Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെളിവു ഹാജരാക്കണം, ഇല്ലെങ്കിൽ ഹാഫിസ് സയീദിനെ മോചിപ്പിക്കും: പാക്ക് കോടതി

FILES-PAKISTAN-INDIA-MUMBAI

ഇസ്‌ലാമാബാദ് ∙ വ്യക്തമായ തെളിവുകള്‍ ഹാജരാക്കാൻ പാക്ക് സർക്കാരിനു കഴിഞ്ഞില്ലെങ്കില്‍ മുംബൈ ഭീകരാക്രമണ സൂത്രധാരൻ ഹാഫിസ് സയീദിനെ മോചിപ്പിക്കുമെന്ന് ലാഹോർ ഹൈക്കോടതി. ജമ അത്തുദ്ദ അവ തലവനായ ഹാഫിസ് ജനുവരി 31 മുതൽ വീട്ടുതടങ്കലിലാണ്. മാധ്യമങ്ങളിലെ വാർത്തകളുടെ അടിസ്ഥാനത്തിൽ ഒരു പൗരനെ തടങ്കലിൽ വയ്ക്കാനാകില്ല. സർക്കാരിന്റെ പ്രവൃത്തികൾ കണ്ടാൽ പരാതിക്കാരനെതിരെ തെളിവില്ലെന്നതു വ്യക്തമാണ്. തെളിവു ഹാജരാക്കിയില്ലെങ്കിൽ അയാളെ വെറുതെ വിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പു നൽകി.

അതേസമയം, ഹാഫീസ് സയീദിന്റെ രാഷ്ട്രീയ പാർട്ടിയായ മില്ലി മുസ്‌ലിം ലീഗിന് (എംഎംഎൽ) തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകിയില്ല. ഭീകരസംഘടനയുമായി നിർദിഷ്ട രാഷ്ട്രീയ പാർട്ടിക്കു ബന്ധമുണ്ടെന്ന പാക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ വാദം അംഗീകരിച്ചാണു തീരുമാനം. 2014 ജൂണിലാണ് ജമ അത്തുദ്ദ അവയെ ഭീകരസംഘടനയായി യുഎസ് പ്രഖ്യാപിച്ചത്. ഹാഫീസ് സയീദിനെ കിട്ടാൻ ഒരു കോടി ഡോളർ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിവരങ്ങളെല്ലാം പാക്ക് ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജമ അത്തുദ്ദ അവ നിരോധിച്ച സാഹചര്യത്തിലാണ് പുതിയ പാർട്ടിക്കായി ഹാഫിസ് സയീദ് തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചത്.