Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടിച്ചമർത്തൽ സിപിഎം രീതിയല്ല, ചെന്നിത്തലയ്ക്ക് മറുപടിയുമായി പിണറായി

Pinarayi Vijayan

തിരുവനന്തപുരം∙ ജനജീവിതം സ്തംഭിപ്പിച്ച് ഇടതുപക്ഷ സർക്കാർ ജനരക്ഷായാത്രയിൽ അമിത്ഷായ്ക്ക് വഴിയൊരുക്കിയെന്ന രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളിൽ റാലികളും ബഹുജന മുന്നേറ്റങ്ങളും വിമർശന ശബ്ദവും തടയാൻ ജനാധിപധ്യ വിരുദ്ധമായ പല രീതികളും, നിരോധനാജ്ഞയും വിലക്കും ഇന്റർനെറ്റ് ബ്ലോക്ക് ചെയ്യലുമുൾപ്പെടെ തെറ്റായ പല നടപടികളും ഉണ്ടാകുന്നുണ്ട്. അത് കേരളത്തിൽ സംഭവിക്കുന്നില്ല. ഇവിടെയാണ്, കേരളവും സംസ്ഥാന സർക്കാരും അഭിമാനത്തോടെ വ്യത്യസ്തത പുലർത്തുന്നതും മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായി മാറുന്നതെന്നും പിണറായി സമൂഹമാധ്യമത്തിൽ കുറിച്ചു.

ഹരിതാഭമായ പ്രകൃതിയും ഉയർന്ന നിലവാരത്തിലുള്ള ജീവിതവും കാണാനും അനുഭവിക്കാനും എല്ലാവരെയും സ്വാഗതം ചെയ്യുമ്പോൾ തന്നെ, ഇവിടത്തെ സമാധാനവും മതനിരപേക്ഷതയും തകർക്കാൻ ഒരുമ്പെട്ട് വരുന്നവരെ കർക്കശമായി നേരിടുമെന്നും ചെന്നിത്തലയ്ക്ക് പിണറായി ഉറപ്പു നൽകി.

മുഖ്യമന്ത്രിയുടെ കുറിപ്പ് വായിക്കാം:

പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല ബിജെപിയുടെ ജാഥയെ കുറിച്ചുള്ള പ്രതികരണത്തിൽ ഒരു ആശങ്ക പങ്കു വെച്ചതായി കണ്ടു. ‘ജനജീവിതം സ്തംഭിപ്പിച്ചാണ് ഇടതുപക്ഷ സർക്കാർ അമിത്ഷായ്ക്ക് വഴിയൊരുക്കിയത്’ എന്ന് അദ്ദേഹം പറയുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇതര രാഷ്ട്രീയ പാർട്ടികൾക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്നത് പോലെയോ നേതാക്കളെ അറസ്റ്റു ചെയ്തോ അനുമതി നിഷേധിച്ചോ സുരക്ഷാ നൽകാതെയോ എന്ത് കൊണ്ട് കേരളത്തിൽ ബിജെപിയുടെ ‘ജനരക്ഷാ യാത്ര’ യെ നേരിട്ടില്ല എന്നതാണ് അദ്ദേഹത്തിൻറെ ആശങ്ക. 

ശരിയാണ് പ്രിയ സുഹൃത്ത് രമേശ്, ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളിൽ റാലികളും ബഹുജന മുന്നേറ്റങ്ങളും വിമർശന ശബ്ദവും തടയാൻ ജനാധിപധ്യ വിരുദ്ധമായ പല രീതികളും, നിരോധനാജ്ഞയും വിലക്കും ഇന്റർനെറ്റ് ബ്ലോക്ക് ചെയ്യലുമുൾപ്പെടെ തെറ്റായ പല നടപടികളും ഉണ്ടാകുന്നത് നാം കാണുന്നുണ്ട്. അത് കേരളത്തിൽ സംഭവിക്കുന്നില്ല. ഇവിടെയാണ്, കേരളവും കേരള സർക്കാരും അഭിമാനത്തോടെ വ്യത്യസ്തത പുലർത്തുന്നത്. മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായി മാറുന്നത്.

ഇടതുപക്ഷ പാർട്ടികളും ഇടതുപക്ഷം നയിക്കുന്ന സർക്കാരുകളും എക്കാലത്തും ജനാധിപത്യ മൂല്യങ്ങളെയും അഭിപ്രായ സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ചത് കൊണ്ടോ സുരക്ഷാ സൗകര്യം വെട്ടിച്ചുരുക്കിയത് കൊണ്ടോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ തകർക്കാനാവില്ല എന്ന് ഞങ്ങൾക്ക് നന്നായറിയാം. ഇടതുപക്ഷത്തിനെതിരെ സംഘപരിവാർ സർവ ശക്തിയും ഉപയോഗിച്ച് ആക്രമണം നടത്തുന്നത്, ഞങ്ങൾ ഉയർത്തുന്ന രാഷ്ട്രീയം സംഘപരിവാറിന്റെ അജണ്ടകളെ തുറന്നുകാട്ടുന്നതും പ്രതിരോധിക്കുന്നതും ആണ് എന്നതു കൊണ്ടാണ്.

എന്തായാലും, ശ്രീ രമേശ്, കേരളം അതിന്റെ ഹരിതാഭമായ പ്രകൃതിയും ഉയർന്ന നിലവാരത്തിലുള്ള ജീവിതവും കാണാനും അനുഭവിക്കാനും എല്ലാവരെയും സ്വാഗതം ചെയ്യുമ്പോൾ തന്നെ, ഇവിടത്തെ സമാധാനവും മതനിരപേക്ഷതയും തകർക്കാൻ ഒരുമ്പെട്ട് വരുന്നവരെ കർക്കശമായി നേരിടുമെന്ന് ഞാൻ അങ്ങേയ്ക്കു ഉറപ്പു നൽകുന്നു.

ബിജെപിയുടെ ‘യാത്ര’ പരാജയമാണ് എന്ന അങ്ങയുടെ നിഗമനത്തോട് യോജിക്കുന്നു. ഒപ്പം, അമിത്ഷായുടെ മേദസ്സു കുറയ്ക്കാൻ മാത്രമേ അത് ഉപകാരപ്പെടൂ എന്നതിനോടും.

related stories