Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുനെസ്കോയുടെ ‘ഇസ്രയേൽ വിരുദ്ധ’ നിലപാട്; പിൻമാറ്റം പ്രഖ്യാപിച്ച് യുഎസ്

Donald Trump

വാഷിങ്ടൻ ∙ ഐക്യരാഷ്ട്ര സംഘടനയുടെ സാംസ്കാരിക വിഭാഗമായ യുനെസ്കോയിൽ (യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷനൽ, സയന്റിഫിക് ആൻഡ് കൾചറൽ ഓർഗനൈസേഷൻ) നിന്ന് യുഎസ് പിന്മാറിയതായി റിപ്പോർട്ട്. വിവിധ വാർത്താ ഏജൻസികളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പലസ്തീൻ വിഷയത്തിൽ യുനെസ്കോ പുലർത്തുന്ന ‘ഇസ്രയേൽ വിരുദ്ധത’യുടെ പേരിലാണ് പിൻമാറ്റം.

ഇക്കാര്യത്തിൽ യുഎസും യുനെസ്കോ നേതൃത്വവും തമ്മിൽ കടുത്ത അഭിപ്രായഭിന്നത നിലനിന്നിരുന്നു. പലസ്തീൻ വിഷയത്തിൽ യുനെസ്കോയുടെ നിലപാട് ഇസ്രയേൽ വിരുദ്ധമാണെന്ന പൊതുവികാരമാണ് യുഎസിനുള്ളത്. ഇതാണ് പിൻവാങ്ങലിലേക്കു നയിച്ചതെന്നു കരുതുന്നു. യുനെസ്കോയുടെ 58 അംഗ എക്സിക്യൂട്ടിവ് ബോർഡ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനായി വെള്ളിയാഴ്ച യോഗം ചേരാനിരിക്കെയാണ് യുഎസിന്റെ പിൻമാറ്റമെന്നതും ശ്രദ്ധേയമാണ്.

പലസ്തീനെ യുനെസ്കോയിൽ അംഗമാക്കാൻ അംഗരാജ്യങ്ങളിൽ ഭൂരിഭാഗവും വോട്ടിങ്ങിലൂടെ അനുമതി നൽകിയതിനെ തുടർന്ന് യുഎനെസ്കോയ്ക്ക് നൽകിയിരുന്ന സാമ്പത്തിക സഹായങ്ങൾ 2011ൽ യുഎസ് നിർത്തലാക്കിയിരുന്നു. അതേസമയം, യുനെസ്കോയുടെ പാരിസിലുള്ള ആസ്ഥാനത്തെ യുഎസ് ഓഫിസ് അടച്ചുപൂട്ടിയിരുന്നില്ല.

രാജ്യങ്ങള്‍ തമ്മിലുള്ള പ്രാദേശിക പ്രശ്നങ്ങളും ഫണ്ടിങ്ങിലെ അപര്യാപ്തതയും നിമിത്തം വലയുന്ന യുനെസ്കോയ്ക്ക് കനത്ത തിരിച്ചടിയാണ് യുഎസിന്റെ പിന്മാറ്റം. അംഗത്വത്തിൽനിന്ന് പിൻമാറിയെങ്കിലും യുനെസ്കോയിലെ പ്രത്യേക നിരീക്ഷക രാജ്യമായി തുടരുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ഹെതർ ന്യുയേർട്ട് വ്യക്തമാക്കി.

അതേസമയം, യുനെസ്കോയിൽനിന്നുള്ള യുഎസിന്റെ പിൻമാറ്റത്തിൽ ഖേദം പ്രകടിപ്പിച്ച സംഘടനയുടെ അധ്യക്ഷയായ ഐറീന ബൊക്കോവ രംഗത്തെത്തി. സംഘടനയുടെ ‘ബഹുമുഖ’ പ്രതിച്ഛായയ്ക്ക് യുഎസിന്റെ പിൻമാറ്റം മങ്ങലേൽപ്പിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.