Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആണവ പരീക്ഷണം നിർത്തില്ല, യുദ്ധത്തിനു കോപ്പുകൂട്ടുന്നത് യുഎസ്: ഉത്തര കൊറിയ

Kim Jong Un

മോസ്കോ∙ എത്ര വലിയ നിബന്ധനകൾ കൊണ്ടുവന്നാലും ആണവായുധ പരീക്ഷണം ഒരുകാലത്തും നിർത്തില്ലെന്ന് ഉത്തര കൊറിയൻ വിദേശകാര്യമന്ത്രി. യുദ്ധകാഹളം ആദ്യം മുഴക്കിയത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ്. കലഹപ്രിയനും ബുദ്ധിഭ്രമവുള്ള ട്രംപ് യുഎന്നിൽ നടത്തിയ പ്രസ്താവനകളാണു യുദ്ധത്തിലേക്ക് അടുപ്പിക്കുന്നത്. ചർച്ചയ്ക്കു തങ്ങൾ തയാറല്ലെന്നും യുദ്ധത്തിലൂടെ മാത്രമേ കൂടുതൽ തീരുമാനങ്ങളിലേക്കെത്താൻ സാധിക്കൂയെന്നും മന്ത്രി റി യോങ് ഹോ പറഞ്ഞു.

ഉത്തര കൊറിയയിലെ സമാധാനവും സുരക്ഷയും നിലനിർത്തുന്നതിന് ആണവായുധങ്ങൾ അത്യാവശ്യമാണ്. കൊറിയൻ രാജ്യത്തിന്റെ നിലനിൽപ്പും വികസനവും ഇതിനെ ബന്ധപ്പെട്ടാണു കിടക്കുന്നതെന്നും റി പറഞ്ഞു. ഉത്തര കൊറിയയ്ക്കുമേൽ യുഎൻ ഉപരോധം ഏർപ്പെടുത്തിയത് അമേരിക്കയുടെ വിരോധത്തിന്റെ ഫലമാണ്. യുഎസിനൊപ്പം എത്തിച്ചേരുകയെന്ന ലക്ഷ്യത്തിലേക്ക് ഉത്തര കൊറിയ അടുത്തുകൊണ്ടിരിക്കുകയാണെന്നും റി വ്യക്തമാക്കി. റഷ്യൻ വാർത്താ ഏജൻസിയോടായിരുന്നു റിയുടെ പ്രതികരണം.

ലോകം ദുഷ്ടശക്തികളിൽനിന്നു വലിയ ഭീഷണിയാണു നേരിടുന്നതെന്നും ഇവരെ അമർച്ച ചെയ്യാൻ മുൻകൈ എടുക്കണമെന്നുമാണു യുഎന്നിലെ പ്രസംഗത്തിൽ ട്രംപ് ആവശ്യപ്പെട്ടത്. ഉത്തര കൊറിയ, ഇറാൻ എന്നീ രാജ്യങ്ങളാണു ലോകത്തിനു ഭീഷണി സൃഷ്ടിക്കുന്നത്. ആണവായുധങ്ങളുള്ള രാജ്യങ്ങളും ഭീകരരുമാണ് ലോകം നേരിടുന്ന വെല്ലുവിളി. ഭീഷണി തുടര്‍ന്നാല്‍ ഉത്തര കൊറിയയെ പൂർണമായും നശിപ്പിക്കും. ഉത്തര കൊറിയയുടെ ‘റോക്കറ്റ് മാൻ’ (കിം ജോങ് ഉൻ) ആത്മഹത്യാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.