Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുസ്തകത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന ഭാഗങ്ങളെന്ന്; കാഞ്ച ഇളയ്യയ്ക്കെതിരെ കേസ്

kancha ilaiah

ഹൈദരാബാദ്∙ പ്രമുഖ ദലിത് ചിന്തകനും ഗ്രന്ഥകാരനുമായ കാഞ്ച ഇളയ്യയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഇളയ്യയുടെ പുതിയ പുസ്തകത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന ഭാഗങ്ങളുണ്ടെന്ന പരാതിയിന്മേലാണ് ഹൈദരാബാദ് പൊലീസ് കേസെടുത്തത്.

‘സാമാജിക സ്മഗ്ലരുലു കോമട്ടൊല്ലു’ എന്ന പുസ്തകത്തിൽ ആര്യ വൈശ്യ വിഭാഗത്തിനെതിരെ അപകീർത്തികരമായ പരാമർശങ്ങളുണ്ടെന്നാരോപിച്ച് അടുത്തിടെ അദ്ദേഹത്തിനു നേരെ ആക്രമണവും നടന്നിരുന്നു. എന്നാല്‍ വൈശ്യ വിഭാഗത്തിനു നേരെ മാത്രമല്ല മൊത്തം ഹിന്ദു സമൂഹത്തിന്റെയും വികാരത്തെ വ്രണപ്പെടുത്തുന്ന പരാമർശങ്ങളാണ് പുസ്തകത്തിലുള്ളതെന്ന് പരാതിയിൽ പറയുന്നു.

ദലിത് വികാരങ്ങളെ വ്രണപ്പെടുത്തുന്ന പരാമർശങ്ങളുമുണ്ടെന്നു കാണിച്ച് ഇരുപത്തിരണ്ടുകാരനായ വിദ്യാർഥിയാണ് കോടതിയെ സമീപിച്ചത്. കോടതിയുടെ നിർദേശ പ്രകാരമാണ് കേസെടുത്തതെന്ന് മൽകാജ്ഗിരി ഇൻസ്പെക്ടർ ജാനകി റെഡ്ഡി പറഞ്ഞു.

ജാതിയുടെയും മതത്തിന്റെ പേരിൽ സമൂഹത്തിൽ വിവിധ വിഭാഗങ്ങൾ തമ്മിൽ ശത്രുത വളർത്താൻ ശ്രമിച്ചു, വിശ്വാസങ്ങളെ വ്രണപ്പെടുത്തി മതവികാരം ആളിക്കത്തിക്കാൻ ശ്രമിച്ചു തുടങ്ങിയ വകുപ്പുകളിലാണ് കേസ്.  പട്ടികജാത–വർഗത്തിനെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള വകുപ്പു പ്രകാരവും കേസെടുത്തിട്ടുണ്ട്.

തെലങ്കാനയിലും ആന്ധ്രയിലും പലയിടത്തും കഴിഞ്ഞ മാസം മുതൽ ഇളയ്യക്കെതിരെ പ്രതിഷേധം നടക്കുകയാണ്. അദ്ദേഹം മാപ്പു പറയണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. വാറങ്കലിൽ സാംസ്കാരിക പരിപാടിയിൽ പങ്കെടുത്തു മടങ്ങുമ്പോൾ കഴിഞ്ഞ മാസം ഇളയ്യയുടെ കാറിനു നേരെ ആക്രമണവുമുണ്ടായി. വൈശ്യ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനു മുന്നിലേക്ക് ഇളയ്യ സഞ്ചരിച്ച കാർ എത്തുകയായിരുന്നു.

നാലു പേർ തന്റെ കാറിനു നേരെ കല്ലും ചെരിപ്പുമെറിയുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തതായി പിന്നീട് ഇദ്ദേഹം പൊലീസിൽ പരാതി നൽകി. പുസ്തകം പിൻവലിച്ചില്ലെങ്കിൽ നാവരിയുമെന്ന് സെപ്റ്റംബർ ആദ്യം ഭീഷണിയുണ്ടായിരുന്നു. ഇതിനെതിരെ ഉസ്മാനിയ യൂണിവേഴ്സിറ്റി പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്.

related stories