Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗജന്യ ഇന്റർനെറ്റ്: ‘കെഫോണ്‍’ നടപ്പാക്കാൻ പ്രത്യേക കമ്പനി – മന്ത്രിസഭാ തീരുമാനം

government-of-kerala

തിരുവനന്തപുരം∙ പൊതുജനങ്ങള്‍ക്കു കുറഞ്ഞനിരക്കില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതിനും വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വേഗം കൂടിയ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുന്നതിനും ആവിഷ്കരിച്ച കേരളാ ഫൈബര്‍ ഓപ്റ്റിക് നെറ്റ്‌വര്‍ക്ക് (കെഫോണ്‍) പദ്ധതി നടപ്പാക്കുന്നതിന് ഒരു പ്രത്യേക കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കെഎസ്ഇബിയും കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും ചേര്‍ന്നു തുല്യ ഓഹരി പങ്കാളിത്തത്തോടെ സംയുക്ത കമ്പനി രൂപീകരിക്കാനാണു തീരുമാനം. വൈദ്യുതി ബോര്‍ഡിന്റെ വിതരണ സംവിധാനത്തിനു സമാന്തരമായി പുതിയ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല ഉണ്ടാക്കാനാണു പദ്ധതി. ഇതുവഴി 20 ലക്ഷം കുടുംബങ്ങള്‍ക്കു സൗജന്യമായി ഇന്റര്‍നെറ്റ് കണക്‌ഷന്‍ നല്‍കും. 1,028 കോടി രൂപയാണു പദ്ധതിയുടെ മൊത്തം ചെലവ്.

കെഎഎസ് കരട് ചട്ടങ്ങള്‍ അംഗീകരിച്ചു

കേരള അഡ്മിനിസ്റ്റ്രേറ്റീവ് സര്‍വീസിന്റെ കരട് സ്പെഷല്‍ റൂള്‍സിനു മന്ത്രിസഭ അംഗീകാരം നല്‍കി. തിരഞ്ഞെടുത്ത 29 വകുപ്പുകളിലെ രണ്ടാം ഗസ്റ്റഡ് തസ്തികകളുടെയും കോമണ്‍ കാറ്റഗറി തസ്തികകളുടെയും 10% നീക്കിവെച്ചുകൊണ്ടാണ് കെഎഎസ് രൂപീകരിക്കുന്നത്. സര്‍ക്കാര്‍ നയങ്ങളും പദ്ധതികളും ഫലപ്രദമായി നടപ്പാക്കുന്നതിനു കഴിവും അര്‍പ്പണബോധമുളളവരുമായ ഉദ്യോഗസ്ഥരുടെ രണ്ടാം നിര സൃഷ്ടിക്കുകയാണു ലക്ഷ്യം.

മൂന്നു ധാരകളിലൂടെയാണ് (stream) കെഎഎസിലേക്ക് ഉദ്യോഗസ്ഥരെ എടുക്കുന്നത്. (1) നേരിട്ടുളള നിയമനം: പ്രായപരിധി 32 വയസ്സും വിദ്യാഭ്യാസ യോഗ്യത സര്‍വകലാശാല ബിരുദവുമാണ്. (2) ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളിലെ സ്ഥിരം ജീവനക്കാരില്‍നിന്നു നേരിട്ടുളള നിയമനം: പ്രായപരിധി 40 വയസ്. യോഗ്യത സര്‍വകലാശാല ബിരുദം. (3) തിരഞ്ഞെടുത്ത 29 വകുപ്പുകളിലെ രണ്ടാം ഗസ്റ്റഡ് തസ്തികയിലുളളവരില്‍നിന്നും തുല്യമായ കോമണ്‍ കാറ്റഗറി തസ്തികയിലുളളവരില്‍നിന്നും മാറ്റം വഴിയുളള നിയമനം: പ്രായപരിധി 50 വയസ്സിനു താഴെ. അംഗീകരിച്ച കരട് സ്പെഷല്‍ റൂള്‍സ് സംബന്ധിച്ചു ജീവനക്കാരില്‍നിന്നും അവരുടെ സംഘടനകളില്‍നിന്നും അഭിപ്രായം തേടുന്നതാണ്. സ്പെഷല്‍ റൂള്‍സ് പിഎസ്‌സിയുടെ പരിഗണനയ്ക്ക് അയച്ചുകൊടുക്കാനും തീരുമാനിച്ചു.

ശമ്പള പരിഷ്കരണം

കേരള പട്ടികജാതി / പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനിലെ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ തീരുമാനിച്ചു.

എയ്ഡഡ് കോളേജുകള്‍

സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിനു കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ ശ്രീ സത്യസായി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് എന്ന പേരില്‍ എയ്ഡഡ് കോളേജ് അനുവദിക്കാന്‍ തീരുമാനിച്ചു.

ശ്രീ ശങ്കര ട്രസ്റ്റിനു കീഴില്‍ കിളിമാനൂരില്‍ ശ്രീ ശങ്കര കോളജ് എന്ന പേരില്‍ എയ്ഡഡ് കോളേജ് അനുവദിക്കാന്‍ തീരുമാനിച്ചു.

വനിതാ വികസന കോര്‍പറേഷനു വായ്പ

കേരള വനിതാ വികസന കോര്‍പ്പറേഷനു കേന്ദ്ര ഏജന്‍സികളില്‍നിന്നു വായ്പ ലഭിക്കുന്നതിന് 150 കോടി രൂപയുടെ ഗ്യാരണ്ടി നിബന്ധനകള്‍ക്കു വിധേയമായി നല്‍കാന്‍ തീരുമാനിച്ചു.

പുതിയ തസ്തികകള്‍

ലീഗല്‍ മെട്രോളജി വകുപ്പില്‍ 21 തസ്തികകള്‍ സൃഷ്ടിക്കാന്‍ അനുമതി നല്‍കി.

തിരുവനന്തപുരം എസ്എറ്റി ആശുപത്രിയില്‍ റീ-പ്രൊഡക്റ്റീവ് മെഡിസിന്‍ വിഭാഗത്തില്‍ പ്രഫസര്‍, അസോസിയേറ്റ് പ്രഫസര്‍, അസിസ്റ്റന്റ് പ്രഫസര്‍ എന്നീ കാറ്റഗറികളില്‍ ഓരോ തസ്തിക വീതം അനുവദിക്കാന്‍ തീരുമാനിച്ചു.

ആറ് എക്സൈസ് സര്‍ക്കിള്‍ ഓഫിസുകള്‍

ആറ് എക്സൈസ് സര്‍ക്കിള്‍ ഓഫിസുകള്‍ ആരംഭിക്കുന്നതിന് 84 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

പാലക്കാട്, വയനാട് ജില്ലകളിലെ ജനമൈത്രി എക്സൈസ് സ്ക്വാഡ് ഓഫിസുകളിലേക്ക് 10 വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍മാരുടെ തസ്തികകള്‍ അനുവദിക്കാന്‍ തീരുമാനിച്ചു.

വിഴിഞ്ഞം തുറമുഖം: നഷ്ടപരിഹാരം വര്‍ദ്ധിപ്പിച്ചു

വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതി വരുന്നതിനാല്‍ ജോലി നഷ്ടപ്പെടുന്ന കരമടി മത്സ്യതൊഴിലാളികള്‍ക്കും തൊഴിലാളി പെന്‍ഷനര്‍മാര്‍ക്കും നിര്‍ദേശിച്ച നഷ്ടപരിഹാരം വര്‍ദ്ധിപ്പിച്ചു നല്‍കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. കലക്ടര്‍ അധ്യക്ഷനായ ലൈവ്‌ലിഹുഡ് ഇംപാക്ട് അപ്രൈസല്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നഷ്ടപരിഹാരം വര്‍ധിപ്പിക്കുന്നത്. ഇതനുസരിച്ച് 8.2 കോടി രൂപ മൊത്തം നഷ്ടപരിഹാരമായി നല്‍കേണ്ടി വരും.

സി. ഉഷാകുമാരി ആയുര്‍വേദ ഡയറക്ടർ

സര്‍ക്കാര്‍ ആയുര്‍വേദ കോളേജുകളിലെ പ്രിന്‍സിപ്പൽമാരില്‍ ഏറ്റവും സീനിയറായ ഡോ. സി. ഉഷാകുമാരിയെ ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.