Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തര കൊറിയൻ പ്രതിരോധപ്പൂട്ടു പൊളിച്ച് ലിങ്കൻ, പൗളീഞ്ഞോ; ബ്രസീൽ പ്രീക്വാർട്ടറിൽ

Brazil North Korea ബ്രസീൽ – ഉത്തര കൊറിയ മൽസരത്തിൽനിന്ന്. ചിത്രം: ടോണി ഡൊമിനിക്.

കൊച്ചി∙ ആക്രമണവും പ്രതിരോധവും സമാസമം ചാലിച്ചു ബ്രസീലും ഉത്തര കൊറിയയും കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കാഴ്ചവച്ച കാൽപ്പന്തുകളിയുടെ സുന്ദരനിമിഷങ്ങൾക്കൊടുവിൽ വിജയമധുരം മഞ്ഞപ്പടയ്ക്ക്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണു ബ്രസീൽ ജയിച്ചു കയറിയത്. ഗോളൊഴിഞ്ഞുനിന്ന ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലായിരുന്നു ബ്രസീലിന്റെ ഗോളുകൾ. സ്പെയിനിനെതിരായ ആദ്യപോരാട്ടത്തിൽ ടീമിനു വിജയം സമ്മാനിച്ച ലിങ്കനും പൗളീഞ്ഞോയും ഇത്തവണയും ഗോൾനേട്ടം ആവർത്തിച്ചു. വിജയത്തോടെ രണ്ടു മൽസരങ്ങളിൽനിന്ന് ആറു പോയിന്റുമായി ബ്രസീൽ പ്രീക്വാർട്ടർ ബെർത്ത് ഉറപ്പിച്ചു. ലോകഫുട്ബോളിലെ വൻശക്തികളായ ബ്രസീലിന്റെ ആക്രമണ ഫുട്ബോളിന് അതിവിദഗ്ധമായി പ്രതിരോധം ചമച്ച ഉത്തര കൊറിയൻ താരങ്ങൾ കളം വിട്ടത് കൊച്ചിയിലെ കാണികളുടെ ഹൃദയം കവർന്ന്. തുടർച്ചയായ രണ്ടാം തോൽവി വഴങ്ങിയ ഉത്തരകൊറിയ പുറത്തേക്കുള്ള വഴി ഏതാണ്ട് ഉറപ്പിച്ചു.

ലോകരാജ്യങ്ങളുടെ സമ്മർദ്ദതന്ത്രങ്ങളെയും ഭീഷണികളെയും ഒറ്റയാൻ പോരാട്ടത്തിലൂടെ നേരിടുന്ന കിം ജോങ് ഉന്നിനെപ്പോലെയായിരുന്നു കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഉത്തര കൊറിയൻ കുട്ടിപ്പട. കളിയുടെ ആദ്യ മിനിറ്റു തൊട്ട് 90–ാം മിനിറ്റുവരെ അലകടലായെത്തിയ ബ്രസീലിന്റെ ആക്രമണങ്ങളെ അവരുടെ 11 താരങ്ങളും ചേർന്നു പ്രതിരോധിക്കുന്ന കാഴ്ച അതിസുന്ദരമായിരുന്നു. ലിങ്കനും പൗളീഞ്ഞോയും അലനും ബ്രണ്ണറും ഉൾപ്പെടെ ബ്രസീലിന്റെ കുട്ടിപ്പട്ടാളം ഗോളിനടുത്തെത്തിയപ്പോഴെല്ലാം സംഘടിതമായി പ്രതിരോധിച്ചാണ് ഉത്തര കൊറിയ പിടിച്ചുനിന്നത്. ഒഴുക്കുള്ള കളിയും വിദഗ്ധമായ നീക്കങ്ങളും ഗോളിലേക്കാത്താമായിരുന്ന മുന്നേറ്റങ്ങളും ബ്രസീലിന്റെ കളിയെ ചേതോഹരമാക്കിയെങ്കിലും ഗോളിനു മുന്നിൽ ഉത്തര കൊറിയൻ പ്രതിരോധം വിലങ്ങുതടിയായി. പ്രതിരോധനിരയ്ക്കു പിഴച്ചപ്പോൾ ഗോൾകീപ്പർ സിൻ തായി സോങ്ങും അല്ലാത്തപ്പോൾ ഭാഗ്യവും ഉത്തര കൊറിയയുടെ തുണയ്ക്കെത്തി.

താരതമ്യേന ദുർബലരായ ഉത്തര കൊറിയയും സാക്ഷാൽ ബ്രസീലും ഏറ്റുമുട്ടുന്ന മൽസരത്തിൽ ഗോൾമഴ പ്രതീക്ഷിച്ചെത്തിയ കാണികളെ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവച്ച ഉത്തര കൊറിയയുടെ പ്രതിരോധമായിരുന്നു മൽസരത്തിന്റെ ആദ്യപകുതിയിലെ ഹൈലൈറ്റ്. ആദ്യപകുതിയിൽ അധിക സമയവും പന്ത് ഉത്തര കൊറിയയുടെ പകുതിയിലായിരുന്നു. പ്രത്യേകിച്ച് ഉത്തര കൊറിയൻ ബോക്സിന്റെ ചുറ്റുവട്ടത്ത്. സംഘടിതമായെത്തിയ ബ്രസീലിന്റെ ആക്രമണങ്ങൾക്കു മുന്നിൽ അതിലും സംഘടിതമായ പ്രതിരോധം തീർത്ത് ഉത്തര കൊറിയ നിലയുറപ്പിക്കുന്ന നിമിഷങ്ങൾ സമ്മാനിച്ചത് സുന്ദരമായ ഫുട്ബോൾ കാഴ്ച. അസാധാരണമായി ഗോളൊഴിഞ്ഞുനിന്നിട്ടും പിൻവാങ്ങാതെ അനസ്യൂതം ആക്രമണം തുടർന്ന ബ്രസീൽ അർഹിക്കുന്ന ഗോളുകളെത്തിയതു രണ്ടാം പകുതിയിൽ. 56–ാം മിനിറ്റിൽ ലിങ്കൻ ഹെഡറിലൂടെയും 61–ാം മിനിറ്റിൽ പൗളീഞ്ഞോ തകർപ്പനൊരു ഗ്രൗണ്ടറിലൂടെയും ഉത്തര കൊറിയൻ വല ചലിപ്പിച്ചു.

Brazil Lead ബ്രസീൽ–ഉത്തര കൊറിയ മത്സരത്തിൽ നിന്ന്.ചിത്രം: റോബർട്ട് വിനോദ്

ഗോളുകൾ വന്ന വഴി

ഒന്നാം ഗോൾ: മൽസരത്തിന്റെ 56–ാം മിനിറ്റിൽ ലിങ്കണിലൂടെ ബ്രസീൽ ഉത്തര കൊറിയൻ പ്രതിരോധപ്പൂട്ടു പൊളിച്ചു. അതും ബോക്സിനു മുന്നിൽ ബ്രണ്ണറെ ഉത്തര കൊറിയൻ താരം വീഴ്ത്തിയതിനു ലഭിച്ച ഫ്രീകിക്കിലൂടെ. ബോക്സിനു തൊട്ടുപുറത്തുനിന്നുള്ള വേവേഴ്സന്റെ ഷോട്ട് ഉത്തര കൊറിയൻ പ്രതിരോധ മതിലിൽ തട്ടി തെറിച്ചു. ഉയർന്നുപൊങ്ങിയ പന്തിനു കണക്കാക്കി ചാടിയ ഫ്ലെമിങ്ങോ താരം ലിങ്കണു പിഴച്ചില്ല. ആറടി ഉയരക്കാരനായ ഉത്തര കൊറിയൻ ഗോളി സിൻ തായി സോങ്ങിനെ കബളിപ്പിച്ചു പന്ത് വലയിൽ. സ്റ്റേഡിയം പൊട്ടിത്തെറിച്ചു. സ്കോർ 1–0.

രണ്ടാം ഗോൾ: അഞ്ചു മിനിറ്റിനുള്ളിൽ ബ്രസീൽ ലീഡു വർധിപ്പിച്ചു. ഉത്തര കൊറിയൻ ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിന് ഒടുവിലായിരുന്നു രണ്ടാം ഗോളിന്റെ വരവ്. ബോക്സിനുള്ളിൽ പന്തു ലഭിച്ച ബ്രണ്ണർ അതുനേരെ പൗളീഞ്ഞോയ്ക്കു മറിച്ചു. ഉത്തര കൊറിയൻ പ്രതിരോധ താരങ്ങൾക്കിടയിലൂടെ ഉരുണ്ടെത്തിയ പന്തിൽ പൗളീഞ്ഞോയുടെ കാൽസ്പർശം. അതുവരെ പോസ്റ്റിനു മുന്നിൽ കോട്ടകെട്ടി നിന്ന സിൻ തായി സോങ്ങിനു വീണ്ടും പിഴച്ചു. പൗളീഞ്ഞോയുടെ നിലം പറ്റെയുള്ള ഷോട്ട് പോസ്റ്റിന്റെ വലതു മൂലയിൽ ചുംബിച്ചു. സ്കോർ 2–0.

Brazil Celebrations ബ്രസീൽ–ഉത്തര കൊറിയ മത്സരത്തിൽ നിന്ന്.ചിത്രം: റോബർട്ട് വിനോദ്

ആക്രമിച്ചു ബ്രസീൽ, പ്രതിരോധിച്ച് ഉത്തരകൊറിയ

ഉത്തര കൊറിയയുടെ ആക്രമണത്തോടെയാണ് മൽസരം തുടങ്ങിയതെങ്കിലും രണ്ടാം മിനിറ്റിൽത്തന്നെ ബ്രസീൽ യഥാർഥ ബ്രസീലായി. മധ്യനിരയിൽനിന്നു ലഭിച്ച പന്തുമായി ഉത്തര കൊറിയൻ താരങ്ങൾക്കിടയിലൂടെ കുതിച്ചുകയറിയ ബ്രണ്ണറും ലിങ്കണും ചേർന്നു തുടക്കത്തിലേ സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി. ബ്രണ്ണറിൽനിന്നു പന്തു സ്വീകരിച്ചു ലിങ്കൺ തൊടുത്ത ഷോട്ട് ഗോളാകാതെ പോയത് ഉത്തര കൊറിയയുടെ ഉയരക്കാരൻ ഗോൾകീപ്പർ സിൻ തായി സോങ്ങിന്റെ മികവു കൊണ്ടുമാത്രം. നാലാം മിനിറ്റിൽ വലതുവിങ്ങിലൂടെ കയറിയെത്തിയ വെസ്‌ലിയുടെ ക്രോസ് ഉത്തര കൊറിയൻ ബോക്സിനു പുറത്തുകൂടി വെളിയിലേക്ക്.

ബ്രസീൽ താരങ്ങളുടെ മുന്നേറ്റത്തിനിടെ വീണുകിട്ടുന്ന അപൂർവം അവസങ്ങളിൽ കൊച്ചുകൊച്ചു മുന്നേറ്റങ്ങളുമായി ഉത്തര കൊറിയയും സാന്നിധ്യമറിയിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അവയൊന്നും പക്ഷേ, കാര്യമായ അപകടഭീഷണി ഉയർത്തിയില്ല. എട്ടാം മിനിറ്റിൽ ബ്രസീലിന് അനുകൂലമായി ലഭിച്ച ഫ്രീകിക്കും അപകടരഹിതമായി അവസാനിച്ചു. 11–ാം മിനിറ്റിൽ ഗാലറിയിൽ അനക്കം തീർ‌ത്ത ഉത്തര കൊറിയയുടെ മുന്നേറ്റം ബ്രസീൽ പ്രതിരോധനിര ഒരുക്കിയ ഓഫ്സൈഡ് കെണിയിൽ കുടുങ്ങി അവസാനിച്ചു. 12–ാം മിനിറ്റിൽ അലനിൽനിന്നും ലഭിച്ച പന്തിൽ പൗളീഞ്ഞോ നടത്തിയ മികച്ചൊരു ഗോൾശ്രമം പോസ്റ്റിലുരുമ്മി പുറത്തുപോയി. 16–ാം മിനിറ്റിൽ ഉത്തര കൊറിയയുടെയും 18–ാം മിനിറ്റിൽ ബ്രസീലിലിന്റെയും മികച്ച രണ്ടു ഗോൾ ശ്രമങ്ങൾ ദുർബലമായി ഫിനിഷിങ്ങുകളിലൂടെ ഇരുഭാഗത്തെയും ഗോളികളുടെ കൈകളിൽ അവസാനിച്ചു.

ആദ്യ 20 മിനിറ്റിനിടെ പത്തോളം അവസരങ്ങളിലാണു ബ്രസീൽ ഗോളിനടുത്തെത്തിയത്. ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയായതോടെ സമനിലപ്പൂട്ടു പൊളിഞ്ഞില്ലെന്നു മാത്രം. കൃത്യമായ ഇടവേളകളിൽ ഉത്തര കൊറിയ നടത്തിയ ചില മിന്നിൽ നീക്കങ്ങളും ഗാലറികളെ ത്രസിപ്പിച്ചു. ഉത്തര കൊറിയൻ താരങ്ങളെ അവർ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അവരുടെ മിന്നിൽ നീക്കങ്ങളുടെയും മുനയൊടിച്ചത് ഫിനിഷിങ്ങിലെ പോരായ്മ തന്നെ. 76% ബോൾ പോസഷനും ഗോളിലേക്കു തൊടുത്ത പത്തോളം ഷോട്ടുകളും മൽസരത്തിൽ ബ്രസീൽ പുലർത്തിയ മേധാവിത്തത്തിനു തെളിവായിരുന്നു. ബ്രസീൽ താരങ്ങൾ 415 പാസുകൾ നൽകിയപ്പോൾ, ഉത്തര കൊറിയ ആദ്യപകുതിയിൽ നൽകിയത് 128 പാസുകൾ മാത്രം.

Brazil North Korea ബ്രസീൽ–ഉത്തര കൊറിയ മത്സരത്തിൽ നിന്ന്.ചിത്രം: റോബർട്ട് വിനോദ്

ചോദ്യങ്ങളുടെ ആദ്യപകുതി, ഉത്തരങ്ങളുടെ രണ്ടാം പകുതി

ആദ്യപകുതിയിൽ അതിവിദഗ്ധമായി ബ്രസീൽ താരങ്ങളുടെ മുന്നേറ്റങ്ങൾ പ്രതിരോധിച്ച ഉത്തര കൊറിയയ്ക്കു രണ്ടാം പകുതിയിൽ അതെത്രത്തോളം സാധിക്കുമെന്നതായിരുന്നു പ്രധാന ചോദ്യം. കളിയുടെ ആദ്യ മിനിറ്റുകളിൽ പതിവുപോലെ ഗോളിനടുത്തെത്തിയ ബ്രസീലിനെ ഇത്തവണയും ഗോൾഭാഗ്യം കൈവിട്ടു. 51–ാം മിനിറ്റിൽ ബോക്സിനുള്ളിൽനിന്നു ബ്രണ്ണർ തൊടുത്ത കരുത്തൻ ഷോട്ട് ഉത്തര കൊറിയൻ ഗോളി കുത്തിയകറ്റിയ കാഴ്ച ബ്രസീൽ ആരാധകരെ ഹതാശരാക്കി. ഇതിനു പിന്നാലെ തുടർച്ചയായി രണ്ടു കോർണർ വഴങ്ങിയാണ് ഉത്തര കൊറിയ അപകടമൊഴിവാക്കിയത്.

എന്നാൽ, 56–ാം മിനിറ്റിൽ ഒൻപതാം നമ്പർ താരം ലിങ്കണിലൂടെ ബ്രസീൽ ഉത്തര കൊറിയയുടെ പ്രതിരോധപ്പൂട്ടു തകർത്തു. അഞ്ചു മിനിറ്റിന്റെ ഇടവേളയിൽ പൗളീഞ്ഞോയിലൂടെ ബ്രസീൽ രണ്ടാം ഗോളും നേടിയതോടെ ഉത്തര കൊറിയയുടെ പ്രതിരോധം അയഞ്ഞു. ഇളകിത്തുടങ്ങിയ പ്രതിരോധം അടിച്ചുറപ്പിക്കുന്നതിനായി ഉത്തരകൊറിയൻ പരിശീലകൻ രണ്ടു മാറ്റങ്ങളും ടീമിൽ വരുത്തി. പിന്നാലെ ബ്രസീൽ നിരയിൽ പരുക്കിന്റെ ലാഞ്ചന കാട്ടിയ പൗളീഞ്ഞോയെ പിൻവലിച്ച പരിശീലകൻ പകരം നിയോഗിച്ചത് 18–ാം നമ്പർ താരം വിട്ടീഞ്ഞോയെ. കളത്തിലിറങ്ങിയതിനു പിന്നാലെ വിട്ടീഞ്ഞോ ഗോളിനടുത്തെത്തിയെങ്കിലും ചെറിയ വ്യത്യാസത്തിൽ പുറത്തേക്കു പോയി.

അഞ്ചു മിനിറ്റിന്റെ ഇടവേളയിൽ എത്തിയ രണ്ടു ഗോളുകൾ ഒഴിച്ചുനിർത്തിയാൽ ആദ്യപകുതിക്കു സമാനമായിരുന്നു മൽസരത്തിന്റെ രണ്ടാം പകുതിയും. ബ്രസീൽ ആക്രമിച്ചു കയറുകയും ഉത്തര കൊറിയ പ്രതിരോധിക്കുകയും ചെയ്യുന്നതു നിർബാധം തുടർന്നു. അതേസമയം, ഗാലറികളിൽ ആവേശം പടർത്തി ഉത്തര കൊറിയ കൂടുതൽ ഗോൾനീക്കങ്ങൾ സംഘടിപ്പിക്കുന്നതും രണ്ടാം പകുതിയിൽ കണ്ടു. അവസാന മിനിറ്റുകളിൽ വെസ്‌ലിക്കു പകരം റോഡ്രിഗോ നെസ്റ്ററും ലിങ്കനു പകരം യൂറി ആൽബർട്ടോയും ഇറങ്ങിയെങ്കിലും ഗോൾഭാഗ്യം അകന്നുതന്നെ നിന്നു. മൽസരത്തിന്റെ അവസാന നിമിഷങ്ങളിൽ ബ്രസീൽ മൂന്നാമതും വല ചലിപ്പിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചതോടെ രണ്ടു ഗോൾ വിജയവുമായി ബ്രസീലിനു മടക്കം. പൊരുതി കീഴടങ്ങിയെന്ന ആശ്വാസത്തിൽ ഉത്തരകൊറിയയും.

related stories