Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളം എല്ലാവർക്കും സുരക്ഷിതം; ഹിന്ദിയിലും ബംഗാളിയിലും ഡിജിപിയുടെ സന്ദേശം

DGP Lokanath Behera

തിരുവനന്തപുരം∙ കേരളത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ആശങ്കപ്പെടേണ്ടതില്ലെന്നും ഇവിടം എല്ലാവർക്കും സുരക്ഷിതമാണെന്നും വ്യക്തമാക്കി ഡിജിപി ലോക്നാഥ് ബെഹ്റ. ഇവിടെ ഒരു ആക്രമണവും ആർക്കെതിരെയും ഉണ്ടാകുന്നില്ല. തെറ്റായ പ്രചാരണങ്ങളിൽ ആരും കുടുങ്ങരുത്. ബോധവത്കരണത്തിനായി പൊലീസ് നേരിട്ടറിങ്ങുമെന്നും ബെഹ്റ വ്യക്തമാക്കി. ഹിന്ദിയിലും ബംഗാളിയിലും സംസാരിച്ച ഡിജിപി, ആക്രമണമുണ്ടാകില്ലെന്ന് ബംഗാളി തൊഴിലാളികൾക്കു ഉറപ്പുനൽകുകയും ചെയ്തു. ബംഗാളികൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ അസത്യപ്രചരണം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നു ഡിജിപി നേരത്തെ വ്യക്തമാക്കിയിരുന്നു.

കേരളത്തിൽ വ്യാപകമായി ഇതര സംസ്ഥാന തൊഴിലാളികൾക്കു നേരെ ആക്രമണം നടക്കുകയെന്ന വ്യാജ പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതര സംസ്ഥാന തൊഴിലാളികളെ ഭീതിപ്പെടുത്തും വിധം വിവിധ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വാട്സാപ്പ് ഉൾപ്പടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ ശബ്ദ സന്ദേശമായി വ്യാജ പ്രചരണം നടക്കുന്നതായാണ് കണ്ടെത്തൽ.

കേരളത്തിലെ ഹോട്ടലുകളിൽ ജോലി ചെയ്യുന്ന ബംഗാളികൾ വ്യാപകമായി ആക്രമണത്തിന് ഇരയാവുന്നുവെന്നാണു സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കോഴിക്കോട് മിഠായി തെരുവിലെ ഹോട്ടൽ ഉടമ പശ്ചിമബംഗാൾ സ്വദേശിയായ തൊഴിലാളിയെ അടിച്ചുകൊന്ന് കെട്ടിതൂക്കിയെന്ന ശബ്ദ സന്ദേശമാണ് വ്യാപകം. വാട്സാപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചാണ് പ്രചാരണം. ഉത്തരേന്ത്യയിലെ ആൾക്കൂട്ട കൊലപാതകങ്ങളുടേതടക്കമുള്ള ഫോട്ടോകൾ ഉപയോഗിച്ചാണ് ഇതര സംസ്ഥാന തൊഴിലാളികൾക്കിടയില്‍ ഭീതി പരത്തുന്നത്. ബംഗാളിലെ മി‍ഡ്നാപൂർ എന്ന സ്ഥലത്താണ് ഇത്തരത്തിലുള്ള സന്ദേശങ്ങൾ കൂടുതലും പ്രചരിക്കുന്നത്.

ഭീതിപരത്തുന്ന വിധത്തിലുള്ള നോട്ടിസ് വിതരണവും ഇവിടെ നടക്കുന്നുണ്ട്. കേരളത്തിൽ ജോലി ലഭിക്കാതിരുന്ന ഏതോ ഇതര സംസ്ഥാനക്കാരനാണ് ഇത്തരം സന്ദേശങ്ങൾക്കു പിന്നിലെന്നാണ് സംശയിക്കുന്നത്.

related stories