Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീനഗറിൽ ബിഎസ്എഫ് ക്യാംപിനുനേരെ ചാവേറാക്രമണം; സൈനികന് വീരമ്യത്യു

Terror-attack-in-Srinagar-Airport ശ്രീനഗർ വിമാനത്താവളത്തിനു പുറത്തുനിന്നുള്ള ദൃശ്യം. ചിത്രം: എഎൻഐ, ട്വിറ്റർ

ശ്രീനഗർ∙ വിമാനത്താവളത്തിനു സമീപം ബിഎസ്എഫ് ക്യാംപിനു നേരെയുണ്ടായ ചാവേറാക്രമണത്തിൽ ഒരു സൈനികന് വീരമ്യുത്യു. രണ്ടു ഭീകരനെ സൈന്യം വധിച്ചു. പരുക്കേറ്റ ജവാന്മാരെ സൈനികാശുപത്രിയിൽ പ്രവേശിപ്പിച്ചു. ശക്തമായ വെടിവയ്പ്പും സ്ഫോടന ശബ്ദങ്ങളും ഒരു മണിക്കൂറോളം നീണ്ടുനിന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നാലു ഭീകരരാണ് ക്യാംപിലേക്ക് ഇരച്ചുകയറിയത്. ക്യാംപിലെ ഒരു കെട്ടിടത്തിൽ ഇവർ ഒളിച്ചിരിക്കുന്നുവെന്ന നിഗമനത്തിൽ പരിശോധന തുടരുകയാണ്.

പുലർച്ചെ 4.30 ഓടെയാണ് ഭീകരർ ബിഎസ്എഫിന്റെ 182 ബറ്റാലിയൻ ക്യാംപിലേക്ക് കടന്നത്. ആക്രമണത്തിനു പിന്നിൽ ജയ്ഷെ മുഹമ്മദാണെന്നു സംശയിക്കുന്നതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. ഭീകരരും സേനയും തമ്മിലുള്ള കനത്ത വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണ്. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലും ജെസിഒ മെസ്സിലുമാണ് ഭീകരരെന്ന നിഗമനത്തിലാണ് സേന.

ചാവേറാക്രമണത്തെ തുടർന്ന് ശ്രീനഗർ വിമാനത്താവളം താൽക്കാലികമായി അടച്ചു. സമീപ പ്രദേശങ്ങള്‍ ഒഴിപ്പിച്ചു. വിമാനത്താവളത്തിലേക്കുള്ള റോഡുകൾ അടച്ചു. ചില വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ശ്രീനഗർ സിവിൽ ആൻഡ് ടെക്നിക്കൽ വിമാനത്താവളത്തിനു സമീപമാണ് ബിഎസ്എഫിന്റെ 182 ബറ്റാലിയൻ സ്ഥിതി ചെയ്യുന്നത്. സേനാവിഭാഗങ്ങളും വിഐപിക്കളും ഉപയോഗിക്കുന്ന വിമാനത്താവളമാണിത്.

ജമ്മു കശ്മീരിലെ സ്ഥിതിഗതിൽ വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിനു പിന്നാലെ മെട്രോകളിൽ അതീവജാഗ്രത നിർദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഉറി സൈനിക താവളത്തിനു നേരെ നടന്ന ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ, മിന്നലാക്രമണം നടത്തിയിരുന്നു.