Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമിത് ഷാ ജനരക്ഷായാത്ര ഉപേക്ഷിച്ചത് സ്വയം രക്ഷിക്കാൻ; പിന്തുണച്ച് പാർട്ടി

jai-Amit-Shah

ന്യൂഡൽഹി ∙ ബിജെപി അധ്യക്ഷൻ അമിത് ഷാ പിണറായിയിലെ ‘ജനരക്ഷാ യാത്ര’ ഉപേക്ഷിച്ചു ഡൽഹിക്കു മടങ്ങിയതു മകൻ ജെയ് ഷായ്ക്ക് എതിരായ വാർത്തയിൽ നിന്നു സ്വയരക്ഷാ തന്ത്രം മെനയാൻ. ജെയ് ഷായുടെ കമ്പനിയുടെ അഭൂതപൂർവ വളർച്ചയെ കുറിച്ചു ‘ദ് വയർ’ വാർത്താ വെബ്സൈറ്റ് അന്വേഷണം നടത്തുന്നതായി അമിത് ഷായ്ക്കു വിവരം ലഭിച്ചിരുന്നു.

‘ദ് വയർ’ വെബ്സൈറ്റിൽ നിന്നു കഴിഞ്ഞയാഴ്ച ചോദ്യാവലി ലഭിച്ചപ്പോൾ ജെയ് ഷാ അപകടം മണത്തു. ഉടൻ തന്നെ പിതാവിനെ വിവരമറിയിച്ചു. ഇതേ തുടർന്നാണ് അമിത് ഷാ പിണറായിയിലെ പരിപാടി ഉപേക്ഷിച്ചു ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അരുൺ ജയ്റ്റ്ലി, രവിശങ്കർ പ്രസാദ്, പീയുഷ് ഗോയൽ എന്നിവരുമായി കൂടിയാലോചനകളിൽ മുഴുകിയത്.

ജെയ് ഷായ്ക്ക് സ്വകാര്യ നിയമോപദേശം നൽകാൻ അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്കു നിയമമന്ത്രി രവിശങ്കർ പ്രസാദ് ഉടൻ അനുമതി നൽകി. ചാർട്ടേഡ് അക്കൗണ്ടന്റായ കേന്ദ്രമന്ത്രി പീയുഷ് ഗോയൽ, ജെയ് ഷായുടെ കമ്പനി രേഖകൾ പരിശോധിച്ചു വാർത്തയെ പ്രതിരോധിക്കാനുള്ള തയാറെടുപ്പും നടത്തി. ജെയ് ഷായുടെ ബിസിനസ് വളർച്ചയിൽ നിയമവിരുദ്ധമായൊന്നും ഉണ്ടായില്ലെങ്കിലും അമിത് ഷായുടെ നേതൃപദവി വളർച്ചയ്ക്കു തണലായിട്ടില്ലേയെന്ന ധാർമിക ചോദ്യങ്ങൾക്കു മുന്നിൽ പീയുഷ് ഗോയലിന് ഉത്തരം മുട്ടിയെന്നു മാത്രം.

വാധ്‌ര വേറെ ജെയ് വേറെ

ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജെയ് ഷായുടെയും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകൻ റോബർട് വാധ്‌രയുടെയും ബിസിനസ് വളർച്ചകളെ താരതമ്യം ചെയ്യാനാകില്ലെന്നു കേന്ദ്രമന്ത്രി പീയുഷ് ഗോയൽ.

റോബർട് വാധ്‌ര – ഡിഎൽഎഫ് റിയൽ എസ്റ്റേറ്റ് ഇടപാടിൽ ഹരിയാനയിൽ അന്നത്തെ കോൺഗ്രസ് സർക്കാരിന്റെ വഴിവിട്ട സഹായമുണ്ടായിരുന്നു. ജെയ് ഷായ്ക്കു സർക്കാരിന്റെ ഭാഗത്തു നിന്ന് അത്തരത്തിലുള്ള സഹായമൊന്നും ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. പുതുസംരംഭകർക്ക് ആദ്യ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വൻതോതിലുള്ള വളർച്ച തുടർ വർഷങ്ങളിലുണ്ടാകുന്നതു സ്വാഭാവികമാണെന്നും ഗോയൽ ന്യായീകരിച്ചു.

പ്രത്യേകിച്ചു വരുമാനമൊന്നുമില്ലെങ്കിലും ചില നേതാക്കളുടെ മക്കൾ മാസങ്ങളോളം വിദേശവാസം നടത്തുന്നതിന്റെ സാമ്പത്തിക സ്രോതസുകളെ കുറിച്ചു മാധ്യമങ്ങൾ അന്വേഷിക്കുന്നില്ലെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ഗോയൽ ഒളിയമ്പുമെയ്തു.

കൈവിടില്ല അമിത് ഷായെ

അഴിമതിയുടെ കാര്യം വരുമ്പോൾ തനിക്കു ബന്ധുക്കളില്ലെന്നും അഴിമതിക്കാരെ വച്ചുപൊറുപ്പിക്കില്ലെന്നും നരേന്ദ്ര മോദി കഴിഞ്ഞ മാസം ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ പ്രഖ്യാപിച്ചെങ്കിലും അമിത് ഷായെ കൈവിടില്ല. ബിജെപി അധ്യക്ഷ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപുണ്ടായ ‘പൂർതി’ അഴിമതി ആരോപണത്തിൽ നിതിൻ ഗഡ്കരിക്കു നേരിട്ട സ്ഥാനഭ്രംശത്തിന്റെ ഭീഷണി തൽക്കാലം അമിത് ഷായ്ക്ക് ഇല്ലെന്നാണു മുതിർന്ന ദേശീയ നേതാക്കളുടെ വിലയിരുത്തൽ. അന്നു ഗഡ്കരിക്കെതിരെ വാളെടുത്ത അഡ്വാനി, യശ്വന്ത് സിൻഹ, റാം ജഠ്മലാനി എന്നിവർ പാർട്ടിയിൽ ഒതുക്കപ്പെട്ടു കഴിഞ്ഞു.