Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാമ്പത്തികശാസ്ത്ര നൊബേൽ റിച്ചാർഡ് എച്ച്. തെയ്‌ലർക്ക്

Richard H Thaler

സ്റ്റോക്കോം∙ സാമ്പത്തിക ശാസ്ത്രത്തിൽ ഇത്തവണത്തെ നൊബേൽ പുരസ്കാരം അമേരിക്കൻ വിദഗ്ധൻ ഡോ.റിച്ചാർഡ് എച്ച്. തെയ്‌ലെർ(72)ക്ക്. ബിഹേവിയറൽ ഇക്കണോമിക്സിലെ നിർണായക സംഭാവനകളെ മാനിച്ചാണ് പുരസ്കാരം. സാമ്പത്തികരംഗവുമായി ബന്ധപ്പെട്ടുണ്ടായ തീരുമാനങ്ങളെടുക്കുമ്പോൾ അതോടൊപ്പം മനഃശാസ്ത്രപരമായി കൃത്യമായ നിഗമനങ്ങൾ കൂട്ടിച്ചേർത്തതാണ് തെയ്‌ലറുടെ നേട്ടമെന്ന് നൊബേൽ സമിതി വിലയിരുത്തി.

റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് ആണ് പുരസ്കാരം പ്രഖ്യാപിച്ചത്. 11 ലക്ഷം ഡോളറാണ് സമ്മാനത്തുക. സ്വീഡനിലെ സെൻട്രൽ ബാങ്കാണ് പുരസ്കാരം നൽകുന്നത്. ഇതോടെ ഈ വർഷത്തെ എല്ലാ നൊബേൽ സമ്മാനങ്ങളും പ്രഖ്യാപിച്ചു. ഇന്ത്യയുടെ മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ സാമ്പത്തിക നൊബേലിന്റെ ഊഹപ്പട്ടികയിൽ ഇടം നേടിയിരുന്നു.

വ്യക്തികളും സ്ഥാപനങ്ങളും സാമ്പത്തികപരമായ തീരുമാനങ്ങളെടുക്കുമ്പോൾ മനഃശാസ്ത്രപരവും സാമൂഹികവും വികാരപരവുമായ ഘടകങ്ങൾ എത്രമാത്രം സ്വാധീനം ചെലുത്തുമെന്നതിനെപ്പറ്റിയുള്ള പഠനമാണ് ബിഹേവിയറൽ ഇക്കണോമിക്സിൽ ഉൾപ്പെടുന്നത്. അതുവഴിയുണ്ടാകുന്ന ഫലങ്ങളും പഠനവിധേയമാക്കും. മനുഷ്യന്റെ മനഃശാസ്ത്രപരമായ സമീപം സാമ്പത്തികമേഖലയുമായി ബന്ധപ്പെട്ടുണ്ടാകുന്ന തീരുമാനങ്ങളിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നുവെന്നുള്ളതുമായി ബന്ധപ്പെട്ട തെയ്‌ലറുടെ ഗവേഷണങ്ങൾക്കാണ് നൊബേൽ അംഗീകാരം.

ഏതൊരു സാമ്പത്തിക മാതൃകയ്ക്ക് രൂപം നൽകുമ്പോഴും അതിൽ മനുഷ്യന്റെ പങ്കാളിത്തത്തെ വിസ്മരിക്കാനാകില്ലെന്ന കാര്യം ഊന്നിപ്പറയുകയാണ് താൻ ചെയ്തതെന്ന് തെയ്‌ലർ വ്യക്തമാക്കുന്നു. 1945 സെപ്റ്റംബർ 12ന് ന്യൂജഴ്സിയിൽ ജനിച്ച ഇദ്ദേഹം നിലവിൽ ഷിക്കാഗോ സർവകലാശാലയിലെ ബിഹേവിയറൽ സയൻസ് ആൻഡ് എക്കണോമിക്സ് വിഭാഗത്തില്‍ പ്രഫസറാണ്. ദ് വിന്നേഴ്സ് കഴ്സ്, അഡ്വാൻസസ് ഇൻ ബിഹേവിയറൽ ഫിനാൻസ്, മിസ്ബിഹേവിങ്: ദ് മേക്കിങ് ഓഫ് ബിഹേവിയറൽ ഇക്കണോമിക്സ് ഉൾപ്പെടെയുള്ള പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

ഫുള്ളർ ആൻഡ് തെയ്‌ലർ എന്ന കമ്പനിയുടെ സ്ഥാപകനാണ്. ‘ദ് ബിഗ് ഷോർട്’ എന്ന സിനിമയിൽ തെ‌യ്‌ലറായിത്തന്നെ അതിഥിതാരമായും എത്തിയിട്ടുണ്ട്.