Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസിന്റെ പ്രഥമവനിത ആര്? രാജ്യത്തെ ‘ടെൻഷനടിപ്പിച്ച്’ ട്രംപിന്റെ ഭാര്യമാർ‌

Trump Family യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഭാര്യ മെലാനിയ ട്രംപ്, മുൻ ഭാര്യ ഇവാന ട്രംപ് എന്നിവർ. (ഫയൽ ചിത്രം)

വാഷിങ്ടൻ∙ വീടു നന്നാക്കിയിട്ട് പോരേ നാട് നന്നാക്കാൻ ഇറങ്ങുന്നതെന്ന് നേരത്തേ കൂട്ടുകാർ ചോദിച്ചത് ഓർക്കുകയാവും ഇപ്പോൾ ട്രംപ്. വൈറ്റ് ഹൗസിൽ രാജ്യാന്തര കാര്യങ്ങളിൽ തലപുകയ്ക്കാൻതന്നെ നേരമില്ലാത്ത പ്രസിഡന്റ് ട്രംപിന് ഇപ്പോഴത്തെ തലവേദന ‘ചെറിയൊരു’ വീട്ടുകാര്യമാണ്. മൂന്നുവട്ടം വിവാഹിതനായ പ്രസിഡന്റിന്റെ ഭാര്യമാരിൽ ആരാണ് പ്രഥമവനിത എന്നതിനെച്ചൊല്ലി മുറുകിയ കലഹം എങ്ങനെ തീരുമെന്നു കാത്ത് ‘ടെൻഷനിടിച്ച്’ ഇരിക്കുകയാണ് അമേരിക്ക.

ഡോണൾഡ് ട്രംപിന്റെ ആദ്യഭാര്യ ഇവാനയും മൂന്നാംഭാര്യ മെലാനിയയും തമ്മിലാണു തർക്കം. കഴിഞ്ഞദിവസം പരസ്യമായി ഇവർ വാഗ്വാദത്തിലേർപ്പെട്ടത് അമേരിക്കക്കാർക്കു കൗതുകമുള്ള വാർത്തയായി. ‘റെയ്സിങ് ട്രംപ്’ എന്ന തന്റെ പുസ്തകത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് ഇവാന വിവാദത്തിന് തിരികൊളുത്തിയത്. ട്രംപുമായുള്ള നീണ്ട കാലത്തെ ദാമ്പത്യവും അതു തകരാനുണ്ടായ കാരണവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

Ivana Trump ഇവാന ട്രംപ്

‘ഗുഡ് മോണിങ് അമേരിക്ക’ എന്ന ടിവി പരിപാടിയിലാണ് ഇവാനയുടെ പ്രസ്താവനകൾ. ട്രംപിന്റെ ആദ്യ ഭാര്യ താനാണ്. അദ്ദേഹത്തിന്റെ മൂന്നു മക്കളുടെ അമ്മയുമാണ്. അപ്പോൾ താൻ തന്നെയാണ് പ്രഥമവനിത എന്നായിരുന്നു ഇവാനിയയുടെ വാക്കുകൾ. മെലാനിയയെ കുത്തിനോവിക്കാനും അവർ മറന്നില്ല. വൈറ്റ് ഹൗസിലേക്ക് കയറിച്ചെല്ലാന്‍ എന്തുകൊണ്ടും തനിക്ക് അർഹതയുണ്ട്. എന്നാല്‍ ഇപ്പോൾ അതിനു താത്പര്യമില്ല. മെലാനിയ അവിടെയുണ്ടല്ലോ. അവർക്ക് അസൂയ തോന്നിയാല്‍ കുറ്റം പറയാനാവില്ലല്ലോ. വാഷിങ്ടൻ തനിക്ക് ഇഷ്ടമില്ലാത്തതിനാൽ പ്രഥമവനിത എന്ന സ്ഥാനം മെലാനിയക്ക് തന്നെയിരിക്കട്ടെ. ഇപ്പോഴത്തെ ജീവിതവും സ്വാതന്ത്ര്യവും താന്‍ ആസ്വദിക്കുന്നതായും ഇവാന പറഞ്ഞു.

donald-trump-melania യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും.

ഇവാനയെ പിരിഞ്ഞതിനുശേഷം മാര്‍ലാ മേപ്പിള്‍സിനെയാണ് ട്രംപ് വിവാഹം ചെയ്തത്. എന്നാൽ ഇവരെക്കുറിച്ച് ഇവാന അധികം പരാമർശിച്ചില്ല. രണ്ടാം ബന്ധവും തകര്‍ന്നതോടെയാണു മോഡലായ മെലാനിയയെ ട്രംപ് വിവാഹം കഴിച്ചത്.

പുസ്തകം വിറ്റഴിക്കാനുള്ള വിലകുറഞ്ഞ വേലയാണ് ഇവാനയുടേതെന്നു മെലാനിയയുടെ വക്താവ് സ്റ്റെഫാനി ഗ്രിഷാം മറുപടി പറഞ്ഞു. വൈറ്റ് ഹൗസ് തന്റെ വീടായാണു മെലാനിയ കാണുന്നത്. വാഷിങ്ടണിലെ താമസം അവർ ഇഷ്ടപ്പെടുന്നു. പ്രഥമവനിത എന്ന സ്ഥാനത്തിൽ അഭിമാനിക്കുന്നു. പുസ്തകം വിൽക്കാനല്ല, കുട്ടികളെ സഹായിക്കാനാണ് തന്റെ സ്ഥാനത്തെ മെലാനിയ ഉപയോഗിക്കുന്നതെന്നും വക്താവ് വ്യക്തമാക്കി.

trump-family

വൈറ്റ് ഹൗസിലെ വീട്ടുകാര്യം രാജ്യത്തെ വലിയ ചർച്ചയായ സ്ഥിതിക്കു ട്രംപ് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. ഇല്ലെങ്കിൽ വിവാദം ഭരണത്തെത്തന്നെ മോശമായി ബാധിക്കുമെന്നു രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.