Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജീവ് വധം: ഉദയഭാനുവിനെതിരായ തെളിവുകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കണം; ഹൈക്കോടതി

Adv CP Udayabhanu അഡ്വ. സി.പി. ഉദയഭാനു, ജോണി, രഞ്ജിത്

ചാലക്കുടി∙ പരിയാരത്ത് വസ്തു ഇടപാടുകാരൻ രാജീവിനെ കൊലപ്പെടുത്തിയ കേസിൽ അഡ്വ. സി.പി.ഉദയഭാനുവിനെതിരായ തെളിവുകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി. ക്രിമിനല്‍കേസ് പ്രതികള്‍ ബന്ധപ്പെട്ടുവെന്ന കാരണത്താല്‍ അഭിഭാഷകനെതിരെ ഗൂഢാലോചന ആരോപിക്കാമോ എന്നും കോടതി ചോദിച്ചു. ഉദയഭാനുവിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി 16ന് വീണ്ടും പരിഗണിക്കും. കേസിൽ അഡ്വ. ബി.രാമൻപിള്ള മുഖേനയാണ് ഉദയഭാനു മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

രാജീവിന്റെ വധത്തിൽ പങ്കില്ലെന്ന് അഭിഭാഷകൻ ഉദയഭാനു ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. സർക്കാരിനു വേണ്ടി ഒട്ടേറെ കേസുകളിൽ സ്പെഷൽ പ്രോസിക്യൂട്ടറായിരുന്ന താൻ നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നയാളാണ്. അതിനാൽ തന്നെ ഇത്തരമൊരു കൃത്യത്തിനു കൂട്ടു നിൽക്കില്ല. അറസ്റ്റിലായവരിൽനിന്ന് അന്വേഷണ ഉദ്യോഗസ്ഥർ തെറ്റായ മൊഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തന്നെ ഈ കേസുമായി ബന്ധിപ്പിക്കാൻ ന്യായീകരണങ്ങളൊന്നുമില്ല. ഈ ഘട്ടത്തിൽ തന്നെ ചോദ്യം ചെയ്യേണ്ട കാര്യവുമില്ല. അന്വേഷണവുമായി താൻ സഹരിക്കുമെന്നും അദ്ദേഹം മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കി.

കൊല്ലപ്പെട്ട രാജീവിന്റെ വീട്ടിൽ ഉദയഭാനു ചെല്ലുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചതിനു പിന്നാലെയാണ് മുൻകൂർ ജാമ്യത്തിനുള്ള ശ്രമം. ഉദയഭാനു രാജീവിന്റെ വീട്ടില്‍ പലതവണ വന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. ഇതുകൂടാതെ മറ്റു പല നിർണായക തെളിവുകളും പൊലീസിനു ലഭിച്ചിട്ടുള്ളതായാണു വിവരം. രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി അങ്കമാലി ചെറുമഠത്തിൽ ജോണി (ചക്കര ജോണി)യെയും കൂട്ടാളി രഞ്ജിത്തിനെയും പൊലീസ് നേരത്തെ പിടികൂടിയിരുന്നു.

ഇവരെ ആദ്യം പൊലീസ് ചോദ്യം ചെയ്തപ്പോൾ ഉദയഭാനുവിനെക്കുറിച്ച് യാതൊന്നും പരാമർശിച്ചിരുന്നില്ല. മുൻകൂട്ടി പറഞ്ഞുപഠിപ്പിച്ചതു പോലെയായിരുന്നു മറുപടികൾ. പിന്നീട് ഫോൺ സംഭാഷണ രേഖകളിൽ, സംഭവദിവസം ഇവരുടെ ഫോണിൽനിന്ന് അഭിഭാഷകന്റെ ഫോണിലേക്കു പോയ വിളികളുടെ വിവരമടക്കം എല്ലാ തെളിവുകളും കാണിച്ചപ്പോൾ പ്രതികൾക്ക് ഉത്തരംമുട്ടി. ഇതിനുശേഷമാണ് അഭിഭാഷകന്റെ പങ്കു സംബന്ധിച്ച് ഇരുവരും മൊഴി നൽകിയത്. ഉദയഭാനുവിന്റെ പങ്കു സംബന്ധിച്ച മറ്റു തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

റിമാൻഡ് റിപ്പോർട്ടിൽ ഉദയഭാനുവിന്റെ പേരും

രാജീവ് വധക്കേസിൽ പൊലീസ് തയാറാക്കിയ റിമാൻഡ് റിപ്പോർട്ടിൽ അഭിഭാഷകൻ സി.പി.ഉദയഭാനുവിന്റെ പേരുമുണ്ട്. രാജീവിനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഉദയഭാനുവിന്റെ പങ്കിലേക്കു നേരിട്ടു വെളിച്ചം വീശുന്നതാണ് റിമാൻഡ് റിപ്പോർട്ടിലെ പരാമർശങ്ങൾ.

റിപ്പോർട്ടിൽ പറയുന്നതിങ്ങനെ (പ്രസക്തഭാഗം മാത്രം): ‘റിയൽ എസ്റ്റേറ്റ് ബ്രോക്കറായിരുന്ന രാജീവിനെ തവളപ്പാറയിലെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്കു ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയത് അഡ്വ. സി.പി.ഉദയഭാനുവിനും കൂടി വേണ്ടിയായിരുന്നുവെന്നു ചക്കര ജോണി, രഞ്ജിത് പൈനാടത്ത് എന്നിവരുടെ മൊഴിയ‍ിൽ പറയുന്നു.’ ഉദയഭാനു, ചക്കര ജോണി എന്നിവരുമ‍ായുള്ള ഭൂമിയിടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തിന്റെ പേരിൽ രാജീവിനെ തട്ട‍ിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന പൊലീസ് നിഗമനം ശരിവയ്ക്കുന്നതാണ് പ്രതികളുടെ മൊഴി.

related stories