Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അക്രമമെന്ന് വ്യാജ പ്രചാരണം; കൂടുതൽ ഇതര സംസ്ഥാനക്കാർ കേരളം വിടുന്നു

Migrant-Worker

കോഴിക്കോട്∙ ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെ കേരളത്തിൽ അതിക്രമം നടക്കുന്നുവെന്ന പ്രചാരണം ശക്തമാകുന്നതിനിടെ കൂടുതൽ ബംഗാളികൾ സംസ്ഥാനം വിടുന്നു. കോഴിക്കോടിനു പുറമെ കൊല്ലം, എറണാകുളം എന്നിവിടങ്ങളിൽനിന്നു വ്യാപകമായി തൊഴിലാളികള്‍ സ്വദേശത്തേക്കു മടങ്ങുകയാണ്. ബംഗാളില്‍ വീടുകള്‍ തോറും നോട്ടിസ് വിതരണം ചെയ്യുന്നതായും തൊഴിലാളികള്‍ പറഞ്ഞു. തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ പലയിടത്തും ഹോട്ടലുകള്‍ പൂട്ടി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

അതിനിടെ, ബംഗാളികൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ അസത്യപ്രചരണം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നു ഡിജിപി ലോക്നാഥ് ബഹ്റ വ്യക്തമാക്കി. ഇതര സംസ്ഥാന തൊഴിലാളികളെ ഭീതിപ്പെടുത്തും വിധം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് വിവാദമായതോടെയാണ് ഇടപെടൽ. വാട്സാപ്പ് ഉൾപ്പടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ ശബ്ദ സന്ദേശമായി വ്യാജ പ്രചരണം നടക്കുന്നതായാണ് കണ്ടെത്തൽ. ഗൂഢലക്ഷ്യത്തോടെയുള്ള ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും നടപടി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, പശ്ചിമ ബംഗാൾ കേന്ദ്രീകരിച്ച് കേരളത്തിനെതിരെ നടക്കുന്ന വിദ്വേ··ഷ പ്രചാരണത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. കോഴിക്കോട് സൗത്ത് എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അതിനിടെ ബംഗാൾ സ്വദേശികളുടെ നേതൃത്വത്തിൽ കേരളം സുരക്ഷിതമാണെന്ന പ്രചാരണവും സമൂഹമാധ്യമങ്ങളിൽ ശക്തമാണ്. ഹോട്ടലുകളിൽ പണിയെടുക്കുന്ന ബംഗാൾ സ്വദേശികൾ തന്നെയാണ് പ്രചാരണത്തിനും നേതൃത്വം നൽകുന്നത്. അക്രമണത്തിനിരയാകുന്നുവെന്ന പ്രചാരണം തെറ്റാണെന്നും ഇപ്പോഴും കേരളത്തിൽ ജോലി ചെയ്യുന്നുവെന്നുമാണ് സന്ദേശങ്ങളിൽ ഉള്ളത്. ഹോട്ടൽ ഉടമകളുടെ പിന്തുണയോടെയാണ് പ്രചാരണം നടത്തുന്നത്.

സൈബർ സെല്ലിന്റെ സഹായത്തോടെ വ്യാജ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനാണു പൊലീസ് ശ്രമിക്കുന്നത്. പശ്ചിമ ബംഗാളിൽ ജോലി ചെയ്യുന്ന മുൻ കോഴിക്കോട് കലക്ടറുടെ സഹായത്തോടെ ബംഗാൾ സർക്കാരിനെ വിഷയത്തിൽ ഇടപെടീക്കാനുള്ള ശ്രമങ്ങൾ സജീവമാണ്.

related stories