Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോളർ കേസ് അന്വേഷണത്തിൽ വീഴ്ച: എസ്പിമാരടക്കം ആറുപേരെ സ്ഥലം മാറ്റി

kerala-police

തിരുവനന്തപുരം∙ സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സർക്കാർ നടപടി തുടങ്ങി. തിരുവനന്തപുരത്തു രണ്ട് എസ്പിമാരടക്കം ആറു പേരെ സ്ഥലം മാറ്റി. അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനാലാണ് നടപടി. ജി. അജിത്, റെജി ജേക്കബ് എന്നിവരാണ് സ്ഥലം മാറ്റിയ എസ്പിമാര്‍. ഡിവൈഎസ്പിമാരായ സുദര്‍ശനന്‍, ജയ്സണ്‍ ജോസഫ് എന്നിവരേയും സിഐ ബി. റോയി, എസ്ഐ ബിജുജോണ്‍ ജേക്കബ് എന്നിവരെയും സ്ഥലം മാറ്റിയിട്ടുണ്ട്.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ക്രിമിനൽ കുറ്റത്തിൽനിന്ന് രക്ഷിക്കാൻ ശ്രമിച്ചെന്ന കുറ്റംചുമത്തി പ്രത്യേക അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയെക്കൂടാതെ മന്ത്രിമാർ, സർക്കാർ ഉദ്യോഗസ്ഥർ, കേന്ദ്ര മന്ത്രിമാർ, എംഎൽഎമാർ, സോളർ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ കുറ്റകരമായ പങ്കിനെക്കുറിച്ച് പരിശോധിച്ചില്ലെന്ന കമ്മിഷന്റെ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണു നടപടി.

ഐജി: കെ.പത്മകുമാർ, ഡിവൈഎസ്പി: കെ.ഹരികൃഷ്ണൻ എന്നിവർക്കെതിരെ തെളിവ് നശിപ്പിച്ചതിനു കേസെടുക്കും. ക്രൈം ബ്രാഞ്ച് ഡിജിപി: എ.ഹേമചന്ദ്രൻ, ഐജി: കെ.പത്മകുമാർ എന്നിവരെയും സ്ഥലം മാറ്റിയിട്ടുണ്ട്. പൊലീസ് അസോസിയേഷൻ മുൻ ഭാരവാഹി ജി.ആർ.അജിത്തിനെതിരെ അച്ചടക്കരാഹിത്യത്തിനു നടപടിയെടുക്കണമെന്നു സോളർ കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. 20 ലക്ഷം രൂപ പ്രതികളിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ സംബന്ധിച്ച്, നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ, ജി.ആർ.അജിത്തിനെതിരെ വകുപ്പുതല നടപടിയെടുക്കും. അഴിമതി നിരോധന നിയമപ്രകാരം ക്രിമിനൽ കേസെടുത്ത് അന്വേഷിക്കും.