Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയിലിൽ പോയെങ്കിലും 40 വ്യാജ കമ്പനികളിലൂടെ ഗുർമീത് പണമെല്ലാം കടത്തി

Gurmeet Ram Rahim Singh

ചണ്ഡിഗഡ്∙ സാമൂഹ്യപ്രവർത്തനമാണെന്ന് പ്രചരിപ്പിച്ചു നിർമിച്ച സിനിമകളിലൂടെ ദേരാ സച്ച സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങും വളർത്തുമകൾ ഹണിപ്രീതും സ്വന്തം കീശയിലാക്കിയത് കോടിക്കണക്കിനു രൂപ. മാനഭംഗക്കേസിൽ 20 വർഷത്തെ തടവിനു ശിക്ഷിക്കും മുൻപ് ഗുർമീതും ഹണിപ്രീതും നികുതി വെട്ടിക്കാൻ നടത്തിയ കള്ളക്കളികളാണ് ഇപ്പോൾ പുറത്തുവരുന്നത്.

സ്വന്തം കമ്പനി നിർമിച്ച സിനിമകളുടെ പേരിലാണ് ഇരുവരും പണം ഈടാക്കിയത്. ഹകികാറ്റ് എന്റർടയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വന്തം കമ്പനിയാണ് ദേരാ സച്ച സൗദയ്ക്കുവേണ്ടി സിനിമകൾ നിർമിച്ചത്. എംഎസ്ജി (ദ് മെസഞ്ചർ ഓഫ് ഗോഡ്), എംഎസ്ജി 2 എന്നീ സിനിമകൾ സംവിധാനം ചെയ്തതിനും നായകനായി അഭിനയിച്ചതിനും ഗുർമീത് ഈടാക്കിയത് 6.43 കോടി രൂപ. 2015–16ൽ ചിത്രീകരിച്ച ഈ സിനിമകൾക്കായി പ്രവർത്തിച്ച ഹണിപ്രീത് ഇൻസാനും കൈപ്പറ്റി 60 ലക്ഷം. ലയൺ ഹാർട്ട് 1, ലയൺ ഹാർട്ട് 2, ജാട്ടു എൻജിനീയർ എന്നിവയടക്കം അഞ്ച് സിനിമകളാണ് ഹകികാറ്റ് പുറത്തിറക്കിയത്.

ഹകികാറ്റ് കമ്പനിയുടെ ഡയറക്ടർമാരും ഓഹരി ഉടമകളും ദേരായുടെ അനുയായികളാണ്. നഷ്ടത്തിൽ പ്രവർത്തിച്ചപ്പോഴും ഗുർമീതിന് കമ്പനി വലിയ തുക നൽകിയതാണ് സംശയമുണ്ടാക്കിയത്. ഹകികാറ്റിന്റെ ബാലൻസ് ഷീറ്റിൽ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കമ്പനി സെക്രട്ടറി രവി ഭൂഷൺ ദേശീയ മാധ്യമത്തോടു പറഞ്ഞു. ഓഹരി ഉടമകൾക്കു ലാഭവിഹിതവും കിട്ടിയിട്ടില്ല. എന്നാൽ ഗുർമീതിന് ആവശ്യത്തിലധികം പണം ഇവിടെനിന്നു കിട്ടിയിരുന്നു. ദേരായുടെ അനുയായികൾ‌ ആയതിനാലാണ് ആരും പരാതി കൊടുക്കാത്തത് എന്നും രവി പറഞ്ഞു.

ഗുർമീതിന് നാൽപതോളം കമ്പനികൾ

മൂന്നു ഡസനിലധികം കമ്പനികളാണ് ഗുർമീതിന് സ്വന്തമായി ഉണ്ടായിരുന്നത്. പല കമ്പനികൾ രൂപീകരിച്ചതും അതിലെ ഡയറക്ടറും ഇയാളായിരുന്നു. റിയൽ എസ്റ്റേറ്റ്, ഇമിഗ്രേഷൻ സർവീസ്, വിനോദ വ്യവസായം എന്നിങ്ങനെ വിപുലമായ ബിസിനസുകളാണ് കമ്പനികളിലൂടെ നടന്നിരുന്നത്.

Honeypreet

ഗുർമീതും മകൻ ജസ്മീത് ഇൻസാനും ആയിരുന്നു പോഷ് റിയൽ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ്, സാറ്റ് ഫ്രൂട്സ് ആൻഡ് റഫർ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ഡയറക്ടർമാർ. ഗ്ലോറിയസ് ഇമിഗ്രഷൻ കൺസൽട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഹകികാറ്റ് എന്റർടയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, എംഎസ്ജി ടെക് കമ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ്, എംഎസ്ജി ഇലക്ട്രിക് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവയാണ് മറ്റു പ്രമുഖ കമ്പനികൾ.

ഒരു വിലാസത്തിൽ ഡസനിലേറെ കമ്പനികൾ

ദേരാ ആശ്രമത്തിലെ സംഭാവന ഉൾപ്പെടെയുള്ള വരുമാനം ഗുർമീതും കുടുംബവും സ്വന്തമാക്കി മാറ്റിയെന്നാണ് കണ്ടെത്തൽ. ഡൽഹിയിലും മറ്റുമുള്ള കമ്പനികളുടെ മേൽവിലാസം പലതാണെങ്കിലും ഡയറക്ടർമാർ ഒരേയാളുകളാണ്. അവരെല്ലാം ദേരാ അനുയായികളുമാണ്. ഒരു വിലാസത്തിൽതന്നെ ഡസനിലേറെ കമ്പനികൾ റജിസ്റ്റർ ചെയ്തതും കണ്ടെത്തി.

ബിസിനസ് ചെയ്യാനല്ല, ആശ്രമത്തിലെ പണം കൈമാറ്റത്തിനുള്ള കേന്ദ്രങ്ങളായാണ് കമ്പനികളെ ഗുർമീത് ഉപയോഗിച്ചിരുന്നത്. ഇതിലൂടെ അന്വേഷണ സംഘങ്ങളെ കബളിപ്പിക്കാനും ഇയാൾക്കു സാധിച്ചു. ഇത്രയധികം സ്വത്തുള്ള ദേരാ സച്ച സൗദയുടെ സിർസയിലെ ആശ്രമത്തിൽ റെയ്ഡ് നടത്തിയപ്പോഴും ഗുർമീതിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചപ്പോഴും താരതമ്യേന ചെറിയ തുകകൾ മാത്രമേ പിടിച്ചെടുക്കാനായുള്ളൂ. വരുമാനമെല്ലാം പല പേരുകളിലുള്ള കമ്പനിയിലൂടെ ഇയാൾ സുരക്ഷിതമായി കടത്തിയിട്ടുണ്ടാകുമെന്നാണ് ഇപ്പോൾ അന്വേഷണ സംഘം കരുതുന്നത്.