Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോക്കുകൂലിക്കെതിരെ വീണ്ടും ഹൈക്കോടതി; പണം കൊടുക്കേണ്ടി വന്നാൽ ബാങ്ക് വഴി മതി

Kerala-High-Court-4

കൊച്ചി ∙ നോക്കുകൂലിക്കെതിരെ കോടതികൾ പലകുറി ഉത്തരവിട്ടിട്ടും സ്ഥിതിഗതികൾ മാറ്റമില്ലാതെ തുടരുകയാണെന്നു ഹൈക്കോടതി. പല കേസുകളിൽ ഉത്തരവിട്ടിട്ടും പൊലീസ് നടപടിക്കു മുതിരാത്തതിനെതിരെ ശക്തമായ താക്കീത് നൽകുന്നതാണു കോടതി വിധി. കാഞ്ഞിരപ്പള്ളിയിലെ തടി വ്യാപാരിയായ ഷാഹുൽ ഹമീദ് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണു ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.

ക്രെയിൻ ഉപയോഗിച്ചു കയറ്റിറക്കു ജോലി ചെയ്യുന്ന വ്യാപാരി യൂണിയനുകൾക്കു പണം നൽകുന്നെങ്കിൽ ബാങ്ക് അക്കൗണ്ട് മുഖേനെയേ പാടുള്ളൂ. തൊഴിലാളികളുടെ ആധാർ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഇതിനായി ലഭ്യമാക്കണം. ആദായനികുതി നിയമത്തിലെ പുതിയ വ്യവസ്ഥയനുസരിച്ചു പണമായി നൽകാവുന്ന തുകയ്ക്കു പരിധിയുണ്ടെന്നു കോടതി വ്യക്തമാക്കി. തൊഴിലാളി യൂണിയനുകളുടെ അനാവശ്യ ഇടപെടലിനെതിരെ 2017 ഏപ്രിൽ ഏഴിന് ഉത്തരവുണ്ടായിട്ടും നടപ്പാകുന്നില്ലെന്നും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും ഹർജിക്കാരൻ ആരോപിച്ചു. ക്രെയിൻ ഉപയോഗിച്ചുള്ള കയറ്റിറക്കു ജോലി എഐടിയുസി, സിഐടിയു തൊഴിലാളികൾ തടസ്സപ്പെടുത്തുന്നതായി പരാതി കിട്ടിയാൽ കാഞ്ഞിരപ്പള്ളി പൊലീസ് അവരെ അറസ്റ്റ് ചെയ്തു റിപ്പോർട്ട് ചെയ്യണമെന്നു കോടതി നിർദേശിച്ചു. ഹൈക്കോടതിയാകും അവരുടെ ജാമ്യം പരിഗണിക്കുക. നടപടിയെടുത്തില്ലെങ്കിൽ പൊലീസിനെതിരെ നടപടിയെടുക്കും.

ക്രെയിൻ ഉപയോഗിക്കുമ്പോൾ ജോലി ചെയ്താലും ഇല്ലെങ്കിലും തൊഴിലാളികൾക്കു നോക്കുകൂലി കൊടുക്കേണ്ട സ്ഥിതിയാണ്. യൂണിയനുകളുടെ സംഘടിത ശക്തിക്കു മുന്നിൽ നിസ്സഹായനായ ഒരു വ്യാപാരിയുടെ ദുരിതം ശ്രദ്ധയിൽപ്പെട്ടതിനാലാണു നിർദേശം. യൂണിയൻ നേതാക്കളുടെ സാന്നിധ്യത്തിലാണ് ഉത്തരവെന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാരന്റെ തടി ഡിപ്പോയിൽ കയറ്റിറക്കു ജോലിക്കു നിശ്ചിത തുക നിശ്ചയിച്ച് യൂണിയനുകളുമായി കരാറുണ്ട്. ക്രെയിൻ ഉപയോഗിച്ചും തന്റെ തൊഴിലാളികളെ വച്ചും കയറ്റിറക്കു ജോലി നടത്താൻ കഴിയുമെങ്കിലും യൂണിയനുകൾ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയാണെന്നു ഹർജിയിൽ പറയുന്നു. യൂണിയൻ റജിസ്ട്രേഷനുള്ള തൊഴിലാളികളെ തന്നെ നിയോഗിക്കണമെന്നാണ് അവരുടെ ആവശ്യം. ദിവസവും 500 ഘനമീറ്റർ തടി നീക്കണം, ഇതിനായി യൂണിയനുകൾക്ക് 25,000 രൂപ നോക്കുകൂലി നൽകേണ്ടി വരുന്നുണ്ടെന്നും ഹർജിക്കാരൻ ബോധിപ്പിച്ചു.

related stories