Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിലവാരമില്ലാത്ത പകപോക്കലെന്ന് ചെന്നിത്തല; ഭയപ്പെടുത്താനാകില്ലെന്ന് ഉമ്മൻ ചാണ്ടി

Ramesh Chennithala, Oommen Chandy

ന്യൂഡൽഹി∙ സോളര്‍ കമ്മിഷൻ റിപ്പോർട്ട്‌‌‌‌‌ നിയമസഭയില്‍ വയ്ക്കുന്നതിനു മുന്‍പ് പുറത്തുവിട്ടത് ചട്ടലംഘനമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിന്റേത് നിലവാരമില്ലാത്ത പകപോക്കലാണ്. റിപ്പോര്‍ട്ട് യുഡിഎഫ് രാഷ്ട്രീയമായും നിയമപരമായും നേരിടും. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ നടപടി നിയമപരമായി നിലനില്‍ക്കില്ല. കോണ്‍ഗ്രസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസിനെ അപമാനിച്ച് ബിജെപിക്ക് ശക്തിപകരാനുള്ള ശ്രമമാണു നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. അതിനിടെ, സോളര്‍ കമ്മിഷൻ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ നടപടി ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് അവകാശലംഘനത്തിനു പരാതി നൽകി. മുതിർന്ന കോൺഗ്രസ് നേതാവും ഇരിക്കൂർ എംഎൽഎയുമായ കെ.സി. ജോസഫാണ് സ്പീക്കര്‍ക്കു പരാതി നല്‍കിയത്.

അതേസമയം, സർക്കാരും എൽഡിഎഫും ആക്ഷേപിക്കുന്ന വിധത്തിലുള്ള കുറ്റങ്ങളുടെ ഒരു ശതമാനത്തിനെങ്കിലും ഉത്തരവാദി താനാണെങ്കിൽ പിന്നെ പൊതു രംഗത്ത് നിൽക്കില്ലെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കരുനാഗപ്പള്ളി കോഴിക്കോട് കോൺഗ്രസ് 137–ാം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന് ഇന്ദിരാഗാന്ധി ജന്മ ശതാബ്ദി ആഘോഷ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഇപ്പറയുന്ന കുറ്റത്തിന്റെ നൂറിലൊന്ന് ഉത്തരവാദിത്തമെങ്കിലും തനിക്കാണെങ്കിൽ പൊതുപ്രവർത്തനരംഗത്ത് നിൽക്കാൻ അർഹനല്ലെന്നു വിശ്വസിക്കുന്ന ആളാണ് താൻ. ഇത്തരത്തിലുള്ള നടപടികൾ കാട്ടി യുഡിഎഫിനെയും കോൺഗ്രസിനേയും ബലഹീനമാക്കാമെന്നു കരുതേണ്ട. ഇതിനെ രാഷ്ട്രീയപരമായിട്ടല്ല, നിയമപരമായി നേരിടും. തെറ്റുചെയ്തിട്ടില്ലെന്ന ഉറച്ച വിശ്വാസം ഉള്ളതു കൊണ്ടാണ് നിയമപരമായി തന്നെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം താൽപര്യവും സർക്കാരിന്റെ താൽപര്യവും അനുസരിച്ച് മുഖ്യമന്ത്രി കുറെ കാര്യങ്ങൾ എടുത്തു പറഞ്ഞിരിക്കുകയാണ്. റിപ്പോർട്ടിലെ പല കാര്യങ്ങളും മറച്ചും വെച്ചിരിക്കുന്നു. കമ്മിഷൻ എൻക്വയറി ഓഫ് ആക്ട് അനുസരിച്ച് റിപ്പോർട്ട് വന്നാൽ പ്രധാനകാര്യങ്ങൾ മാധ്യമങ്ങൾക്ക് കൊടുക്കണം. ഒന്നേകാൽ കൊല്ലമായി ഒന്നും ചെയ്യാൻ സാധിക്കാത്ത സർക്കാർ ജനശ്രദ്ധ തിരിച്ചുവിടാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. റിപ്പോർട്ടിലെ പല കാര്യങ്ങളും മറച്ചു വെച്ചിരിക്കുകയാണ്. വിവരാവകാശ നിയമം അനുസരിച്ച് റിപ്പോർട്ടിന്റെ കോപ്പി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

അതേസമയം, സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ പകർപ്പിനായി അദ്ദേഹം ചീഫ് സെക്രട്ടറിക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിട്ടുണ്ട്. റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ഇപ്രകാരം ലഭിച്ചില്ലെങ്കിൽ കോടതി വഴി ലഭിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കാനാണു തീരുമാനം. സോളർ വിഷയവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നിയമ നടപടികളെക്കുറിച്ച് വിദഗ്ധ നിയമോപദേശം തേടാനാനുള്ള നീക്കവും കോൺഗ്രസ് ആരംഭിച്ചു.

സോളർ വിഷയത്തിൽ രാഷ്ട്രീയമായും നിയമപരമായും പ്രതിരോധം തീർക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം. ഇതിനായി സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ പൂർണ രൂപം വാങ്ങുക എന്നതാണ് കെപിസിസിയുടെ ആദ്യ ലക്ഷ്യം. നിയമപരമായും രാഷ്ട്രീയമായും നീങ്ങാൻ റിപ്പോർട്ട് ലഭിച്ചേ മതിയാകൂ. റിപ്പോർട്ട് നിയമസഭയിൽ വരുന്നതുവരെ കാത്തിരിക്കാനാവില്ലെന്ന നിലപാടിലാണ് കോൺഗ്രസ്.

അതേസമയം, റിപ്പോർട്ടിന്റെ പകർപ്പ് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കാതെ വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തിയ മുഖ്യമന്ത്രിയുടെ നടപടി കെട്ടിയിട്ടു തല്ലുന്നതിനു തുല്യമായിപ്പോയി എന്നാണ് ഒരു മുതിർന്ന നേതാവ് അഭിപ്രായപ്പെട്ടത്. കമ്മിഷന്റെ കണ്ടെത്തലുകളായി സർക്കാർ അവതരിപ്പിച്ചതു വെറും രാഷ്ട്രീയ ഭാഷ്യം മാത്രമാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

സ്ത്രീപീഡനക്കേസിനെ സംബന്ധിച്ചും അവ്യക്തതകളുണ്ട്. എഫ്ഐആർ റജിസ്റ്റർ ചെയ്തു തുടർനടപടികളുമായി മുന്നോട്ടുപോയാൽ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ചു വിവിധ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. മുൻമുഖ്യമന്ത്രിക്കെതിരെ സരിത ഉന്നയിച്ച ആരോപണം വാസ്തവ വിരുദ്ധമാണെന്ന നിലപാടാവും നേതൃത്വം സ്വീകരിക്കുക. പുനഃസംഘടന അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തിൽ ഇക്കാര്യങ്ങളെല്ലാം ഹൈക്കമാൻഡിനെ ബോധ്യപ്പെടുത്തുക എന്ന കടമ്പയും ആരോപണവിധേയർക്കു മുന്നിലുണ്ട്.