Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരോളിന് അപേക്ഷ നൽകി ശശികല; ഉറപ്പായും പുറത്തിറങ്ങുമെന്ന് ദിനകരൻ

VK Sasikala

ചെന്നൈ∙ അനധികൃത സ്വത്തുസമ്പാദനക്കേസില്‍പ്പെട്ട് തടവിൽ കഴിയുന്ന അണ്ണാഡിഎംകെ നേതാവ് വി.കെ.ശശികല പരോളിന് അപേക്ഷ നൽകി. ചികിത്സയിൽ കഴിയുന്ന ഭർത്താവ് എം.നടരാജനെ കാണാൻ 15 ദിവസത്തെ പരോൾ അനുവദിക്കണമെന്നാണ് അപേക്ഷ.

66.6 കോടി രൂപയുടെ അനധികൃത സ്വത്തുസമ്പാദനക്കേസിൽ നാലു വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ബെംഗളൂരുവിലെ പാരപ്പന അഗ്രഹാര ജയിലിലാണ് ശശികല ഇപ്പോൾ. നിലവിൽ പാർട്ടിയിലെ വിമതപക്ഷത്തെ നയിക്കുന്ന ശശികലയുടെ ബന്ധു ടിടിവി ദിനകരനാണ് പരോളിന്റെ കാര്യം മാധ്യമപ്രവർത്തകരെ അറിയിച്ചത്.

കരൾ സംബന്ധമായ അസുഖങ്ങൾ ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് നടരാജൻ. രോഗം ഗുരുതരമാണെന്ന് ഏതാനും ദിവസം മുൻപ് റിപ്പോർ‌ട്ടുകളുണ്ടായിരുന്നു. കരൾമാറ്റ ശസ്ത്രക്രിയ വൈകാതെ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ശശികല പരോളിന് അപേക്ഷ നൽകിയിരിക്കുന്നത്.

അപേക്ഷ അംഗീകരിക്കുമെന്ന കാര്യം ഉറപ്പാണെന്നും എന്നാൽ എത്ര ദിവസമായിരിക്കും പരോളെന്നതു സംബന്ധിച്ച് കർണാടക ജയിൽ വകുപ്പായിരിക്കും തീരുമാനമെടുക്കുകയെന്നും ദിനകരൻ പറഞ്ഞു. അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് ശശികലയെ മാറ്റുന്ന പ്രമേയം അടുത്തിടെ പാർട്ടി പാസാക്കിയിരുന്നു.