Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോളർ കമ്മിഷൻ റിപ്പോർട്ടിലെന്ത്? അറിയാനുള്ള അപേക്ഷകൾ ഏറുന്നു

Justice Shivarajan comission submits report സോളർ റിപ്പോർട്ട് ജസ്റ്റിസ് ജി.ശിവരാജൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു(ഫയൽ ചിത്രം)

തിരുവനന്തപുരം∙ സോളർ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് രഹസ്യരേഖയായി തുടരവേ, റിപ്പോർട്ടിലെ വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് സർക്കാരിനു ലഭിച്ചത് 15 അപേക്ഷകൾ. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾ കൂടുതലും ലഭിച്ചത് തപാലിലാണ്. ചിലത് ഓൺലൈനായും ലഭിച്ചു. വിവരാവകാശ പ്രവർത്തകരും മാധ്യമപ്രവർത്തകരും രാഷ്ട്രീയപ്രവർത്തകരുമെല്ലാം അപേക്ഷ നൽകിയവരുടെ കൂട്ടത്തിലുണ്ട്. 

റിപ്പോർട്ടിന്റെ പകർപ്പ് ലഭിക്കുന്നതിനായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ചീഫ് സെക്രട്ടറിയുടെ ഓഫിസിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിട്ടുണ്ട്. റിപ്പോർട്ടിലെ ചില ഭാഗങ്ങൾ മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പുറത്തുവിട്ടതോടെ വരും ദിവസങ്ങളിൽ‌ വിവരാവകാശ അപേക്ഷകളുടെ എണ്ണം വർധിക്കാനാണ് സാധ്യതയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

നിയമപരമായും രാഷ്ട്രീയപരമായും പ്രതിരോധം തീർക്കാൻ പ്രതിപക്ഷത്തിനും റിപ്പോർട്ടിന്റെ പകർപ്പ് എത്രയും വേഗം കിട്ടേണ്ടതുണ്ട്. വിവരാവകാശ നിയമപ്രകാരം അപേക്ഷ ലഭിച്ചാൽ 30 ദിവസത്തിനകം മറുപടി നൽകണം. എന്നാൽ, ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണിയുള്ള സാഹചര്യത്തിൽ 48 മണിക്കൂറിനകം വിവരങ്ങൾ കൈമാറണമെന്നാണ് ചട്ടം.

കമ്മിഷൻ റിപ്പോർട്ടുകൾ ലഭിക്കാൻ വിവരാവകാശ നിയമം ഉപയോഗിക്കേണ്ടിവരുന്നത് ആദ്യമായല്ല. മാറാട് അന്വേഷണ കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്നത് വിവരാവകാശ കമ്മിഷന്റെ ഇടപെടലോടെയാണ്. മാറാട് കമ്മിഷനെ നിയമിച്ചത് യുഡിഎഫ് സർക്കാരാണ്. റിപ്പോർട്ട് സമർപ്പിച്ചപ്പോൾ എൽഡിഎഫ് സർക്കാരാണ് അധികാരത്തിലുണ്ടായിരുന്നത്. റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയാറാകാത്തതിനെത്തുടർന്ന് അഡ്വ.ഡി.ബി.ബിനു വിവരാവകാശ കമ്മിഷനെ സമീപിച്ചു.

കമ്മിഷൻ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടെങ്കിലും സർക്കാർ തയാറായില്ല. ഒടുവിൽ ഹൈക്കോടതി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയും അഡീ. ഹോം സെക്രട്ടറിയിൽനിന്ന് 14,500 രൂപ പിഴ ഈടാക്കുകയും ചെയ്തു. ആറുമാസത്തിനകം റിപ്പോർട്ട് നിയമസഭയിൽ വയ്ക്കാത്തതിനാലും കമ്മിഷൻ രൂപീകരിച്ചത് നിയമസഭയിൽ വച്ചല്ലാത്തതിനാലും റിപ്പോർട്ടിന്റെ പകർപ്പ് ആർടിഐ വഴി നൽകാം എന്നായിരുന്നു കോടതി പറഞ്ഞത്.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫിസിലാണ് കമ്മിഷൻ റിപ്പോർട്ടുള്ളത്. നിയമസഭയിൽ റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ വിവരങ്ങൾ പുറത്തുപോകരുതെന്ന കർശന നിർദേശമാണ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്.

നിയമസഭ അവസാനമായി സമ്മേളിച്ചത് ഓഗസ്റ്റ് മാസത്തിലാണ്– ഓഗസ്റ്റ് 7 മുതൽ 24 വരെ. ആറുമാസത്തിനിടയിൽ നിയമസഭ ചേരേണ്ടതുള്ളതിനാൽ നവംബറിൽ സഭ സമ്മേളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത സമ്മേളനത്തിൽ റിപ്പോർട്ട് സമർപ്പിക്കുമോയെന്ന കാര്യത്തിൽ പക്ഷേ വ്യക്തതയില്ല.

നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതിനു മുൻപ് കുറ്റാരോപിതർക്കെതിരെ കേസന്വേഷണത്തിന് ഉത്തരവിട്ടതിൽ നിയമപരമായി തെറ്റില്ലെന്നു നിയമവിദഗ്ധർ പറയുന്നു. ‘അന്വേഷണ കമ്മിഷൻ നിയമത്തിലെ 3(4) വകുപ്പനുസരിച്ച് കമ്മിഷൻ റിപ്പോർട്ടും അതിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളും ആറുമാസത്തിനകം നിയമസഭയിൽ വയ്ക്കാൻ സർക്കാരിനു ബാധ്യതയുണ്ട്. സഭയിൽ വയ്ക്കുന്നതിനു മുൻപ് നടപടിയെടുക്കുന്നതിൽ തെറ്റില്ല’– അഡ്വ. കാളീശ്വരം രാജ് പറയുന്നു. 

പ്രാധാന്യമുള്ള വിഷയങ്ങളിൽ കമ്മിഷനുകളെ നിയമിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ടെന്ന് 1952ലെ അന്വേഷണ കമ്മിഷൻ നിയമം 3(1) വകുപ്പിൽ പറയുന്നുണ്ട്. അന്വേഷണ കമ്മിഷൻ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ എഫ്ഐ ആർ റജിസ്റ്റർ ചെയ്യുന്നതിന് തടസങ്ങളില്ലെന്നും നിയമവിദഗ്ധർ പറയുന്നു.

എന്നാൽ, കമ്മിഷൻ ഓഫ് എൻക്വയറീസ് ആക്ട് പ്രകാരം നിയോഗിക്കപെട്ട  134 കമ്മിഷനുകളുടെ റിപ്പോർട്ടുകൾ സഭയിൽ സമർപ്പിച്ചിട്ടുണ്ടെന്നും, റിപ്പോർട്ടിൻമേൽ സ്വീകരിക്കാൻ പോകുന്ന നടപടികൾ സഭയിൽ പറയാതെ പത്രസമ്മേളനത്തിൽ പ്രഖ്യാപിക്കുന്നത് അവകാശ ലംഘനമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.