Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരാർ ഓർമിപ്പിച്ച് ചൈന; നിർമലയുടെ ‘നമസ്തേ’യെ പ്രകീർത്തിച്ച് മാധ്യമങ്ങൾ

Nirmala-Sitharaman ഇന്ത്യ–ചൈന അതിർത്തിയിലുള്ള നാഥുല സൈനിക പോസ്റ്റിലെത്തിയ പ്രതിരോധമന്ത്രി നിർമല സീതാരാമൻ തന്റെ ചിത്രം പകത്തുന്ന ചൈനീസ് സൈനികരെ അഭിവാദ്യം ചെയ്യുന്നു.

ബെയ്ജിങ്∙ ഇന്ത്യയുമായി ചൈന അതിർത്തി പങ്കിടുന്ന നാഥുലാ സൈനിക പോസ്റ്റിൽ പ്രതിരോധമന്ത്രി നിർമല സീതാരാമൻ നടത്തിയ സന്ദർശനത്തെ പ്രകീർത്തിച്ച് ചൈനീസ് മാധ്യമങ്ങൾ. പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) അംഗങ്ങളെ ‘നമസ്തേ’യുടെ അർഥം പഠിപ്പിക്കാൻ നിർമല ശ്രമിക്കുന്ന ദൃശ്യങ്ങൾ വൈറലായതോടെ, സമാധാനത്തിലേക്കുള്ള പുതിയ പാത തുറക്കുന്നതിന്റെ സൂചനയായാണ് ചൈനീസ് നയതന്ത്ര വിദഗ്ധരും ഇതിനെ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം 1890ൽ ബ്രിട്ടനുമായുണ്ടാക്കിയ കരാർ പ്രകാരം നിർണയിച്ച അതിർത്തിയെപ്പറ്റി ഇന്ത്യയ്ക്ക് ഓർമയുണ്ടായിരിക്കണമെന്നു ചൈന പറഞ്ഞു. അതിർത്തിത്തർക്കത്തിൽ എല്ലായ്പ്പോഴും ചൈന മുന്നോട്ടു വയ്ക്കുന്നത് ഈ കരാറാണ്. 1888ലെ സിക്കിം യുദ്ധത്തെത്തുടർ‌ന്നു ബ്രിട്ടന്റെ മേധാവിത്വത്തെ അംഗീകരിച്ച് ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പിട്ടതാണ് 1890ലെ കരാർ.

സിക്കിമുമായി ചേർന്നുള്ള ടിബറ്റിന്റെ അതിർത്തി പ്രദേശം സംബന്ധിച്ച് കരാറിൽ കൃത്യമായ ധാരണയുണ്ട്. ഇതനുസരിച്ച് മുന്നോട്ടു പോകാൻ ഇന്ത്യ തയാറായാൽ അതിർത്തിയിൽ സമാധാനം ഉറപ്പാക്കാൻ തങ്ങളും പ്രതിജ്ഞാബദ്ധരാണെന്ന് ചൈന ഉറപ്പു നൽകി. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറുകളും ഉടമ്പടികളും അനുസരിച്ച് അതിർത്തിയിൽ സമാധാനം നിലനിർക്കാൻ ചൈന തയാറാണ്. 1890ലെ അതിർത്തികരാറിലെ ‘നിർണായക സാക്ഷി’യാണ് നാഥുലായെന്നും ചൈന പ്രതികരിച്ചു.

അതിനിടെ, ദോക് ലാ സംഭവത്തെത്തുടർന്ന് വിള്ളലുണ്ടായ ഇന്ത്യ–ചൈന ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള നല്ല സന്ദേശമാണ് പ്രതിരോധമന്ത്രിയുടെ സന്ദർശനത്തിലൂടെ ചൈനയ്ക്കു ലഭിച്ചിരിക്കുന്നതെന്നു ചൈനീസ് മാധ്യമങ്ങള്‍ വ്യക്തമാക്കി. പിഎൽഎ അംഗങ്ങളുമായി നാഥുലായിൽ പ്രതിരോധമന്ത്രി സംസാരിച്ചതിന്റെ വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയാണു ചൈനയുടെ ഔദ്യോഗിക ചാനൽ സിജിടിഎൻ വാർത്ത നൽകിയത്. ചൈനീസ് സൈന്യത്തെ അഭിവാദ്യം ചെയ്യുന്ന ഇന്ത്യൻ പ്രതിരോധമന്ത്രി എന്നായിരുന്നു വിശേഷണം.

ചൈനീസ് സൈനികരുടെ ഭാഗത്തുനിന്നും മികച്ച രീതിയിലുള്ള ഇടപെടലാണു മന്ത്രിയോടുണ്ടായതെന്നും റിപ്പോർട്ടിൽ അഭിനന്ദിക്കുന്നു. ഉഭയകക്ഷിബന്ധം പുനഃസ്ഥാപിക്കപ്പെടുമെന്നതിന്റെ സൂചനയായാണ് ഇതിനെ ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക പത്രം ‘ഗ്ലോബൽ ടൈംസ്’ വിശേഷിപ്പിച്ചത്. നിർമലയുടെ സന്ദര്‍ശനത്തെ സംബന്ധിച്ച പ്രത്യേക റിപ്പോർട്ടും പത്രം നൽകി. അതിർത്തിയിലെ സുരക്ഷ സംബന്ധിച്ച ‘മിഥ്യാഭയം’ ഇന്ത്യ ഒഴിവാക്കണമെന്നും ഗ്ലോബൽ ടൈംസ് എഡിറ്റോറിയലിൽ പറയുന്നു. ചൈനയിലെ സമൂഹമാധ്യമങ്ങളിലും നിർമലയുടെ ‘നമസ്തേ’ ചർച്ചയായി.

3488 കിലോമീറ്റർ വരുന്ന ഇന്ത്യ–ചൈന അതിർത്തിയിൽ 220 കിലോമീറ്റർ ഭാഗം വരുന്നതു സിക്കിമിനോടു ചേർന്നാണ്. ചൈനയുടെ കീഴിലുള്ള ടിബറ്റുമായി സിക്കിം അതിർത്തി പങ്കിടുന്ന ഭാഗമാണിത്. മേഖലയിൽ അവകാശവാദം ഉന്നയിച്ച് ഇരുവിഭാഗത്തെയും പ്രത്യേക പ്രതിനിധികളെ ഉൾപ്പെടുത്തി 19 തവണ ചർച്ചയും നടത്തി. എന്നിട്ടും ദോക് ലാമിലും നാഥുലായിലുമെല്ലാം ഇന്ത്യ–ചൈന സൈനികർ അടുത്തിടെ നേർക്കുനേർ വന്ന സംഭവങ്ങളുണ്ടായിരുന്നു.

അതിർത്തിയിൽ ചൈന റോഡ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയെന്ന വാർത്ത കൂടി പുറത്തെത്തിയതോടെയാണു പ്രതിരോധമന്ത്രി നാഥുലാ സന്ദർശിച്ചത്. എന്നാൽ ആശങ്കപ്പെടേണ്ട നീക്കങ്ങളൊന്നും ചൈനയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.