Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോളർ കേസ്, ടിപി കേസ് ഒത്തുതീർപ്പാക്കിയതിന്റെ പ്രതിഫലമായി കണ്ടാൽമതി: ബൽറാം

vt-balram

പാലക്കാട്∙ കോൺഗ്രസ് ഒത്തുതീർപ്പ് രാഷ്ട്രീയം നിർത്തണമെന്ന് തൃത്താല എംഎൽഎ വി.ടി. ബൽറാം. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് നേരാംവണ്ണം അന്വേഷിക്കാതെ ഇടയ്ക്കുവച്ച് ഒത്തുതീർപ്പാക്കി. അതിനുകിട്ടിയ പ്രതിഫലമാണ് സോളർ കേസ് അന്വേഷണമെന്നും ബൽറാം സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ കുറിച്ചു. ഇനിയെങ്കിലും കോൺഗ്രസ് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കണം. തോമസ് ചാണ്ടി ഉൾപ്പെടെയുള്ള അഴിമതിക്കാർക്കെതിരെ രംഗത്തുവരണമെന്നും ബൽറാം കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

സിപിഎമ്മിന്റെയും പിണറായി വിജയന്റെയും ഹീനമായ രാഷ്ട്രീയ വേട്ടയാടലാണ്‌ ഇനിയും പ്രസിദ്ധപ്പെടുത്താത്ത സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്മേൽ കോൺഗ്രസ്‌ നേതാക്കൾക്കെതിരായ തിരക്കുപിടിച്ച നടപടികൾ. വിശ്വാസ്യതയുടെ തരിമ്പെങ്കിലും ഈ റിപ്പോർട്ടിനുണ്ടെന്ന് ഇപ്പോഴത്തെ സൂചനകൾ വച്ച്‌ അനുമാനിക്കാൻ കഴിയുന്നതല്ല.

ഏതായാലും കോൺഗ്രസ്‌ നേതാക്കളെ സംബന്ധിച്ച്‌ ടി.പി. ചന്ദ്രശേഖരൻ കൊലപാതകത്തിന്റെ പുറകിലെ ഗൂഡാലോചനക്കേസ്‌ നേരാംവണ്ണം അന്വേഷിച്ച്ു മുന്നോട്ടുകൊണ്ടുപോകാതെ ഇടയ്ക്കുവച്ച്‌ ഒത്തുതീർപ്പുണ്ടാക്കിയതിനു കിട്ടിയ പ്രതിഫലമായി കണക്കാക്കിയാൽ മതി. ഇനിയെങ്കിലും അഡ്‌ജസ്റ്റ്‌മെന്റ്‌ രാഷ്ട്രീയം അവസാനിപ്പിച്ചു തോമസ്‌ ചാണ്ടിയടക്കമുള്ള ഇപ്പോഴത്തെ കാട്ടുകള്ളൻ മന്ത്രിമാർക്കെതിരെ ശബ്ദമുയർത്താൻ കോൺഗ്രസ്‌ നേതാക്കന്മാർ തയാറാകണം.

'കോൺഗ്രസ്‌ മുക്ത്‌ ഭാരത്‌' എന്നതു ദേശീയതലത്തിലെ ആർഎസ്‌എസിന്റെ പ്രഖ്യാപിത മുദ്രാവാക്യമാണെങ്കിൽ "കോൺഗ്രസ്‌ മുക്ത കേരളം" എന്നതാണ്‌ ഇവിടത്തെ സിപിഎമ്മിന്റെ അപ്രഖ്യാപിത നയം. ആ ഗ്യാപ്പിൽ ബിജെപിയെ വിരുന്നൂട്ടി വളർത്തി സർവമേഖലകളിലും പരാജയപ്പെട്ട സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തെ വഴിതിരിച്ചുവിടാനാണ്‌‌ ഇന്നു കേരളം ഭരിക്കുന്നവർ ആഗ്രഹിക്കുന്നത്‌ എന്നു തിരിച്ചറിഞ്ഞു തിരിച്ചടിക്കാൻ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾക്കു കഴിയേണ്ടതുണ്ട്‌.