Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയ്ക്ക് ആദ്യ ലോകകപ്പ് ഗോളിന്റെ ആഹ്ലാദം; രണ്ടാം തോൽവിയുടെ കണ്ണീരും

india-celebrations ഗോൾ നേടിയ ഇന്ത്യൻ ടീമംഗങ്ങളുടെ ആഹ്ലാദം. ചിത്രം: ജെ.സുരേഷ്

ന്യൂഡൽഹി ∙ അണ്ടർ 17 ലോകകപ്പിലെ തുടർച്ചയായ രണ്ടാം തോൽവിയുടെ നിരാശയ്ക്കിടയിലും കുട്ടികളുടെ സ്വന്തം ’ചാച്ചാജി’യുടെ പേരിലുള്ള ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ചുണക്കുട്ടികൾ രാജ്യത്തിന്റെ അഭിമാന താരങ്ങളായി. കാൽപ്പന്തിന്റെ ആവേശം ആകാശം തൊട്ട പോരാട്ടത്തിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ കൊളംബിയയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോറ്റെങ്കിലും, ലോകകപ്പ് വേദിയിലെ ആദ്യ ഗോളിലൂടെ ഇന്ത്യ ചരിത്രമെഴുതി. ആവേശം ഉച്ചാസ്ഥിയിലെത്തിയ രണ്ടാം പകുതിയിലാണ് മൽസരത്തിലെ മൂന്നു ഗോളുകളും പിറന്നത്.

മണിപ്പൂരിലെ തൗബാലിൽനിന്നുള്ള ജീക്സൺ സിങ് തൗങ്ജാമാണ് മൽസരത്തിന്റെ 82–ാം മിനിറ്റിൽ ഇന്ത്യയുടെ ആദ്യ ലോകകപ്പ് ഗോൾ സ്വന്തം പേരിലെഴുതിയത്. മൽസരത്തിന്റെ രണ്ടാം പകുതിയിൽ കൊളംബിയയുടെ 11–ാം നമ്പർ താരം യുവാൻ പെനലോസ നേടിയ ഇരട്ടഗോളാണ് ആദ്യ ലോകകപ്പ് ഗോളിന്റെ ആനന്ദത്തിനിടയിലും ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം തോൽവി സമ്മാനിച്ചത്.

ആദ്യ മൽസരത്തിൽ ഘാനയോടു തോറ്റ കൊളംബിയ ഇന്ത്യയ്ക്കെതിരായ വിജയത്തിലൂടെ പ്രീക്വാർട്ടർ പ്രതീക്ഷ കാത്തു. അതേസമയം, രണ്ടാം തോൽവി വഴങ്ങിയ ഇന്ത്യയുടെ ലോകകപ്പ് സാധ്യതകൾ ഏതാണ്ട് അസ്തമിച്ചു. തുടർച്ചയായ രണ്ടാം മൽസരത്തിലും പോസ്റ്റിനു മുന്നിൽ കരുത്തുറ്റ കരങ്ങളുമായി നിലയുറപ്പിച്ച ഗോൾകീപ്പർ ധീരജ് സിങ്ങിന്റെ ധീരതയാണ് ഇന്ത്യയെ വൻ തോൽവിയിൽനിന്ന് രക്ഷിച്ചത്. പന്തു കൈവശം വയ്ക്കുന്നതിൽ പിന്നാക്കം പോയെങ്കിലും ആക്രമണ ഫുട്ബോളിന്റെ സുന്ദരനിമിഷങ്ങൾ സമ്മാനിച്ച യുവതാരങ്ങൾ, ഇന്ത്യയുടെ ഫുട്ബോൾ ഭാവിയിലേക്കുള്ള പ്രതീക്ഷയേറ്റുന്ന സൂചകങ്ങളായി. ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപ് മലയാളി താരം രാഹുലിന്റെ ഷോട്ട് പോസ്റ്റിൽത്തട്ടി തെറിച്ചത് മലയാളി ആരാധകർക്കും വേദനയായി.

ഭാഗ്യനിർഭാഗ്യങ്ങളുടെ മൽസരം

ഭാഗ്യവും നിർഭാഗ്യവും ഒരുപോലെ ഇന്ത്യയെ തൊട്ട മൽസരമായിരുന്നു ഇത്. ടൂർണമെന്റിൽ പ്രതീക്ഷ കാക്കാൻ വിജയം അനിവാര്യമാണെന്ന നിലയിൽ കളത്തിലിറങ്ങിയ ഇന്ത്യയും കൊളംബിയയും അതിനുതകുന്ന പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ മൽസരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ‘ഇന്ത്യൻ നെയ്മർ’ കോമൾ തട്ടാലിനെയും അനികേത് ജാദവിനെയും പകരക്കാരുടെ ബെഞ്ചിലിരുത്തിയാണ് ഇന്ത്യ തുടങ്ങിയത്. മലയാളി താരം കെ.പി. രാഹുൽ രണ്ടാം മൽസരത്തിലും ആദ്യ ഇലവനിൽ ഇടം നേടി.

india-lead

എതിരാളികളുടെ കടലാസിലെ ശക്തി കാര്യമാക്കാതെ തുടക്കം മുതലേ ആക്രമിച്ചു കളിച്ച ഇന്ത്യ, ആരാധകർക്ക് സമ്മാനിച്ചത് ആവേശത്തിന്റെ നിമിഷങ്ങൾ. സ്വന്തം മൈതാനത്ത് ഇന്ത്യ അപകടകാരികളാകുമെന്ന് മുൻകൂട്ടി കണ്ട് വേണ്ട പ്രതിരോധം ചമയ്ക്കുന്നതിൽ കൊളംബിയയും ശ്രദ്ധ ചെലുത്തി. 4–4–1–1 എന്ന ഫോർമേഷനിലാണ് ഇന്ത്യൻ പരിശീലകൻ നോര്‍ട്ടൻ ഡി മാറ്റോസ് ടീമിനെ അണിനിരത്തിയത്. സെൻട്രൽ ഡിഫൻസിൽ നമിത് ദേശ്പാണ്ഡെയും അന്‍വർ അലിയും, വിങ്ങുകളിൽ ബോറിസ്, സ്റ്റാലിൻ എന്നിവരും ഇന്ത്യയ്ക്കായി പ്രതിരോധം തീർത്തു. മുന്നേറ്റത്തിൽ റഹിം അലി കളിച്ചപ്പോൾ, തൊട്ടുപിന്നിൽ അഭിജിത് സർക്കാരെത്തി.

ആക്രമിച്ചു കയറി ഇന്ത്യ

എതിരാളികളുടെ ശക്തി കാര്യമാക്കാതെ ആക്രമിക്കുക – തുടക്കം മുതലേ ഇതായിരുന്നു ഇന്ത്യയുടെ തന്ത്രം. കൊളംബിയ പന്തു കൈവശം വച്ചു കളിക്കുന്നതിൽ ശ്രദ്ധ ചെലുത്തിയതോടെ ബോൾ പൊസഷനിൽ ഇന്ത്യ തുടക്കം മുതലേ പിന്നാക്കം പോയി. അതേസമയം, എതിർഗോള്‍മുഖം ആക്രമിക്കുന്ന കാര്യത്തിൽ അമാന്തമൊന്നും വരുത്തിയുമില്ല.

പോസ്റ്റിനു മുന്നിൽ തകർപ്പൻ സേവുകളുമായി നിറഞ്ഞുനിന്ന ധീരജ് സിങ്ങായിരുന്നു ആദ്യപകുതിയിലെ പ്രധാന താരം. പിന്തുണയുമായി പ്രതിരോധത്തിൽ അൻവർ അലിയും നിറഞ്ഞുനിന്നു. മൽസരത്തിനു 16 മിനിറ്റു മാത്രം പ്രായമുള്ളപ്പോൾ കൊളംബിയൻ പ്രതിരോധക്കാർക്കിടയിലൂടെ അഭിജിത് സർക്കാർ നടത്തിയ മുന്നേറ്റം ഗോളിലേക്കെത്താതെ പോയതു നിർഭാഗ്യം കൊണ്ടു മാത്രം. തൊട്ടു പിന്നാലെ കൊളംബിയയുടെ തകർപ്പൻ ഫ്രീകിക്ക് കുത്തിയകറ്റി ധീരജ് സിങ് രക്ഷകനായി.

india-lead

ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപ് മലയാളി താരം രാഹുലിന്റെ ഷോട്ട് പോസ്റ്റിൽത്തട്ടി തെറിച്ചതും നിർഭാഗ്യമായി. പരിശീലകൻ നോർട്ടൻ ഡ‍ി മാറ്റോസിന്റെ തന്ത്രങ്ങൾ ഫലിക്കുന്നതിന്റെ സൂചന നൽകുന്നതായിരുന്നു ആദ്യ പകുതി.

ഗോളുകൾ പെയ്തിറങ്ങിയ രണ്ടാം പകുതി

ആക്രമിച്ചു കയറുന്ന ഇന്ത്യയെ പ്രതിരോധിക്കാൻ കരുതലോടെയാണ് കൊളംബിയ രണ്ടാം പകുതിക്കിറങ്ങിയത്. ലൂയിസ് ലോപ്പസിനു പകരം ആർലി ഗോമസിനെ കളത്തിലിറക്കുകയും െചയ്തു. മൽസരത്തിനു 49 മിനിറ്റു മാത്രം പ്രായമുള്ളപ്പോൾ കൊളംബിയ ആദ്യ വെടി പൊട്ടിച്ചു. മധ്യവരയ്ക്കു സമീപത്തുനിന്നും ഗ്വിട്ടറസ് സെർന ഉയർത്തി നൽകിയ പന്തിന് ഗോളിലേക്ക് വഴികാട്ടി യുവാൻ പെനലോസയാണ് കൊളംബിയയ്ക്ക് ലീഡു സമ്മാനിച്ചത്.

ഗോൾ വീണിട്ടും പതറാതെ ആക്രമിച്ചു കയറുന്ന ഇന്ത്യൻ കുട്ടികൾ രസമുള്ള കാഴ്ചയായിരുന്നു. അതിനിടെ മലയാളി താരം കെ.പി. രാഹുൽ പോസ്റ്റിനു മുന്നിൽനിന്നു തൊടുത്ത ഹെഡർ പുറത്തേക്കു പോയി. ഇടയ്ക്ക് അഭിജിത് സർക്കാരിനെ പിൻവലിച്ച് അനികേത് ജാദവിനെയും പരുക്കേറ്റ ബോറിസ് സിങ്ങിനു പകരം നോംഗ്ദാബ നവോറത്തെയും ഇന്ത്യൻ കോച്ച് കളത്തിലിറക്കി. തൊട്ടുപിന്നാലെ ജീക്സൻ സിങ്ങിൽനിന്നു ലഭിച്ച പന്തുമായി നവോറം നടത്തിയ മുന്നേറ്റം കൊളംബിയൻ ഗോളിയുടെ കയ്യിൽത്തട്ടി അവസാനിച്ചു.

മൽസരം 80 മിനിറ്റു പിന്നിട്ടതിനു പിന്നാലെ കളിയിലെ സുവർണ നിമിഷമെത്തി. രണ്ടു മിനിറ്റിനിടെ വീണത് രണ്ടു ഗോളുകൾ. 82–ാം മിനിറ്റിൽ ഇന്ത്യയ്ക്ക് അനുകൂലമായി ലഭിച്ച കോർണർ കിക്ക് എടുത്തത് സെറ്റ് പീസ് വിദഗ്ധൻ സഞ്ജീവ് സ്റ്റാലിൻ. പന്ത് പോസ്റ്റിലേക്ക് താഴ്ന്നിറങ്ങുമ്പോൾ ഉയർന്നു ചാടിയ കൊളംബിയൻ പ്രതിരോധക്കാർക്കിടയിൽ അൽപം ഉയർന്ന് ഇന്ത്യയുടെ ജീക്സൻ സിങ്ങിന്റെ ശിരസ്. താഴ്ന്നു വന്ന പന്തിന് തകർപ്പനൊരു ഹെ‍ഡറിലൂടെ ജീക്സൻ ഗോളിലേക്ക് വഴികാട്ടുമ്പോൾ കൊളംബിയൻ ഗോളി നിസഹായനായിരുന്നു. ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ ഗോൾ! സ്കോർ 1–1.

ഇന്ത്യയുടെ സന്തോഷത്തിനു പക്ഷേ ഒരു മിനിറ്റിന്റെ പോലും ആയുസ്സുണ്ടായിരുന്നില്ല. ഗോളാവേശത്തിൽ മതിമറന്ന ഇന്ത്യയ്ക്ക് യുവാൻ പെനലോസയുടെ രണ്ടാം ഗോളിലൂടെ കൊളംബിയ മറുപടി നൽകി. ആദ്യ ലോകകപ്പ് ഗോളിന്റെ ആവേശത്തിലെത്തിയ ഇന്ത്യയ്ക്ക് ഒരു നിമിഷത്തെ അലസത വിനയായി. ലഭിച്ച അവസരം മുതലെടുത്ത യുവാൻ പെനലോസ കൊളംബിയയ്ക്ക് ലീഡു സമ്മാനിച്ചു. സ്കോർ 2–1. തിരിച്ചടിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ മുഴുവൻ സമയത്തും അഞ്ചു മിനിറ്റു നീണ്ട ഇഞ്ചുറി ടൈമിലും ഫലിക്കാതെ പോയതോടെ രണ്ടാം മൽസരത്തിലും നോർട്ടന്റെ കുട്ടികൾക്ക് തോൽവിയോടെ മടക്കം.

related stories