Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സുസജ്ജം: വ്യോമസേനാ മേധാവി ധനോവ

Birender Singh Dhanoa

ന്യൂ‍ഡൽഹി ∙ അടിയന്തര സാഹചര്യമുണ്ടായാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ യുദ്ധസജ്ജരാകാൻ ഇന്ത്യൻ വ്യോമസേനയ്ക്കു സാധിക്കുമെന്ന് വ്യോമസേനാ മേധാവി ബി.എസ്. ധനോവ. വ്യോമസേനാ ദിനത്തോട് അനുബന്ധിച്ച് സേനാംഗങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിനെതിരെ ഏതു തരത്തിലുള്ള സുരക്ഷാ ഭീഷണി ഉയർന്നാലും അതിനെ ചെറുക്കാനും സേന സുസജ്ജമാണെന്നും ധനോവ പ്രഖ്യാപിച്ചു.

നിലവിലെ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് വ്യോമസേനാ മേധാവിയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. സാങ്കേതികമായി സൈന്യം കൂടുതൽ മികവ് സ്വായത്തമാക്കി വരികയാണ്. കരസേന, നാവികസേന എന്നിവയുമായി ചേർന്ന് രാജ്യസുരക്ഷയ്ക്കായി പ്രവർത്തിക്കാൻ വ്യോമസേന പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ എല്ല വ്യോമസേനാ താവളങ്ങളുടെയും സുരക്ഷ ഏതുവിധത്തിലുമുള്ള ഭീഷണികളെയും നേരിടാൻ പാകത്തിലാക്കിക്കഴിഞ്ഞു. പഠാൻകോട്ട് വ്യോമസേനാ താവളത്തിൽ കഴിഞ്ഞ വർഷമുണ്ടായ ഭീകരാക്രമണത്തിനുശേഷം ഇതിനു കൂടുതൽ പ്രാമുഖ്യം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ജനുവരിയിൽ നുഴഞ്ഞുകയറിയെത്തിയ ഭീകരരാണ് പഠാൻകോട്ട് വ്യോമസേനാ താവളം ആക്രമിച്ചത്. ഇതിൽ ഏഴു സൈനികർക്കു ജീവൻ നഷ്ടമായിരുന്നു. ആക്രമണത്തിനു നേതൃത്വം നൽകിയ നാലു ഭീകരരെ സുരക്ഷാസേന വധിക്കുകയും ചെയ്തു.

related stories