Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഞ്ച്കുളയിലെ കലാപത്തിന് ഹണിപ്രീത് നൽകിയത് 1.25 കോടി രൂപയെന്ന് വെളിപ്പെടുത്തൽ

Honeypreet-Insan ഹണിപ്രീതിനെ കോടതിയിൽ ഹാജരാക്കുന്നതിന് എത്തിച്ചപ്പോൾ

പഞ്ച്കുള∙ മാനഭംഗക്കേസിൽ ശിക്ഷിക്കപ്പെട്ട ദേരാ സച്ച സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിന്റെ വളർത്തുമകൾ ഹണിപ്രീത് ഇൻസാന് (36) കലാപത്തിൽ നേരിട്ടു പങ്കുണ്ടെന്നതിന് തെളിവ്. ഗുർമീതിന്റെ അറസ്റ്റിനു ദിവസങ്ങൾക്കു മുൻപ് പഞ്ച്കുള ബ്രാഞ്ചിന്റെ തലവനു ഹണിപ്രീത് 1.25 കോടി നൽകിയെന്നാണു വെളിപ്പെടുത്തൽ. ഗുർമീതിന്റെ ഡ്രൈവറും സന്തതസഹചാരിയുമായ രാകേഷ് കുമാറാണ് ഇങ്ങനെ മൊഴി നൽകിയത്. പഞ്ച്കുള ബ്രാഞ്ച് തലവൻ ചംകൗർ സിങ്ങിനു നൽകിയ പണം കലാപത്തിനാണ് ഉപയോഗിച്ചതെന്നാണു പൊലീസ് വിലയിരുത്തുന്നത്.

സെപ്റ്റംബർ 27നാണ് രാകേഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഓഗസ്റ്റ് 15ന് കേസിന്റെ വിധി ദിവസം ഗുർമീതിനെയും ഹണിപ്രീതിനെയും പഞ്ച്കുളയിൽ എത്തിച്ചതും വിധിക്കുശേഷം ഹണിപ്രീതിനെ തിരികെ സിർസയിൽ എത്തിച്ചതും ഇയാളായിരുന്നു. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തലവൻ എസിപി മുകേഷ് മൽഹോത്രയുടെ കസ്റ്റഡിയിലാണു രാകേഷ് ഇപ്പോൾ. വിധി പ്രസ്താവിച്ചതിനു പിന്നാലെയുണ്ടായ കലാപത്തിൽ 38 പേരാണു കൊല്ലപ്പെട്ടത്.

വിധി എതിരാകുമെന്ന വിലയിരുത്തലിൽ അതിനുമുൻപു തന്നെ കലാപം നടത്താനുള്ള പദ്ധതി തയാറാക്കിയിരുന്നതായി പഞ്ച്കുള കമ്മിഷണർ എ.എസ്.ചൗല പറഞ്ഞു. ഹണിപ്രീതിനൊപ്പം അറസ്റ്റിലായ സുഖ്ദീപ് കൗറും ഭർത്താവ് ഇക്ബാൽ സിങ്ങും ദേരയുടെ അടിസ്ഥാന ഗ്രൂപ്പിൽപ്പെട്ടവരാണ്. ആയുധങ്ങൾ കൈകാര്യം ചെയ്യാനും ഡ്രൈവിങ്ങിനും സുഖ്ദീപിന് പരിശീലനം ലഭിച്ചിരുന്നു. അതേസമയം, ചോദ്യം ചെയ്യലിൽ പൊലീസിനോടു ഹണിപ്രീത് സഹകരിച്ചില്ലെന്നു മാത്രമല്ല വഴിതെറ്റിക്കാൻ ശ്രമം നടത്തിയെന്നും കമ്മിഷണർ പറഞ്ഞു.

ഗുർമീതിനെതിരെ കോടതിവിധി വന്നതിനെ തുടർന്നു പഞ്ച്കുളയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിനു നേതൃത്വം നൽകിയെന്ന കേസിലാണു ഹണിപ്രീത് എന്ന പ്രിയങ്ക തനേജയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഒരു മാസത്തിലേറെ ഒളിവിലായിരുന്നു. രാജ്യദ്രോഹക്കുറ്റം, കലാപശ്രമം, ഗുര്‍മീതിനെ കോടതയിൽനിന്നു രക്ഷിക്കാന്‍ ശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ഹണിപ്രീതിനെതിരെ ചുമത്തിയിട്ടുള്ളത്.