Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയലളിതയെ കാണാൻ സമ്മതിച്ചില്ല; പ്രവേശനം രണ്ടാംനില വരെ മാത്രം: മൊഴി നൽകുമെന്ന് മന്ത്രി

INDIA-POLITICS-JAYALALITHAA

ചെന്നൈ∙ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ച വിവാദം കത്തിപ്പടരവേ വെളിപ്പെടുത്തലുമായി ടൂറിസം മന്ത്രിയും രംഗത്ത്. ആരോഗ്യനില മോശമായതിനെത്തുടർന്ന്  ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജയലളിതയെ കാണാൻ തന്നെ അനുവദിച്ചില്ലെന്ന് മന്ത്രി വെള്ളമാണ്ടി.എൻ.നടരാജൻ വെളിപ്പെടുത്തി.

ആശുപത്രിയുടെ രണ്ടാം നില വരെ മാത്രമേ മന്ത്രിമാർക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. അവിടെയുള്ള ജയലളിതയുടെ മുറിയിലേക്ക് ആരെയും കടത്തിവിട്ടിരുന്നില്ല. എല്ലാ മന്ത്രിമാരുടെയും അവസ്ഥ ഇതായിരുന്നുവെന്നും വെള്ളമാണ്ടി പറഞ്ഞു. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ഏകാംഗ കമ്മിഷനു മുൻപാകെ ഇക്കാര്യം ഉൾപ്പെടെ തുറന്നു പറയാൻ തയാറാണെന്നും മന്ത്രി വ്യക്തമാക്കി.

ആശുപത്രിയിലെ രണ്ടാം നില പൂർണമായും ജയലളിതയ്ക്കു വേണ്ടി മാറ്റിവച്ചിരിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ആവശ്യപ്പെട്ടാൽ ഒരുപക്ഷേ എല്ലാ മന്ത്രിമാരും കമ്മിഷനു മുന്നിൽ മൊഴി നൽകുമെന്നും വെള്ളമാണ്ടി പറഞ്ഞു. റിട്ട. മദ്രാസ് ഹൈക്കോടതി ജഡ്ജ് എ.അറുമുഖസാമിയെയാണ് ജയലളിതയുടെ മരണം സംബന്ധിച്ച വിവാദങ്ങൾ അന്വേഷിക്കാൻ സർക്കാർ നിയോഗിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം സെപ്റ്റംബർ 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസംബർ അഞ്ചിന് നിര്യാതയാവുകയും ചെയ്തു. തുടർന്നാണ് മരണം സംബന്ധിച്ച വിവാദങ്ങൾ തലപൊക്കിയത്. മന്ത്രിമാർ ഉൾപ്പെടെയുള്ള അണ്ണാഡിഎംകെ നേതാക്കളെ ജയലളിതയെ കാണാൻ സന്ദർശിച്ചില്ല എന്നതായിരുന്നു പ്രധാന ആരോപണം. 

തോഴി ശശികലയ്ക്കു മാത്രമായിരുന്നു മുറിയിൽ പ്രവേശനം. ജയലളിതയെ കാണാൻ തന്നെ അനുവദിച്ചില്ലെന്ന വിമർശനവുമായി ആദ്യം മന്ത്രി ഡിണ്ടിഗൽ ശ്രീനിവാസനാണ് രംഗത്തെത്തിയത്. ഇദ്ദേഹത്തെ പിന്തുണച്ചും മന്ത്രിമാരെത്തി . എന്നാൽ ജയയെ കാണാൻ അനുവദിച്ചിരുന്നെന്ന് ചില അണ്ണാഡിഎംകെ നേതാക്കൾ വ്യക്തമാക്കിയിരുന്നു.