Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നികുതി ഒഴ‍ിവാക്കി ഇന്ധനവില കുറയ്ക്കാനാകില്ല; കേന്ദ്രത്തിന്റേത് തട്ടിപ്പ്: ധനമന്ത്രി

Thomas Isaac

ആലപ്പുഴ∙ സംസ്ഥാനത്തിന്റെ നികുതി ഒഴ‍ിവാക്കി ഇന്ധനവില കുറയ്ക്കാനാകില്ലെന്നു മന്ത്രി ടി.എം. തോമസ് ഐസക്. നികുതി കുറയ്ക്കുന്നതു ചിന്തിക്കാനേ കഴിയില്ല. എക്സൈസ് നികുതിയില്‍ രണ്ടുരൂപ കുറച്ചതു കേന്ദ്രസര്‍ക്കാരിന്റെ തട്ടിപ്പാണെന്നും അദ്ദേഹം ആരോപിച്ചു. ജിഎസ്ടി വരുത്തിവച്ച സാമ്പത്തിക ബാധ്യതയ്ക്കു പുറമെ അധികഭാരം ഏറ്റെടുക്കാൻ സംസ്ഥാന സര്‍ക്കാരിനു കഴിയില്ല. വിലയേക്കാള്‍ വലിയ നികുതി പെട്രോളിനും ഡീസലിനും ഉപഭോക്താക്കള്‍ നല്‍കേണ്ടിവരുന്നതു കേന്ദ്രത്തിന്റെ പിടിപ്പുകേടുകൊണ്ടാണ്. സംസ്ഥാനത്ത് ഈടാക്കുന്ന മൂല്യവര്‍ധിത നികുതി കുറയ്ക്കാനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

പെട്രോളിനും ഡീസലിനുമുള്ള നികുതി കുറയ്ക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാർ ആവശ്യപ്പെട്ടിരുന്നു‍. ഇന്ധനങ്ങളുടെ വാറ്റ് അഞ്ചു ശതമാനം കുറയ്ക്കണമെന്നായിരുന്നു പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആവശ്യപ്പെട്ടത്. വിലവര്‍ധന പിടിച്ചുനിര്‍ത്താന്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് നികുതി കേന്ദ്രസര്‍ക്കാര്‍ രണ്ട് രൂപ കുറച്ചതിനു പിന്നാലെയാണ് സംസ്ഥാനങ്ങളോട് വാറ്റ് കുറയ്ക്കാന്‍ ആവശ്യപ്പെട്ടത്.

ഇന്ധനവില ഉയരുന്നതിനെതിരെ രാജ്യമെങ്ങും കനത്ത പ്രതിഷേധമാണ് നടക്കുന്നത്. ഇതേത്തുടർന്നാണ് പെട്രോളിനും ഡീസലിനും രണ്ടു രൂപ കുറച്ചത്. വില ദിവസവും നിശ്ചയിക്കാൻ ഇന്ധന കമ്പനികൾക്ക് അനുമതി നൽകിയ ശേഷം മൂന്നു മാസത്തിനകം 7.80 രൂപയാണു പെട്രോളിനു കൂടിയത്.

related stories