Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരിത്രത്തിലേക്ക് നട തുറന്ന് യദുകൃഷ്ണ; വളഞ്ഞവട്ടത്ത് വൻവരവേൽപ്

Yadhu-Krishna തിരുവല്ല വളഞ്ഞവട്ടം മണപ്പുറം ശിവക്ഷേത്രത്തിൽ ശാന്തിയായി നിയമനം ലഭിച്ച യദുകൃഷ്ണ, ചുമതലയേറ്റ ശേഷം മണി മുഴക്കി ക്ഷേത്ര ശ്രീകോവിലിലേക്കു കയറുന്നു. ചിത്രം: അരവിന്ദ് വേണുഗോപാൽ

തിരുവല്ല ∙ വളഞ്ഞവട്ടം മഹാദേവ ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്കു കയറും മുൻപ് യദുകൃഷ്ണ മുഴക്കിയത് മാറ്റത്തിന്റെ മണിനാദമായിരുന്നു. ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രത്തിൽ മേൽശാന്തിയായി നിയമനം ലഭിച്ച ആദ്യത്തെ പട്ടികജാതിക്കാരൻ ആയ തൃശൂർ കൊരട്ടി നാലുകെട്ടിൽ പുലികുന്നത്ത് യദുകൃഷ്ണയ്ക്കു ക്ഷേത്രത്തിൽ ചുമതലയേൽക്കാൻ എത്തിയപ്പോൾ ഇന്നലെ വിശ്വാസികൾ നൽകിയത് ഉജ്വല വരവേൽപ്. രാവിലെ പത്തോടെ ശ്രീകോവിലിൽ കയറിയ യദുകൃഷ്ണ അസി. ദേവസ്വം കമ്മിഷണർ എസ്.ആർ.സജിൻ, ഉപദേശക സമിതി സെക്രട്ടറി കെ.കെ.ശ്രീകുമാർ എന്നിവർ‌ക്കു തീർഥവും പ്രസാദവും നൽകി.

രാഹുകാലം അവസാനിച്ച് ഒൻപതു മണിക്കു ശേഷമാണു യദുകൃഷ്ണ വളഞ്ഞവട്ടത്തെത്തിയത്. അതിനാൽ രാവിലത്തെ പൂജകൾ നിലവിലുണ്ടായിരുന്ന താൽകാലികശാന്തി തന്നെയാണു നിർവഹിച്ചത്. ക്ഷേത്രപരിസരത്തു കരിമരുന്നു പ്രയോഗത്തോടെയാണു നാട്ടുകാർ പുതിയ ശാന്തിയെ സ്വീകരിച്ചത്. പൂർണകുംഭം നൽകി ക്ഷേത്രോപദേശക സമിതി സെക്രട്ടറി ഇരുപത്തിരണ്ടുകാരനായ പുതിയ ശാന്തിയുടെ പാദവന്ദനം നടത്തി. മാല ചാർത്തി ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പ്രഭാകരനും പാദവന്ദനം നടത്തി.

പമ്പ മണിമല ഹിന്ദുധർമ പരിഷത് ട്രഷറർ കെ.ജി.ഗോപിനാഥ പണിക്കർ, ക്ഷേത്ര പുനരുദ്ധാരണ സമിതി പ്രസിഡന്റ് ശാന്തകുമാർ അഴീക്കോട്ട് എന്നിവർ യദുകൃഷ്ണയെ പൊന്നാട ചാർത്തി. ഹിന്ദു ഐക്യവേദി താലൂക്ക് സമിതി ഭാരവാഹികളും എറണാകുളം ജില്ലാ, പറവൂർ താലൂക്ക് സമിതി ഭാരവാഹികളും ആർഎസ്എസ്, ഭാരതീയ വിചാരകേന്ദ്രം, ക്ഷേത്ര സംരക്ഷണ സമിതി വിശ്വഹിന്ദു പരിഷത് പ്രവർത്തകരും സ്വീകരണത്തിന് എത്തിയിരുന്നു. താന്ത്രികവിദ്യ അഭ്യസിക്കുന്ന വടക്കൻപറവൂർ മൂത്തകുന്നം ശ്രീഗുരുദേവ വൈദിക തന്ത്രവിദ്യാപീഠത്തിലെ ഗുരു കെ.കെ.അനിരുദ്ധൻ തന്ത്രിയോടൊപ്പമാണു യദുകൃഷ്ണ എത്തിയത്.

ദേഹശുദ്ധി വരുത്തി ശ്രീകോവിലിൽ കയറിയ യദുകൃഷ്ണയ്ക്കു നിലവിലെ ശാന്തി ക്ഷേത്ര മൂലമന്ത്രം ചെവിയിൽ ചൊല്ലിക്കൊടുത്തു. ശേഷം, ക്ഷേത്രത്തിലെ പൂജ ആവശ്യങ്ങൾക്കുള്ള പാത്രങ്ങളുടെയും മറ്റും കാര്യങ്ങൾ ചോദിച്ചു മനസിലാക്കി. ദേവസ്വം സബ് ഗ്രൂപ്പ് ഓഫിസർ വിശാഖ് എച്ച്.നായർക്കു നിയമന ഉത്തരവു കൈമാറിയാണു യദുകൃഷ്ണ ഹാജർ ബുക്കിൽ ഒപ്പു വച്ചത്. വൈകിട്ട് യദുകൃഷ്ണ തന്നെയാണു നട തുറന്നതും പൂജകൾ ചെയ്തതും.

മാറ്റത്തിന്റെ ശംഖൊലി മുഴക്കാൻ ദേവസ്വം ബോർ‍ഡ് തങ്ങളുടെ നാട് തന്നെ തിരഞ്ഞെടുത്തതിന്റെ ആഹ്ലാദത്തിൽ പ്രദേശവാസികൾ രാവിലെ മധുരവിതരണവും നടത്തിയിരുന്നു. വഞ്ചിപ്പാട്ടിന്റെ താളത്തോടെയാണു യദുകൃഷ്ണയെ നാട്ടുകാർ ശ്രീകോവിലിലേക്ക് ആനയിച്ചത്. തൃശൂർ കൊരട്ടിയിൽ നിന്ന് എത്തിയ യദുകൃഷ്ണയുടെ താമസം നിരണം തൃക്കപാലീശ്വരം ക്ഷേത്രം മേൽശാന്തി പ്രകാശ് നമ്പൂതിരിയോടൊപ്പമാണ്. ആലപ്പുഴ സ്വദേശിയായ അദ്ദേഹം താൻ‌ വാടകയ്ക്കു താമസിക്കുന്ന നിരണത്ത് യദുകൃഷ്ണയെയും കൂടെ താമസിപ്പിക്കാൻ തയാറാവുകയായിരുന്നു. 

എല്ലാം ഗുരുനാഥന്റെയും കാരണവന്മാരുടെയും അനുഗ്രഹമാണ്. ചരിത്രനിയോഗത്തിന്റെ ഭാഗമായത് സുകൃതമായി കാണുന്നു. എല്ലാ അംഗീകരാവും ഗുരുവിന്റെ പാദത്തിൽ സമർപ്പിക്കുന്നതായി യദുകൃഷ്ണ പറഞ്ഞു. ജാതി നോക്കിയല്ല തന്ത്രവിദ്യ അഭ്യസിപ്പിക്കുന്നത്. ഹൈന്ദവ വിശ്വാസികളായ ആർക്കും അഭ്യസിക്കാം. യദുകൃഷ്ണ ഏതു വിഭാഗത്തിൽപ്പെട്ട ആളാണെന്നൊന്നും അടുത്ത കാലം വരെ അറിയില്ലായിരുന്നു. അത് അറിയേണ്ട കാര്യവുമില്ലായിരുന്നു എന്നും കെ.കെ.അനിരുദ്ധൻ തന്ത്രി പറഞ്ഞു.

related stories