Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേങ്ങരയില്‍ ലീഗിന് മേല്‍കൈ ഉറപ്പ്; ഭൂരിപക്ഷം കൂട്ടാന്‍ ശ്രമം: കുഞ്ഞാലിക്കുട്ടി

pk-kunhalikutty-6

കേരള രാഷ്ട്രീയത്തിലെ പ്രധാന അധികാര കേന്ദ്രങ്ങളിലൊന്നാണു മുന്‍ മന്ത്രിയും ഇപ്പോള്‍ മലപ്പുറം എംപിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി. വേങ്ങരയിലും പരിസരപ്രദേശങ്ങളിലും അംശാധികാരി ആയിരുന്ന കുറ്റൂർ കൂളിപ്പിലാക്കൽ കുഞ്ഞീതു അധികാരിയുടെ വംശ പരമ്പരയിലാണു പി.കെ.കുഞ്ഞാലിക്കുട്ടി പിറന്നത്. ഊരകം, വേങ്ങര, കൊടുവായൂർ, പെരുവള്ളൂർ, പറപ്പൂർ എന്നിവിടങ്ങളിൽ അംശാധികാരി ആയിരുന്നു കുഞ്ഞീതു അധികാരി.

പൊതുജന സേവന പ്രവർത്തനങ്ങളിൽ പണ്ടുമുതലേ ഇഴുകിച്ചേർന്ന കുടുംബ വേരുകളാണ് അദ്ദേഹത്തിനുള്ളത്. അന്നു തുടങ്ങിയതാണു ലീഗിന്റെ ഹൈക്കമാന്‍ഡായ പാണക്കാട് തങ്ങള്‍ കുടുംബവുമായുള്ള ഉറ്റ സൗഹൃദം. പാണക്കാട് കൊടപ്പനയ്ക്കല്‍ തറവാടില്‍നിന്നു കാരാത്തോടുള്ള കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്കു ദൂരം മൂന്ന് കിലോമീറ്ററാണ്. പക്ഷേ, കുടുംബങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിനു ഈ ദൂരം തടസ്സമേയല്ല.

തളിപ്പറമ്പ് സര്‍ സയിദ് കോളജിലെ ബികോം പഠനത്തിനുശേഷം മലപ്പുറത്ത് ‘പാണ്ടി ടെക്സ്റ്റോറിയല്‍’ എന്ന പേരില്‍ ഒരുവര്‍ഷം ടെക്സ്റ്റൈല്‍ ബിസിനസ് നടത്തിയ ചരിത്രമുണ്ട് കുഞ്ഞാലിക്കുട്ടിക്ക്. പിന്നീട് 26–ാം വയസ്സില്‍ മലപ്പുറം നഗരസഭാ ചെയര്‍മാനായി. പിറ്റേ വര്‍ഷം എംഎല്‍എ. കുറച്ചുകാലം രണ്ടു പദവികളും ഒന്നിച്ചു വഹിച്ചു.

ഇപ്പോൾ, ഇ.അഹമ്മദിന്റെ നിര്യാണത്തെത്തുടര്‍ന്നു കുഞ്ഞാലിക്കുട്ടിക്കു ലോക്സഭയിലേക്കു പോകേണ്ടിവന്ന ഒഴിവിലാണു വേങ്ങരയില്‍ ഉപതിരഞ്ഞെടുപ്പു നടക്കുന്നത്. വേങ്ങരയിലെ തിരഞ്ഞെടുപ്പിനെക്കുറിച്ചു കുഞ്ഞാലിക്കുട്ടി മനസ്സു തുറക്കുന്നു.

∙ ലീഗിന്റെ ശക്തമായ മണ്ഡലമാണു വേങ്ങര. എന്താണ് തിരഞ്ഞെടുപ്പു വിലയിരുത്തല്‍?

ലീഗിന് 30,000 വോട്ടിന്റെ മേല്‍ക്കൈ ഉറപ്പാണ്. അതു വര്‍ധിപ്പിക്കാനുള്ള ശ്രമമാണു നടക്കുന്നത്. ഭൂരിപക്ഷം നിലനിര്‍ത്തും. കുറച്ചുകൂടി വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനമാണു നടക്കുന്നത്. അവസാന ഘട്ടമായപ്പോള്‍ ഭൂരിപക്ഷം നാല്‍പതിനായിരം എത്തിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടായിട്ടുണ്ട്. യുഡിഎഫിന് അവിടെ വലിയ വോട്ടുണ്ട്.

∙ ഭൂരിപക്ഷം മുന്‍പത്തെക്കാള്‍ വര്‍ധിക്കുമോ?

ഭൂരിപക്ഷം നിലനിര്‍ത്തും. ഇപ്പോഴത്തെ വിലയിരുത്തലനുസരിച്ച് ആഞ്ഞുപിടിച്ചാല്‍ കൂടുതല്‍ നേട്ടം ഉണ്ടാക്കാം.

KNA Khader കെ.എൻ.എ. ഖാദർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ (ഫയൽ ചിത്രം)

∙ ഭൂരിപക്ഷം നിലനിര്‍ത്തുമെന്നു പറയുന്നു. പക്ഷേ വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിയെപ്പോലെയാകുമോ കെ.എൻ.എ.ഖാദര്‍?

ഓരോരുത്തര്‍ക്കും ഓരോ കഴിവല്ലേ. പാര്‍ലമെന്റേറിയന്‍ എന്ന നിലയിലാണു കെ.എൻ.എ.ഖാദറിന്റെ കഴിവ്. എന്റേത് വേറൊരു രീതിയാണ്. അതുവച്ചിട്ട് ജനങ്ങള്‍ പല അഭിപ്രായങ്ങള്‍ പറയും.

∙ നിയമസഭയില്‍ മികച്ച പ്രകടനം നടത്തുന്നവര്‍ക്കു മണ്ഡലത്തില്‍ പ്രകടനം നടത്താന്‍ കഴിയുന്നില്ലെന്ന വിമര്‍ശനമുണ്ട്. കെ.എൻ.എ.ഖാദറിനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന ആരോപണവും ഇതാണ്?

അതെന്താണെന്നു വച്ചാല്‍ നിയമസഭാ പ്രവര്‍ത്തനത്തിന്റെ അര്‍ഥം മാറിയതാണ്. നിയമസഭയില്‍ നിയമ നിര്‍മാതാവാണ് എംഎല്‍എ. ഏതു പാര്‍ട്ടിയും ഒരു മിക്സിന് പ്രാധാന്യം കൊടുക്കണം. മണ്ഡലം നോക്കുന്നവര്‍മാത്രം അസംബ്ലിയില്‍ വന്നാല്‍ ശരിയാകില്ല. അതു ജനാധിപത്യത്തോടു ചെയ്യുന്ന മോശം പ്രവൃത്തിയാണ്. നിയമസഭയില്‍ വലിയ വായനശാലയുണ്ട്. ഓരോ കാര്യവും പഠിച്ചാണു സഭയില്‍ അവതരിപ്പിക്കേണ്ടത്. അതിനു സമയമെടുക്കും.

അധികാര വികേന്ദ്രീകരണം വന്നതോടെ എംഎല്‍എ മാത്രമല്ല, പഞ്ചായത്തും മുനിസിപ്പാലിറ്റിയുമൊക്കെ കാര്യങ്ങള്‍ നോക്കണം. പറഞ്ഞതില്‍ കുറച്ചു ശരിയുണ്ട്. ചിലര്‍ക്കു താല്‍പര്യം നിയമസഭയിലെ പ്രവര്‍ത്തനത്തിലാണ്. മറ്റു ചിലര്‍ക്കു മണ്ഡലത്തില്‍ കേന്ദ്രീകരിക്കാനായിരിക്കും താല്‍പര്യം. ഖാദര്‍ വള്ളിക്കുന്ന് എംഎല്‍എ ആയിരിക്കെ മണ്ഡലത്തില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. വേങ്ങരയിലും പ്രശ്നമില്ല. എംപിയെന്ന നിലയില്‍ ഞാന്‍ ഇവിടെ ഉണ്ടല്ലോ. ഞാന്‍കൂടി ശ്രദ്ധിക്കും.

∙ കുഞ്ഞാലിക്കുട്ടിക്കു വേങ്ങരയില്‍ വ്യവസായം കൊണ്ടുവരാന്‍ കഴിഞ്ഞില്ല എന്നാണ് എല്‍ഡിഎഫിന്റെ ആരോപണം ?

അത് അവര്‍ക്ക് അറിയാത്തതുകൊണ്ടാണ്. എജ്യുസിറ്റിക്കായി 250 ഏക്കറാണ് ഞാന്‍ മന്ത്രിയായിരിക്കെ ഏറ്റെടുത്തത്. ഞങ്ങളുടെ കുടുംബത്തിന്റെ ഭൂമിയും അതിലുണ്ട്. ഭൂപരിഷ്കരണം വന്നപ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതാണ്. ആ ഭൂമിയില്‍ യുഡിഎഫ് സര്‍ക്കാര്‍ എജ്യുസിറ്റി കൊണ്ടുവന്നു. മനോഹരമായ കോംപൗണ്ടാണത്. അവര്‍ പ്രചരിപ്പിക്കുന്നതിനുള്ള ഉത്തരം ഇതാണ്. അവിടെ നല്ല പരിശീലന കേന്ദ്രങ്ങളും ഐടിഐ പാസായി വരുന്നവര്‍ക്കു സ്കില്‍ പരിശീലനം നല്‍കുന്ന കേന്ദ്രങ്ങളും ഉണ്ട്. ഐടി കമ്പനികളും അവിടേക്കു വരും, എല്‍ഡിഎഫ് സര്‍ക്കാര്‍ നല്ല പ്രചാരണം നല്‍കട്ടെ.

എജ്യുസിറ്റി ശരിയായി വന്നപ്പോള്‍ ഭരണം മാറിയതാണ് പ്രശ്നമായത്. ഇല്ലെങ്കില്‍ കൂടുതല്‍ കമ്പനികളെ കൊണ്ടുവരാന്‍ കഴിയുമായിരുന്നു. അവിടെ സര്‍ക്കാര്‍ മേഖലയില്‍ ഒരു കാന്‍സര്‍ സെന്ററും പ്ലാന്‍ െചയ്തിരുന്നു. അതും ഇപ്പോള്‍ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുരടിപ്പാണു പ്രശ്നം. അത് ഞങ്ങളുടെ തലയില്‍വച്ചു കെട്ടാന്‍ നോക്കിയിട്ടു കാര്യമില്ല. തിരഞ്ഞെടുപ്പായതുകൊണ്ട് ആരോപണമായി പറയാമെന്നു മാത്രം.

∙ വേങ്ങരയിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ലീഗില്‍ തര്‍ക്കങ്ങളുള്ളതായി പ്രചാരണമുണ്ടായി. ലത്തീഫിനെയാണ് പരിഗണിച്ചിരുന്നതെന്നും പിന്നീട് അപ്രതീക്ഷിതമായി കെ.എൻ.എ.ഖാദര്‍ വന്നതിനുപിന്നില്‍ എന്തൊക്കെയോ രഹസ്യങ്ങളുണ്ടെന്നുമാണു എല്‍ഡിഎഫ് പ്രചാരണം?

KNA Khader കെ.എൻ.എ. ഖാദർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ (ഫയൽ ചിത്രം)

അത് മാധ്യമങ്ങള്‍ ഉണ്ടാക്കിയതാണ്. ഞങ്ങള്‍ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാന്‍ ഒറ്റ യോഗമേ കൂടിയിട്ടുള്ളൂ. മറ്റെല്ലാം ഉഹാപോഹങ്ങളാണ്. മനോരമ അത് കൃത്യമായി റിപ്പോര്‍ട്ടു ചെയ്തിരുന്നു. ബാക്കി കേള്‍ക്കുന്നതൊന്നും ശരിയല്ല.

∙ യുഡിഎഫിന്റെ ഒരു മുഖമായിരുന്നു താങ്കള്‍. ഡല്‍ഹിയിലേക്കു പോകേണ്ടിവന്നത് യുഡിഎഫിനെ ദുര്‍ബലമാക്കിയില്ലേ?

അതില്‍ കാര്യമില്ല. ആ സമയത്ത് ഇ.അഹമ്മദ് സാഹിബിന്റെ ഒഴിവാണ് വന്നത്. ഞാന്‍ തിരിച്ച് ഒരു ചോദ്യം ചോദിക്കട്ടെ, അഹമ്മദ് സാഹിബിന്റെ മണ്ഡലത്തില്‍ പിന്നെ വേറെയാരെയാണു നിര്‍ത്തേണ്ടത്. അങ്ങനെ ഒരു സ്ഥാനാര്‍ഥിയെ കണ്ടെത്തല്‍ പാര്‍ട്ടിക്ക് അത്ര എളുപ്പമായിരുന്നില്ല. അസംബ്ലി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ എളുപ്പമാണ്. മലപ്പുറം പോലുള്ള പ്രധാന സീറ്റില്‍ അതേ ഭൂരിപക്ഷം നിലനിര്‍ത്തേണ്ടതുണ്ട്. അങ്ങനെ വരുമ്പോള്‍ ദുര്‍ബലനായ ഒരു സ്ഥാനാര്‍ഥിയെ വയ്ക്കുന്നതു രാഷ്ട്രീയമായി ശരിയാകില്ല. അതുകൊണ്ടാണു ഞാന്‍ മത്സരിക്കണമെന്ന പാര്‍ട്ടി തീരുമാനം ഉണ്ടാകുന്നത്. പിന്നെ ബിജെപിക്ക് എതിരായി കേന്ദ്രത്തില്‍ ഒരു പ്രതിപക്ഷ ഐക്യം വരേണ്ട സമയമാണ്. ഞാന്‍ ഡല്‍ഹിയില്‍ പോയാല്‍ ഗുണം ഉണ്ടാകുമെന്നു പാര്‍ട്ടി ഉറച്ചു വിശ്വസിച്ചു.

∙ താങ്കളുടെ അസാന്നിധ്യം യുഡിഎഫിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്നാണോ?

എന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുമ്പോള്‍ത്തന്നെ തങ്ങള്‍ പറഞ്ഞു, യുഡിഎഫിന്റെ പ്രവര്‍ത്തനത്തില്‍ വിടവു വരാതെ ശ്രദ്ധിക്കും. വന്നിട്ടുമില്ല. ഞാന്‍ കൂടുതല്‍ സമയം ചെലവഴിച്ചതു കേരളത്തിലാണ്.

∙ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചു മുന്നണിയില്‍ത്തന്നെ വിമര്‍ശനം ഉണ്ട്. മദ്യനയം അടക്കമുള്ള വിഷയങ്ങളില്‍ ക്രിയാത്മകമായി പ്രതികരിക്കാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞില്ലെന്നാണു വിമര്‍ശനം?

ഇതിലൊക്കെ ഒരു സമയം ഉണ്ട്. സമയത്തു നടക്കേണ്ടതു നടക്കും. എല്‍ഡിഎഫ് ഭരണത്തിനെതിരെയുള്ള അസംതൃപ്തി വളര്‍ന്നു വരികയാണ്. അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. പ്രതിപക്ഷം അക്രമാസക്തമായതോ ബഹളമയമായതോ ആയ സമരം നടത്തിയില്ലെങ്കിലും കുഴപ്പമൊന്നുമില്ല. ജനാധിപത്യ രീതിയിലും ഗാന്ധിയന്‍ മാര്‍ഗത്തിലും സമരം നടത്തിയാലും നല്ല ഭൂരിപക്ഷം യുഡിഎഫിനു ലഭിക്കും. ആന്റണിയുടെ സമയത്ത് ഇതു തെളിയിച്ചിട്ടുണ്ട്.

പ്രതിപക്ഷത്ത് ആന്റണി ഒരു പരാജയമാണെന്ന പ്രചാരണം പാര്‍ട്ടിക്കുള്ളിലുണ്ടായി. എന്നാല്‍, പിന്നീട് ശക്തമായി തിരിച്ചുവന്നു. ഇപ്പോള്‍ ഭരണത്തിനെതിരായ വികാരം ഉണര്‍ന്നുവരികയാണ്. അത് ജനങ്ങളിലേക്കെത്തിക്കാന്‍ തക്ക സമയത്ത് യുഡിഎഫ് പരിപാടികള്‍ സംഘടിപ്പിക്കും. ഞാനും അതിലുണ്ടാകും. അതിനു ഞാന്‍ അസംബ്ലിയില്‍ മത്സരിക്കണമെന്നില്ലല്ലോ. മത്സരിക്കുന്നതും മത്സരിക്കാത്തതുമൊക്കെ പിന്നീടു തീരുമാനിക്കാം. ഇവിടുത്തെ രാഷ്ട്രീയത്തില്‍ ഞാന്‍ സജീവമായി നില്‍ക്കുന്നുണ്ട്. ഡല്‍ഹിയില്‍ പോയതുകൊണ്ട് കുഴപ്പങ്ങളൊന്നുമില്ല. മറിച്ചു ഗുണമുണ്ടായിട്ടുണ്ട്. യുപിഎയിലെ പതിനെട്ടു പാര്‍ട്ടികളുടെ യോഗം നിരന്തരം കൂടാനും ചര്‍ച്ച സജീവമാക്കാനും കഴിഞ്ഞു.

∙ സംസ്ഥാന രാഷ്ട്രീയത്തിലേക്കു തിരിച്ചുവരുമോ?

അത് പാര്‍ട്ടി തീരുമാനിക്കേണ്ട വിഷയമാണ്, അപ്പോള്‍ ചിന്തിച്ചാൽ മതി.

∙ പാണക്കാട് കുടുംബവുമായി അകല്‍ച്ചയുണ്ടെന്ന പ്രചാരണവും എതിരാളികള്‍ നടത്തുന്നുണ്ട്?

അസംബന്ധമാണ്. അതൊന്നും മറുപടി അര്‍ഹിക്കുന്നില്ല. ഞാനിവിടെ ഉണ്ടെങ്കില്‍ എന്നും അവിടെ പോകും. ഞങ്ങള്‍ ഒരു കുടുംബം പോലെയാണു കഴിയുന്നത്.