രൂഫ് വേഷത്തിലാണു യുവതികളെ വിചാരണക്കോടതിയിൽ ഹാജരാക്കിയത്. വധശ്രമക്കുറ്റം തെളിയിക്കപ്പെട്ടാൽ മലേഷ്യൻ നിയമപ്രകാരം യുവതികൾക്ക് വധശിക്ഷ ഉറപ്പാണ്.

നിരപരാധിത്വം തെളിയിക്കാനാകുമെന്ന് ഹുവോങ്ങിന്റെ അഭിഭാഷകൻ ഹിസ്‌യാം തേ പൊ തെയ്ക് പറഞ്ഞു. അതിനിടെ, കൊലപാതകത്തിനു പിന്നിൽ ഉത്തരകൊറിയൻ ഭരണകൂടമാണെന്നു മലേഷ്യ കണ്ടെത്തിയതായി ദക്ഷിണ കൊറിയ അവകാശപ്പെട്ടു. ഉത്തര കൊറിയൻ ഏകാധിപതിയായിരുന്ന അന്തരിച്ച കിം ജോങ് ഇല്ലിന്റെ മൂത്ത മകനാണു കിം ജോങ് നാം.

അനന്തരാവകാശിയാകുമെന്ന് ഒരിക്കൽ കരുതിയിരുന്നുവെങ്കിലും 2001ൽ വ്യാജ പാസ്പോർട്ടിൽ ജപ്പാനിൽ പോകാൻ ശ്രമിച്ചതിനെത്തുടർന്നുണ്ടായ വിവാദത്തോടെ അനഭിമതനായി. ചൈനയുടെ പ്രവിശ്യയായ മക്കാവുവിൽ പ്രവാസത്തിലായിരുന്നു. പിതാവിന്റെ മരണശേഷം നാമിന്റെ അർധ സഹോദരൻ കിം ജോങ് ഉൻ 2011 ഡിസംബറിലാണ് ഉത്തര കൊറിയയുടെ ഭരണാധികാരിയായത്.