Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിയെ ആക്രമിച്ച കേസ്: പ്രത്യേക കോടതി ഇല്ലെങ്കിൽ വിചാരണ നീളുമോ?

dileep-pulsar-suni

കൊച്ചി ∙ നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിച്ചാൽ ഉടനെതന്നെ വിചാരണ ആരംഭിക്കുമോ? ഇതു സംബന്ധിച്ചു വ്യത്യസ്ഥ അഭിപ്രായങ്ങളാണ് നിയമ വിദഗ്ധർക്കിടയിലുള്ളത്.

സ്ത്രീകൾ ആക്രമിക്കപ്പെട്ടതുൾപ്പെടെ, ഇതിനു മുൻപുള്ള നിരവധി കേസുകൾ കോടതിയുടെ പരിഗണനയിലാണെന്നും ഇവയെല്ലാം തീർപ്പാക്കിയതിനുശേഷമേ ഈ കേസിൽ വാദം കേൾക്കാൻ സാധ്യതയുള്ളൂയെന്നും നിയമവിദഗ്ധരിൽ ചിലർ അഭിപ്രായപ്പെടുന്നു. അല്ലെങ്കിൽ വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിക്കണം. എന്നാൽ, നിർഭയ കേസിനുശേഷം സിആർപിസി സെക്ഷൻ 309ൽ ഭേദഗതി വന്നതിനാൽ രണ്ടു മാസത്തിനകം വിചാരണ പൂർത്തിയാകുമെന്ന നിഗമനത്തിലെത്തുന്നവരുമുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസ് വേഗത്തിൽ പൂർത്തിയാക്കാൻ പ്രത്യേക കോടതി വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടാലും ഇതു കോടതി അംഗീകരിക്കണമെന്നില്ല. നിർഭയ കേസിലും സൗമ്യ ജിഷ കേസിലും സാഹചര്യം വ്യത്യസ്ഥമായിരുന്നതിനാലാണ് പ്രത്യേക കോടതികൾ സ്ഥാപിച്ചത്.

പ്രത്യേക കോടതിയെന്ന ആവശ്യം കോടതി തള്ളിയാൽ മറ്റു കേസുകൾ തീരുന്ന മുറയ്ക്കേ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ ആരംഭിക്കൂ. പ്രത്യേക കോടതി വേണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടാൽ കോടതി സ്ഥാപിക്കുന്നതിനുള്ള നടപടികൾ സർക്കാരിന് ആരംഭിക്കാം.

പ്രത്യേക കോടതി സ്ഥാപിക്കാതിരിക്കുകയും വിചാരണ നീണ്ടുപോകുകയും ചെയ്താൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കണം എന്നാവശ്യപ്പെട്ട് ദിലീപിനു കോടതിയെ സമീപിക്കാവുന്നതാണ്. വിചാരണ നീണ്ടുപോകുന്നതിനാൽ താനിപ്പോഴും സംശയത്തിന്റെ നിഴലിലാണെന്നും കേസ് വേഗം തീർക്കാൻ ഇടപെടണമെന്നും ദിലീപിന് ആവശ്യപ്പെടാം. ഇതിനുള്ള സാധ്യത കുറവാണെന്നു നിയമവിദഗ്ധർ പറയുന്നു.

‘സിനിമാ താരങ്ങൾ ഉൾപ്പെട്ട കേസായതിനാൽ വേഗത്തിൽ പൂർത്തിയാക്കണമെന്ന് പറയാൻ കഴിയില്ല. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്’– അഡ്വ.ഡി.ബി.ബിനു പറയുന്നു.

രണ്ടു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാകുമെന്ന് നിയമവിദഗ്ധർ പറയുന്നതിനു പിന്നിൽ നിർഭയ കേസാണ്. നിർഭയ കേസിനു ശേഷം സിആർപിസി സെക്ഷൻ 309ൽ ഭേദഗതി വന്നിട്ടുണ്ട്. ഇതനുസരിച്ച് സ്ത്രീകൾ പീഡനത്തിന് ഇരയാകുന്ന കേസുകളിൽ രണ്ടു മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നാണ് നിർദേശം.

‘രണ്ടു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കേണ്ട കേസുകളുടെ കൂട്ടത്തിലാണ് ഈ കേസും. ചാർജ് ചെയ്തിരിക്കുന്ന വകുപ്പുകളും അത്തരത്തിലുള്ളതാണ്’– ഹൈക്കോടതി അഭിഭാഷകനായ അജകുമാർ പറയുന്നു.

‘നിർഭയാ കേസിനുശേഷം സെക്ഷൻ 376, 376A, 376B, 376C, 376D എന്നീ വിഭാഗങ്ങളിൽപ്പെടുന്ന കേസുകളിൽ രണ്ടു മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു നിർദേശം. ഇതുകൂടാതെ 2010ൽ സെക്ഷ്വൽ ഒഫൻസ് (സ്പെഷ്യൽ കോർട്ട്) ബിൽ കൊണ്ടുവന്നു. സ്റ്റേറ്റ് ഗവൺമെന്റും ചീഫ് ജസ്റ്റിസും തമ്മിൽ ആലോചിച്ച് പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്നായിരുന്നു വ്യവസ്ഥ. പിന്നീട് ഇതിന് എന്തു സംഭവിച്ചു എന്നറിയില്ല. ഇപ്പോൾ കേന്ദ്രസർക്കാർ മുൻകൈ എടുത്ത് അതിവേഗ കോടതികൾ സ്ഥാപിക്കുന്നുണ്ട്’–ഹൈക്കോടതി അഭിഭാഷൻ എസ്. സനൽകുമാർ പറയുന്നു.

കുറ്റപത്രം 90 ദിവസത്തിനുള്ളിൽ സമർപ്പിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. കുറ്റപത്രത്തിൽ ഗുരുതരമായ കണ്ടെത്തലുകളുണ്ടെങ്കിലും ദിലീപിനു പുറത്തുനിന്ന് വിചാരണ നേരിടാം. കോടതി പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ ഏതെങ്കിലും ലംഘിച്ചതായി കണ്ടെത്തിയാൽ മാത്രമേ ജാമ്യം റദ്ദുചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാകൂ.

related stories