Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജീവ് വധക്കേസ്: പ്രതികൾ ഉദയഭാനുവിന് എതിരെ മൊഴി നൽകിയെന്ന് പൊലീസ്

Rajeev കൊല്ലപ്പെട്ട രാജീവ്

ചാലക്കുടി∙ പരിയാരത്ത് റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിനെ കൊലപ്പെടുത്തിയ കേസിൽ കൊച്ചിയിലെ പ്രമുഖ അഭിഭാഷകൻ സി.പി. ഉദയഭാനുവിനെതിരെ പ്രതികൾ മൊഴി നൽകിയതായി പൊലീസ്. പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉദയഭാനുവിനെതിരെ പരാമര്‍ശമുണ്ട്. രാജീവിനെ തട്ടിക്കൊണ്ടുപോയത് അഭിഭാഷകന്റെകൂടി ആവശ്യപ്രകാരമാണെന്ന് മൂന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

ഉദയഭാനുവിനെതിരെ അന്വേഷണം തുടരുകയാണ്. കൂടുതൽ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. റിമാൻഡ് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനിരിക്കുകയാണ്.

അറസ്റ്റിലായ പ്രതികള്‍ ചക്കര ജോണിയും രഞ്ജിത്തും ചോദ്യംചെയ്യലിനോട് തുടക്കത്തിൽ സഹകരിച്ചിരുന്നില്ല. കൊല നടന്ന ദിവസം അഡ്വ. സി.പി.ഉദയഭാനുവിനെ നിരവധി തവണ വിളിച്ചത് എന്തിനെന്ന ചോദ്യത്തിന് പ്രതികൾ കൃത്യമായ മറുപടിയും നൽകിയില്ല. ഇരുവരുടേയും ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ ഉണ്ടായത്.

അതേസമയം, കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായിരുന്നു. ചക്കര ജോണിയെ രക്ഷപ്പെടാന്‍ സഹായിച്ച ആലപ്പുഴ സ്വദേശി സുതനാണ് അറസ്റ്റിലായത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

ഉദയഭാനുവിനും കൊലപാതക ഗൂഢാലോചനയിൽ പങ്കുണ്ടെന്നു കാണിച്ച് കൊല്ലപ്പെട്ട രാജീവിന്റെ മകൻ അഖിലാണ് പൊലീസിൽ പരാതി നൽകിയത്. അഭിഭാഷകനും ജോണിയും ചേർന്ന് ഒട്ടേറെ തവണ അഛനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി അച്ഛന്റെ മരണത്തിനു മുൻപ് തന്നെ പല തവണ മുഖ്യമന്ത്രി ഉൾപ്പെടെ ഉളളവർക്ക് പരാതി നൽകിയിരുന്നുവെന്നും അഖിൽ പറയുന്നു. 

ഇന്നു രാവിലെയാണ് മുഖ്യപ്രതി അങ്കമാലി ചെറുമഠത്തിൽ ജോണിയെയും (ചക്കര ജോണി) കൂട്ടാളി പൈനാടത്ത് രഞ്ജിത്തിനെയും പൊലീസ് അറസ്റ്റു ചെയ്തത്. സംഭവത്തിനുശേഷം മുങ്ങിയ ഇവരെ പാലക്കാട് നിന്നാണ് പിടികൂടിയത്. ആലപ്പുഴയിലേക്കാണ് ഇരുവരും ആദ്യം ഒളിവിൽ പോയത്. അവിടെനിന്ന് സുഹൃത്ത് സുതന്റെ വീട്ടിൽ താമസിച്ച് കാറിൽ പാലക്കാട്ടേക്കു കടക്കുകയായിരുന്നു. 

ഞായറാഴ്ച രാത്രിയോടെ തന്നെ ചക്കര ജോണിയുടെ ഒളിത്താവളം പൊലീസ് കണ്ടെത്തിയിരുന്നു. മംഗലം ഡാം പരിസരത്തെ വിശാലമായ റബർ തോട്ടമായിരുന്നു ഒളിച്ചു താമസിക്കാൻ തിരഞ്ഞെടുത്തത്. പാലക്കാടു നിന്ന് കോയമ്പത്തൂർ വിമാനത്താവളം വഴി രക്ഷപ്പെടാനായിരുന്നു ശ്രമം. ലുക്കൗട്ട് നോട്ടിസ് പുറത്തിറങ്ങിയതോടെ അതും പാളി. ഇതിനിടെ, ഇവരുടെ രഹസ്യ മൊബൈൽ നമ്പറും പൊലീസിന് ലഭിച്ചിരുന്നു. പിടിയിലായ ഉടനെ മറ്റാർക്കും പങ്കില്ലെന്ന പ്രതികളുടെ ആവർത്തിച്ചുള്ള മറുപടികൾ ആരോ പറഞ്ഞു പഠിപ്പിച്ചതാണെന്നും പൊലീസ് വിലയിരുത്തി. 

റിയൽ എസ്റ്റേറ്റ് ഇടപാടിൽ നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാൻ നടത്തിയ ഗുണ്ടായിസമാണ് രാജീവിന്റെ കൊലയിൽ കലാശിച്ചത്. പരിയാരം തവളപ്പാറയിൽ കോൺവന്റിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണു മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ചത്തെ ആസൂത്രണത്തിനുശേഷം രാജീവിനെ നാലംഗ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ കെട്ടിടത്തിൽ അടയ്ക്കുകയും വസ്തു 

ഇടപാടുരേഖകളിൽ ബലമായി ഒപ്പുവയ്പിക്കാൻ ശ്രമിക്കുന്നതിനിടെ കൊല നടത്തുകയുമായിരുന്നു എന്നാണു സംശയം. ഇതിനായി ഉപയോഗിച്ച പായ മൃതദേഹത്തിനരികിൽനിന്നു കണ്ടെത്തിയിരുന്നു.

related stories