Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ജൈവഘടികാര’ രഹസ്യം കണ്ടെത്തിയ മൂവർ സംഘത്തിന് വൈദ്യശാസ്ത്ര നൊബേൽ

nobel medicine വൈദ്യശാസ്ത്ര മികവിനുള്ള 2017ലെ നൊബേൽ ജേതാക്കളെ പ്രഖ്യാപിച്ചപ്പോൾ.

സ്റ്റോക്കോം∙ വൈദ്യശാസ്ത്ര മികവിലെ പുരസ്കാര പ്രഖ്യാപനത്തോടെ ഈ വർഷത്തെ ‘നൊബേൽ സീസണി’നു തുടക്കം. അമേരിക്കന്‍ ശാസ്ത്രജ്ഞരായ ജെഫ്രി സി.ഹോൾ, മൈക്കെൽ റോസ്ബാഷ്, മൈക്കെൽ ഡബ്ല്യു. യങ് എന്നിവർക്കാണ് വൈദ്യശാസ്ത്ര മികവിനുള്ള 2017ലെ നൊബേൽ പുരസ്കാരം.

മനുഷ്യരിലെയും മൃഗങ്ങളിലെയും സസ്യങ്ങളിലെയും ജൈവഘടികാര(Biological Clock/Circadian Rhythm)ത്തിന്റെ പ്രവർത്തന രഹസ്യങ്ങളെ ലോകത്തിനു മുന്നിലെത്തിച്ച മികവിനാണ് അംഗീകാരമെന്ന് നൊബേൽ പുരസ്കാര സമിതി പറഞ്ഞു. 11 ലക്ഷം ഡോളറാണ് അവാർഡ് തുക. ഓരോ വർഷവും വൈദ്യശാസ്ത്രമികവിന്റെ പുരസ്കാരത്തോടെയാണ് നൊബേൽ പ്രഖ്യാപനം ആരംഭിക്കുക. 

എന്താണ് ജൈവഘടികാരം?

രാത്രിക്കും പകലിനുമനുസരിച്ച് ഭൂമിയിലെ എല്ലാ ജീവജാലങ്ങളിലും മാറ്റങ്ങളുണ്ടാകുന്നുണ്ട്. ഇതിനനുസരിച്ച് ഓരോ സസ്യവും മൃഗവും മനുഷ്യനും അതിന്റെ ശാരീരിക പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നുമുണ്ട്.  ഇത് നാം അറിയാതെ നമ്മുടെ ശരീരത്തിൽ നടക്കുന്ന പ്രവർത്തനമാണ്.

എങ്ങനെയാണ് ഇത്തരമൊരു ജൈവഘടികാരം ഓരോ ജീവജാലങ്ങളിലും ‘സെറ്റ്’ ചെയ്യപ്പെടുന്നതെന്ന പഠനം പതിനെട്ടാം നൂറ്റാണ്ടിൽത്തന്നെ ആരംഭിച്ചിരുന്നു. എന്നാൽ ഈ അന്വേഷണത്തിലെ  നിർണായക നേട്ടങ്ങൾ ഇരുപതാം നൂറ്റാണ്ടിലാണുണ്ടായത്. നിലവിൽ നൊബേൽ ലഭിച്ച മൂന്നു പേരും അക്കാര്യത്തിൽ നിർണാക സംഭാവനകളും നൽകിയിരുന്നു.

ആ നിർണായക ‘ജീൻ’

ചുറ്റുപാടുകൾക്കനുസരിച്ച് ഓരോ സസ്യ–ജന്തുജാലവും തങ്ങളുടെ ജൈവഘടികാരം ഒരുക്കുന്നതിന്റെ തന്മാത്രാ പ്രവർത്തനങ്ങളെക്കുറിച്ചായിരുന്നു മൂവരുടെയും ഗവേഷണം. വ്യത്യസ്ത ടൈം സോണുകളിലൂടെ ദീർഘദൂരം യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന ‘ജെറ്റ്‌ലാഗി’ന് ഉൾപ്പെടെ ശാസ്ത്രീയമായ വിശദീകരണം നൽകാൻ ഇവരുടെ കണ്ടുപിടിത്തങ്ങൾക്കായി.

SWEDEN-NOBEL-MEDICINE

ഇത്തരത്തിൽ തുടർച്ചയായി യാത്ര ചെയ്യുന്നവർക്ക് ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളുണ്ടാകാറുണ്ട്. ചില രോഗങ്ങൾ ഇത്തരക്കാരെ വിടാതെ പിന്തുടരുകയും ചെയ്യുന്നു. ജൈവഘടികാരത്തിന്റെ പ്രവർത്തനത്തിലുള്ള താളപ്പിഴകളാണ് പ്രശ്നം. പക്ഷേ ദൈനംദിന ജൈവഘടികാര പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ജീൻ വേർതിരിച്ചെടുത്തതോടെ ഇതിനുൾപ്പെടെ പരിഹാരം നമുക്കു മുന്നിലെത്തി.

പഴ ഈച്ച(Fruit Fly)കളിൽ നിന്നായിരുന്നു ‘പിരിയഡ് ജീൻ’ എന്ന ആ നിർണായക ജീൻ വേർതിരിച്ചെടുത്തത്. ഈ ജീനിൽ ഒരു പ്രത്യേകതരം പ്രോട്ടീനുണ്ട്. രാത്രികാലങ്ങളിൽ ഇവ ശരീരകോശങ്ങളിൽ സജീവമാകുകയും പകൽസമയത്ത് നിഷ്ക്രിയമാവുകയും ചെയ്യും.

കോശങ്ങളിലെ  ഈ പ്രത്യേകജീനുകളാണ് രാവും പകലും തിരിച്ചറിഞ്ഞ് അതിനനുസരിച്ച് മനുഷ്യന്റെ സ്വഭാവത്തെയും ശാരീരിക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത്. ‌ഓരോ ജീവജാലത്തിന്റെയും സ്വഭാവം, ഹോർമോണ്‍ ലെവൽ, ഉറക്കം, ശരീരതാപം, ചയാപചയ പ്രക്രിയ(metabolism) എല്ലാം ക്രമപ്പെടുത്താൻ ജൈവഘടികാരത്തിനും സാധിക്കുന്നത് എങ്ങനെയെന്ന രഹസ്യം തിരിച്ചറിഞ്ഞതോടെ വൈദ്യശാസ്ത്രത്തിൽ ഉത്തരം കിട്ടാതിരുന്ന ഒട്ടേറെ സമസ്യകളുമാണ് പൂരിപ്പിക്കപ്പെട്ടത്.

nobel prize

അറിയാം പുരസ്കാര ജേതാക്കളെ

ജെഫ്രി സി.ഹോൾ:

1945ൽ ന്യൂയോർക്കിൽ ജനിച്ചു; ബ്രാൻഡയ്സ് സർവകലാശാലയിൽ  ഗവേഷകനായിരിക്കെയാണ് റോസ്ബാഷിനൊപ്പം  പിരിയഡ് ജീൻ ഗവേഷണത്തിൽ സജീവമായത്. ഇപ്പോൾ വിരമിച്ചു, കേംബ്രിജിൽ  വിശ്രമജീവിതം. 73 വയസ്സാണ്.

മൈക്കെൽ റോസ്ബാഷ്:

1944ൽ ഒക്‌ലഹോമയിൽ ജനനം. ബ്രാൻഡയ്സ് സർവകലാശാലയിൽ  ഗവേഷകൻ. ഇപ്പോഴും സർവകലാശാലയിലെ സജീവാംഗം. 73 വയസ്സ്.

മൈക്കെൽ ഡബ്ല്യു. യങ്:

1949ൽ മയാമിയിൽ ജനിച്ചു. റോക്കെഫെല്ലർ സർവകലാശാലയിൽ  ഗവേഷകൻ. ഇപ്പോഴും അവിടത്തെ സജീവ അധ്യാപകൻ. 68 വയസ്സ്.