Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിയൽ എസ്റ്റേറ്റും ജിഎസ്ടി പരിധിയിൽ കൊണ്ടുവരുന്ന കാര്യം പരിഗണിക്കും: ജയ്റ്റ്‍ലി

Arun-Jaitley ഹാർവാഡ് സർവകലാശാലയിൽ പ്രഭാഷണം നടത്തുന്ന ധനകാര്യമന്ത്രി അരുൺ ജയ്റ്റ്‍ലി.

വാഷിങ്ടൻ ∙ രാജ്യത്ത് ഏറ്റവുമധികം പണമിടപാടും നികുതി വെട്ടിപ്പും നടക്കുന്ന മേഖലകളിലൊന്നായ റിയൽ എസ്റ്റേറ്റും ചരക്കു, സേവന നികുതിയുടെ (ജിഎസ്ടി) കീഴിൽ കൊണ്ടുവരുന്ന കാര്യം കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്ന് ധനകാര്യമന്ത്രി അരുൺ ജയ്റ്റ്‍ലി. യുഎസിലെ ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ പ്രസംഗിക്കുമ്പോഴാണ് ജയ്റ്റ്‍ലി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ നടപ്പാക്കിയ നികുതി പരിഷ്കാരങ്ങളെക്കുറിച്ചായിരുന്നു ജയ്റ്റ്‍ലിയുടെ പ്രസംഗം.

ജിഎസ്ടി കൗണ്‍സിലിന്റെ അടുത്ത യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും ജയ്റ്റ്‍ലി അറിയിച്ചു. അടുത്ത മാസം ഒൻപതിന് ഗുവാഹത്തിയിലാണ് ജിഎസ്ടി കൗൺസിലിന്റെ അടുത്ത യോഗം ചേരുന്നത്. ഒരാഴ്ച നീണ്ടു നിൽക്കുന്ന യുഎസ് പര്യടനത്തിനായി എത്തിയ ജയ്റ്റ്‍ലി, ഐഎംഎഫും ലോകബാങ്കും സംഘടിപ്പിക്കുന്ന വിവിധ സെമിനാറുകളിലും പങ്കെടുക്കുന്നുണ്ട്.

ഇന്ത്യയിൽ ഏറ്റവുമധികം പണമിടപാടും നികുതി വെട്ടിപ്പും നടക്കുന്ന മേഖലകളിലൊന്നാണ് റിയൽ എസ്റ്റേറ്റെങ്കിലും ഇതിപ്പോഴും ജിഎസ്ടിയുടെ പരിധിക്കു പുറത്താണ്. റിയൽ എസ്റ്റേറ്റ് ഇടപാടുകളെയും ജിഎസ്ടിക്കു കീഴിൽ കൊണ്ടുവരണമെന്ന ആവശ്യവുമായി വിവിധ സംസ്ഥാനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് മേഖല ജിഎസ്ടിയുടെ പരിധിയിൽ വരണമെന്നാണ് വ്യക്തിപരമായി തന്റെയും അഭിപ്രായമെന്ന് ജയ്റ്റ്‍ലി പറഞ്ഞു.

ജിഎസ്ടി കൗൺസിലിന്റെ അടുത്ത യോഗത്തിൽതന്നെ ഇക്കാര്യം പരിഗണിക്കാനാണ് നീക്കം. കുറഞ്ഞപക്ഷം ഇതേക്കുറിച്ച് ചർച്ചയെങ്കിലും നടത്തും. റിയൽ എസ്റ്റേറ്റ് മേഖല ജിഎസ്ടിക്കു കീഴിൽ കൊണ്ടുവരണോ എന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്കിടയിൽ രണ്ടുപക്ഷമുണ്ട്. അതുകൊണ്ടുതന്നെ ചർച്ചകളിലൂടെ തീരുമാനത്തിലെത്താമെന്നാണ് കരുതുന്നത് – ജയ്റ്റ്‍ലി പറഞ്ഞു.

വിവിധ ഇടപാടുകൾ നടത്തിയാലും ഏറ്റവുമൊടുവിൽ ഒറ്റ നികുതി മാത്രം അടച്ചാൽ മതിയെന്നതാണ് ഉപഭോക്താവിനെ സംബന്ധിച്ച് ഇതുകൊണ്ടുള്ള ഗുണം. ജിഎസ്ടിക്കു കീഴിൽ നികുതി അടയ്ക്കാതെ ഒഴിഞ്ഞുമാറാനാവില്ലെന്നത് നികുതി വെട്ടിപ്പു തടയാനും ഉപകരിക്കും – അദ്ദേഹം പറഞ്ഞു. കെട്ടിട നിർമാണം ഉൾപ്പെടെയുള്ളവ 12 ശതമാനം നികുതി അടയ്ക്കേണ്ടുന്ന ജിഎസ്ടി സ്ലാബിനു കീഴിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഭൂമി കൈമാറ്റം ഉൾപ്പെടെയുള്ള ഇപ്പോഴും ജിഎസ്ടി പരിധിക്കു പുറത്താണ്.

നോട്ട് അസാധുവാക്കൽ നടപടിയെ ന്യായീകരിച്ച് ജയ്റ്റ്‍ലി

കേന്ദ്ര സർക്കാരിന്റെ നോട്ട് അസാധുവാക്കൽ നടപടിയെ ഹാർവാഡിലെ പ്രസംഗത്തിൽ ജയ്റ്റ്‍ലി ന്യായീകരിച്ചു. ഇന്ത്യയെ കൂടുതൽ ‘നികുതി സൗഹൃദ’ രാജ്യമാക്കുന്നതിനുള്ള നീക്കത്തിന് അടിത്തറയിടാൻ നോട്ട് അസാധുവാക്കൽ നടപടി അനിവാര്യമായിരുന്നെന്ന് ജയ്റ്റ്‍ലി ചൂണ്ടിക്കാട്ടി. കറൻസി രഹിത ഇടപാടുകളിലുണ്ടായ വർധന ഉൾപ്പെടെയുള്ളവ ഈ നടപടിയുടെ അനന്തരഫലങ്ങളാണ്. ഇത്തരം വിഷയങ്ങൾ രാജ്യത്തിന്റെ ശ്രദ്ധയിലേക്കു കൊണ്ടുവരാനും ഈ നടപടികൊണ്ടു സാധിച്ചതായി അദ്ദേഹം അവകാശപ്പെട്ടു.

തീർത്തും മോശമായിരുന്ന ഇന്ത്യയുടെ നികുത സംവിധാനം പരിഷ്കരിക്കാനാണ് നോട്ട് അസാധുവാക്കൽ നടപടിയിലൂടെയും ജിഎസ്ടി നടപ്പാക്കിയ നീക്കത്തിലൂടെയും കേന്ദ്രസർക്കാർ ശ്രമിച്ചത്. ഇതിനു ചില ഹ്രസ്വകാല വെല്ലുവിളികളുണ്ടെന്നത് മറക്കുന്നില്ല. പക്ഷേ, ദീർഘകാലത്ത് ഇതുകൊണ്ടു രാജ്യത്തിനു ഗുണം മാത്രമേ ഉണ്ടാകൂ എന്നും ജയ്റ്റ്‍ലി വ്യക്തമാക്കി.