Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാസ് വേഗസ് അക്രമി തങ്ങളുടെ ‘പോരാളി’യെന്ന് ഇസ്‌ലാമിക് സ്റ്റേറ്റ്; അല്ലെന്ന് യുഎസ്; മരണം 59

Las Vegas

ലാസ് വേഗസ്∙ ലോകത്തിലെ ഏറ്റവും വലിയ ചൂതാട്ട നഗരമായ യുഎസിലെ ലാസ് വേഗസിലുണ്ടായ വെടിവയ്പിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ഇസ്‌ലാമിക് സ്റ്റേറ്റ്(ഐഎസ്ഐഎസ്). ‘അക്രമം നടത്തിയത് ഞങ്ങളുടെ ‘പോരാളി’യാണ്. മധ്യ പൗരസ്ത്യ ദേശത്ത് ഞങ്ങൾക്കെതിരെ പോരാട്ടം നടത്തുന്ന യുഎസിന്റെ നേതൃത്വത്തിലുള്ള രാജ്യങ്ങൾക്കുള്ള മുന്നറിയിപ്പാണിത്. ആ രാജ്യങ്ങളെ ലക്ഷ്യം വയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ അക്രമം’– ഐഎസ്ഐഎസ് ബന്ധമുള്ള വാർത്താഏജൻസി അമാഖ് റിപ്പോർട്ട് ചെയ്തു.

ലാസ് വേഗസിലെ അക്രമി ഏതാനും മാസം മുൻപ് ഇസ്‌ലാം മതത്തിലേക്ക് മാറിയതാണെന്നും ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ രാജ്യാന്തര ബന്ധമുള്ള ഒരു ഭീകരസംഘടനയുമായും പ്രതിക്ക് ബന്ധമുള്ളതായി ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് യുഎസിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘റോയിട്ടേഴ്സ്’ റിപ്പോർട്ട് ചെയ്തു. എഫ്ബിഐയും ഐഎസിന്റെ വാദം തള്ളിയിട്ടുണ്ട്.

അതേസമയം, വെടിവയ്പിൽ മരണം 59 ആയി. അഞ്ഞൂറിലേറെ പേർക്കു പരുക്കേറ്റു. ചൂതാട്ടകേന്ദ്രമായ മാൻഡലെ ബേ കാസിനോയ്ക്കു പുറത്ത് അക്രമി നടത്തിയ വെടിവയ്പിലാണ് അൻപതു പേർ മരിച്ചത്. നെവാഡ സ്വദേശിയായ സ്റ്റീഫൻ ക്രെയ്ഗ് പാഡക്(64) ആക്രമണം നടത്തിയ ശേഷം സ്വയം വെടിവച്ചു മരിച്ചതായി പൊലീസ് അറിയിച്ചു.

Las Vegas

മുറിയിൽ എട്ടു തോക്കുകൾ

Las Vegas

അക്രമി ഇക്കഴിഞ്ഞ വ്യാഴാഴ്ച ചൂതാട്ടകേന്ദ്രത്തിൽ മുറിയെടുത്തതായാണു കരുതുന്നത്. 32–ാം നിലയിലുള്ള ഇയാളുടെ മുറിയിൽ നിന്ന് എട്ടു തോക്കുകൾ കണ്ടെത്തി. ‘ലോങ് റൈഫിളുകൾ’ ആണ് അന്വേഷണസംഘം കണ്ടെത്തിയത്. സംഭവത്തിൽ ഭീകരവാദ ബന്ധമില്ലെന്നും പൊലീസ് വ്യക്തമാക്കി. യുഎസിലെ മറ്റിടങ്ങളിൽ ആക്രമണ ഭീഷണിയൊന്നുമില്ലെന്നും ആഭ്യന്തരസുരക്ഷാ വിഭാഗം അറിയിച്ചു. പ്രാദേശികസമയം ഞായറാഴ്ച രാത്രി പത്തോടെ നടന്ന ലാസ് വേഗസ് ആക്രമണം, ആധുനിക യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെടിവയ്പായാണ് വിലയിരുത്തപ്പെടുന്നത്.

മാൻഡലെ ബേ കാസിനോയുടെ 32–ാമത്തെ നിലയിൽനിന്നാണ് അക്രമി വെടിയുതിർത്തത്. റിസോർട്ടിനുള്ളിൽ ജാസൺ അൽഡീന്റെ നേതൃത്വത്തിൽ സംഗീതപരിപാടി നടന്നു കൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി വെടിവയ്പുണ്ടായത്. പരിപാടി ആസ്വദിക്കാൻ നാൽപ്പതിനായിരത്തോളം കാണികളാണ് എത്തിയിരുന്നത്. ഇതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചത്. പരിഭ്രാന്തരായ ആൾക്കൂട്ടം ഹോട്ടലിനു പുറത്തേക്കോടുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Las Vegas

അക്രമിക്കൊപ്പമുണ്ടായിരുന്ന ഭാര്യയെന്നു സംശയിക്കുന്ന സ്ത്രീക്കായി അന്വേഷണം ആരംഭിച്ചു. അക്രമിയുടെ നെവാഡയിലെ വീട്ടിലും പൊലീസ് പരിശോധന നടത്തി. ആക്രമണത്തിന് പ്രേരിപ്പിച്ചത് എന്തെന്നു വ്യക്തമല്ല. ഡ്യൂട്ടിയിലല്ലാത്ത പൊലീസുകാരിൽ ചിലരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. രണ്ടു പൊലീസുകാർ പരുക്കേറ്റു ചികിത്സയിലുണ്ട്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.

ആക്രമണത്തെ അപലപിച്ച് ട്രംപും ലോകനേതാക്കളും

ലാസ് വേഗസ് ആക്രമണത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അപലപിച്ചു. സംഭവത്തിന്റെ വിശദാംശങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർ പ്രസിഡന്റിനെ ധരിപ്പിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. രക്ഷാപ്രവർത്തനത്തിലും അന്വേഷണത്തിലും സംസ്ഥാന, പ്രാദേശിക ഭരണകൂടങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പുവരുത്തുമെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സ് വ്യക്തമാക്കി.

Las Vegas വെടിവയ്പ്പിനിടെ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നയാൾ

വിവിധ ലോകനേതാക്കളും ആക്രമണത്തെ അപലപിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ, സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാൻ ലോഫ്‌വെൻ, ലണ്ടൻ മേയർ സാദിഖ് ഖാൻ തുടങ്ങിയവരാണ് ആക്രമണത്തെ അപലപിച്ചും മരിച്ചവരുടെ ബന്ധുക്കളുടെ സങ്കടത്തിൽ പങ്കുചേർന്നും രംഗത്തെത്തിയത്.

Las Vegas

ഭീകരദൃശ്യം വിവരിച്ച് മലയാളികളും

വെടിവയ്പുണ്ടായതിനു പിന്നാലെ റിസോർട്ടിൽനിന്ന് ആളുകൾ ചിതറിയോടുന്നത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിക്കുന്നുണ്ട്. വെടിവയ്പുണ്ടായതിനു പിന്നാലെ സമീപത്തെ ഹോട്ടലുകളിലും മറ്റുമുണ്ടായിരുന്ന ആളുകളെ അവിടെത്തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പൂട്ടിയിട്ടതായി സംഭവസമയത്ത് ഇവിടെയുണ്ടായിരുന്ന രാജൻ ചീരൻ എന്ന മലയാളി ഫെയ്സ്ബുക് ലൈവിലൂടെ വ്യക്തമാക്കി.

‘ഒരിക്കലും ഉറങ്ങാത്ത നഗരാണ് ലാസ് വേഗസ്. അവധിക്കാലം ആഘോഷിക്കുന്നതിനായാണ് കുടുംബസമേതം ഇവിടെയെത്തിയത്. വെടിവയ്പുണ്ടായ സമയത്ത് സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്നു ഞങ്ങൾ. ആക്രമണമുണ്ടായതിനു പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി അവിടെത്തന്നെ എല്ലാവരെയും പൂട്ടിയിട്ടു. പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ആരും പുറത്തേക്കു പോകരുതെന്ന് പ്രത്യേകം നിർദ്ദേശിച്ചിരുന്നു.’

‘ഈ സമയമൊക്കെയും എല്ലായിടത്തും പൊലീസ് വാഹനങ്ങൾ ചീറിപ്പായുന്ന ശബ്ദം മാത്രമെ കേൾക്കാൻ സാധിച്ചിരുന്നുള്ളൂ. പൊലീസിന്റെ നിർദ്ദേശം ലഭിച്ചിട്ടു മാത്രമേ താമസിക്കുന്ന ഹോട്ടലിലേക്കു മാറാൻ സാധിക്കൂ’ എന്ന് പറഞ്ഞാണ് അദ്ദേഹം ഫെയ്സ്ബുക് ലൈവ് അവസാനിപ്പിക്കുന്നത്.