Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൈനികരുടെ മൃതദേഹം കാർഡ് ബോർഡ് പെട്ടിയിൽ; സേന വിവാദത്തിൽ

Soldier's bodies സൈനികരുടെ മൃതദേഹം കാർഡ് ബോർഡ് പെട്ടിയിൽ എത്തിച്ചപ്പോൾ

ന്യൂ‍ഡൽഹി∙ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികരുടെ മൃതദേഹങ്ങൾ കാർഡ് ബോർഡ് പെട്ടിയിലാക്കി എത്തിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അരുണാചൽ പ്രദേശിലെ തവാങ്ങിൽ രണ്ടു ദിവസം മുൻപുണ്ടായ ഹെലിക്കോപ്റ്റർ അപകടത്തിൽ മരിച്ച സൈനികരുടെ മൃതദേഹങ്ങളാണു പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞു കാർഡ് ബോർഡിൽ കെട്ടി അയച്ചത്.

ലഫ്റ്റനന്റ് ജനറൽ (റിട്ട) എച്ച്.എസ്. പനാഗ് ഇതിനെതിരെ രംഗത്തെത്തി. മാതൃരാജ്യത്തെ സേവിക്കാൻ ഏഴു ചെറുപ്പക്കാർ വെയിലത്തിറങ്ങി. ഇങ്ങനെയാണ് അവർ തിരിച്ചുവന്നത് – പനാഗ് ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് ഐഎഎഫ് എംഐ –17 ഹെലിക്കോപ്റ്റർ തകർന്ന് ഏഴു സൈനികർ മരിച്ചത്. രണ്ടു പൈലറ്റുമാരുൾപ്പെടെ അഞ്ച് വ്യോമസേന ഉദ്യോഗസ്ഥരും രണ്ട് സൈനികരുമാണു മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ എത്തിക്കാൻ പര്യാപ്തമായ സംവിധാനങ്ങൾ പ്രാദേശികമായി ലഭിക്കാതെ വന്നതാണ് ഇത്തരമൊരു സാഹചര്യത്തിന് ഇടയാക്കിയതെന്നാണു സേനയുടെ വിശദീകരണം.

അതേസമയം, ബോഡി ബാഗുകളിലോ തടിപ്പെട്ടികളിലോ ശവപ്പെട്ടികളിലോ മൃതദേഹങ്ങൾ എത്തിച്ചുകൂടായാരുന്നോ എന്ന് സേനയുടെ പബ്ലിക് റിലേഷൻസ് ഓഫിസർ കേണൽ അമാൻ ആനന്ദ് ചോദിക്കുന്നു. കൊല്ലപ്പെട്ട ജവാന്മാർക്ക് എല്ലാ സൈനിക ബഹുമതികളും ഉറപ്പുവരുത്തേണ്ടതാണ്. മൃതദേഹങ്ങൾ ബോഡി ബാഗിലോ തടിപ്പെട്ടി, ശവപ്പെട്ടികളിലോ വേണം എത്തിക്കാനെന്നും അദ്ദേഹം പറയുന്നു. എന്നാൽ സമുദ്രനിരപ്പിൽനിന്ന് 17,000 അടി ഉയരത്തിലുള്ള ഇവിടെ ഹെലിക്കോപ്റ്ററുകൾക്ക് ആറു ശവപ്പെട്ടികൾ താങ്ങാൻ സാധിക്കില്ല. അതിലാണു ലഭ്യമായ സംവിധാനങ്ങളിൽ മൃതദേഹങ്ങളെത്തിച്ചതെന്നു സേനാവൃത്തങ്ങൾ അറിയിച്ചു. ഗുവാഹത്തി സൈനികാശുപത്രിയിൽ എത്തിച്ച മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ഉടൻതന്നെ തടിപ്പെട്ടികളിലേക്കു മാറ്റിയിരുന്നു.

നടപടിയെ ആദ്യം പിന്തുണച്ചെങ്കിലും പിന്നീട്, നടന്നതു വലിയ ചട്ടലംഘനമാണെന്നു സൈന്യം ഔദ്യോഗികമായി അറിയിച്ചു. ബോഡി ബാഗുകളും ശവപ്പെട്ടികളും ഇനി ഉറപ്പു വരുത്തുമെന്നും എല്ലാ സൈനിക ബഹുമതികളോടെയാണ് അവരുടെ വീടുകളിലേക്ക് എത്തിച്ചതെന്നും സൈന്യം ട്വീറ്റ് ചെയ്തു.